അരൂര്‍: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽനിന്ന് രോഗിയുമായി കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് പോയ ആംബുലന്‍സ് ദേശീയപാതക്കരികിലെ കടയിലേക്ക് ഇടിച്ച് കയറി. ആംബുലന്‍സിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. തിങ്കളാഴ്ച രാവിലെ എട്ടോടെ അരൂര്‍ എസ്.എൻ നഗർ അരികിലുള്ള കടയിലേക്കാണ് ഇടിച്ചു കയറിയത്.
മുന്നില്‍പോയ വാഹനം പെട്ടന്ന് ബ്രേക്ക് ചെയ്തതിനെതുടര്‍ന്ന് വെട്ടിച്ചപ്പോഴാണ് ആംബുലന്‍സ് അപകടത്തില്‍പെട്ടതെന്ന് ഡ്രൈവര്‍ പറയുന്നു. ഈ സമയം മഴയും ഉണ്ടായിരുന്നു. രോഗിയെ മറ്റൊരു ആംബുലൻസിൽ കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി.
ആംബുലന്‍സ് ഡ്രൈവറടക്കം പരിക്കേറ്റ മറ്റ് രണ്ടുപേരെ എറണാകുളത്തെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. അഞ്ച് പേരാണ് ആംബുലന്‍സിലുണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.അരൂര്‍ എസ്.എന്‍. നഗര്‍ ബില്‍ഡിങ്ങിനോട് ചേര്‍ന്ന മറ്റൊരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാഷന്‍ ഫാബ്രിക്‌സ് എന്ന കടയുടെ മുന്‍ഭാഗത്തേക്കാണ് ആംബുലന്‍സ് ഇടിച്ച് കയറിയത്.
ഈ രണ്ട് കെട്ടിടങ്ങള്‍ക്കിടയില്‍ മൂന്നടി വീതിയുള്ള വഴിയാണ്. ആംബുലന്‍സിന്റെ ഇടതുഭാഗം ഈ വഴിയിലേക്ക് കയറിയാണ് നിന്നത്. വലതുഭാഗമാണ് കടക്ക് താങ്ങായി നിന്ന ഇരുമ്പ് കമ്പികള്‍ തകർന്നു. കടയുടെ ഈ ഭാഗത്തെ ചില്ലും കുഞ്ഞ് മതിലും, ആംബുലന്‍സിന്റെ മുന്‍ഭാഗത്തെ ചില്ലും തകര്‍ന്നു. പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.