ആറ്റുകാൽ കമ്യൂണിറ്റി ഹാൾ നിർമാണം: നഗരസഭക്ക് നിഷ്ഫലമായ ചെലവ് 69.38 ലക്ഷം രൂപയെന്ന് ഓഡിറ്റ് റിപ്പോർട്ട്

തിരുവനന്തപുരം: നഗരസഭയുടെ 2016- 2017 സാമ്പത്തിക വർഷം തുടങ്ങിയ "ആറ്റുകാൽ വാർഡിൽ ആറ്റുകാൽ കമ്യൂണിറ്റി ഹാൾ നിർമാണം"എന്ന പ്രോജക്റ്റ് ഉപേക്ഷിച്ചതിൽ നഷ്ടമായത് 69.38 ലക്ഷം രൂപയെന്ന് ഓഡിറ്റ് റിപ്പോർട്ട്. ആറ്റുകാൽ പബ്ലിക് ഹെൽത്ത് സെന്ററിന് സമീപം കമ്യൂണിറ്റി ഹാൾ നിർമിക്കുന്നതിന് കോർപറേഷൻ എഞ്ചീനിയർ നിർവഹന ഉദ്യോഗസ്ഥനായി വികസന ഫണ്ട് (ധനകാര്യ കമീഷൻ ഗ്രാന്റ്) 35 ലക്ഷം രൂപ അടങ്കൽ തുകയായി വകയിരുത്തി.

2017-18, 2018 -16 വർഷങ്ങളിലായി ഹാളിന്റെ താഴത്തെ നിലയുടെ സ്ട്രക്ച്ചർ വർക്ക് പൂർത്തീകരിച്ചു. തുടർന്ന് 2018-19, 2019-20, 2020-21 സാമ്പത്തിക വർഷങ്ങളിലായി കമ്യൂണിറ്റി ഹാൾ പുനരുദ്ധാരണം എന്ന പുതിയ പദ്ധതിക്ക് 60 ലക്ഷം രൂപയും വകയിരുത്തി.

ഹാളിന്റെ നിർമാണത്തിനും പുനരുദ്ധാരണത്തിനും രണ്ടു പദ്ധതികൾക്ക് വികസന ഫണ്ടിൽ (ധനകാര്യ കമീഷൻ ഗ്രാന്റ്) നിന്നും തനതു ഫണ്ടിൽ നിന്നുമായി ആകെ 69.38 ലക്ഷം രൂപ (നിർമാണത്തിന് 29.56 ലക്ഷം രൂപയും പുനരുദ്ധാരണത്തിന് 39.82 ലക്ഷം രൂപയും) ചെലവഴിച്ചു. എന്നിട്ടും നാളിതുവരെ ഹാൾ പൂർത്തീകരിച്ചിട്ടില്ലെന്നാണ് പരിശോധനയിൽ വ്യക്തമായത്. മൂന്ന് മീറ്റർ മാത്രം വഴി സൗകര്യമുള്ള സ്ഥലത്ത് ഇത്ര രൂപ ചിലവഴിച്ച കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കാൻ തിരുമാനിച്ചത് തിർത്തും നിരുത്തരവാദിത്തപരമായ സമീപനമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

 


ഹാളിന്റെ പുനരുദ്ധാരണ പദ്ധതിയിൽ നിലവിൽ ഉണ്ടായിരുന്ന ഒമ്പത് ഇനം പ്രവർത്തികളും റിവൈസ് എസ്റ്റിമേറ്റിലൂടെ കൂട്ടിച്ചേർത്ത ഏഴ് ഇനം പ്രവർത്തികളും ചെയ്യാതെ കരാറുകാരൻ ആർ. അനിൽകുമാർ രണ്ടാം പാർട്ട് ബിൽ സമർപ്പിച്ചു. നിർമാണം പൂർത്തിയാക്കിയെന്ന (കംപ്ളീഷൻ) സർട്ടിഫിക്കറ്റിന്റെ അഭാവത്തിൽ തന്നെ, ഫൈനൽ ബില്ലാക്കി കരാറുകാരന് തുക നൽകി നഗരസഭ ഉദ്യോഗസ്ഥർ പദ്ധതി അവസാനിപ്പിച്ചത് ക്രമവിരുദ്ധമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ഹാളിന്റെ പുനരുദ്ധാരണ പദ്ധതിയിൽ ഫൈനൽ ബില്ലായി നൽകാനുള്ള 4,98,759 രൂപ വികസന ഫണ്ട് (ധനകാര്യ കമീഷൻ ഗ്രാന്റ്) ലഭ്യമല്ലാത്തതിനാൽ തനത് ഫണ്ടിൽ നിന്നും നൽകിയ തുക 2021-22 ൽ പദ്ധതി സ്പിൽ ഓവർ ആയി തിരിച്ച് എടുത്തിട്ടുമില്ല. അതിനാൽ തനതു ഫണ്ടിൽ ഈ തുക അധിക ചിലവായിയെന്നാണ് കണക്ക്.

ഓഡിറ്റ് സംഘം നടത്തിയ സംയുക്ത ഭൗതിക പരിശോധനയിൽ കമ്യൂണിറ്റി ഹാൾ പണി പൂർത്തിയാക്കാത്ത രീതിയിൽ സ്ട്രക്ചർ വർക്ക് മാത്രമായി നഗരസഭയുടെ കെടുകാര്യസ്ഥതയുടെ സ്മാരകമായി നിലനിൽക്കുന്നു. സാമൂഹികവിരുദ്ധർ ഇത് കൈയടക്കിയിരിക്കുകയാണ്. നഗരസഭ ഉപേക്ഷിച്ച നിലയിലാണിത്. കെട്ടിടത്തിലേക്കുള്ള റോഡുകൾക്ക് വീതി മൂന്നു മീറ്ററോ അതിൽ കുറവോ ആണ്. നഗരസഭ ചെലവഴിച്ച് പണം പാഴായെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.  

Tags:    
News Summary - The audit report says that the municipal corporation lost Rs 69.38 lakh due to the abandonment of the construction of Attukal Community Hall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.