തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല കാമ്പസിൽ അപകീർത്തികരമായ ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശ പ്രകാരമെന്ന് രാജ്ഭവൻ. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പൊലീസ് പോസ്റ്ററുകൾ സ്ഥാപിച്ചെന്നും രാജ്ഭവൻ പുറത്തിറക്കിയ ഔദ്യോഗിക വാർത്താകുറിപ്പിൽ പറയുന്നു.
കാമ്പസിനുള്ളിൽ ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് പുറത്ത് കറുത്ത ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശമില്ലാതെ ഇത് സംഭവിക്കില്ല. സംസ്ഥാനത്ത് ഭരണഘടന സംവിധാനം തകർന്നതിന്‍റെ തുടക്കമാണിതെന്ന് ഗവർണർ കരുതുന്നു.
മുഖ്യമന്ത്രിയുടെ ബോധപൂർവമായ ഇത്തരം നടപടികൾ ഭരണഘടന സംവിധാനത്തിന്‍റെ തകർച്ചക്ക് ആക്കം കൂട്ടുന്നുവെന്നും വാർത്താകുറിപ്പിൽ രാജ്ഭവന്‍ ചൂണ്ടിക്കാട്ടുന്നു.
‘സംഘി ചാൻസലർ വാപ്പസ് ജാവോ’ എന്ന് കറുത്ത തുണിയിൽ എഴുതിയ ബാനറാണ് എസ്.എഫ്.ഐ കാലിക്കറ്റ് സർവകലാശാലയിൽ പ്രദർശിപ്പിച്ചിരുന്നത്. തനിക്കെതിരെ എസ്.എഫ്.ഐ ഉയർത്തിയ ബാനർ നീക്കം ചെയ്യാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് നേരിട്ട് എത്തിയിരുന്നു. സർവകലാശാല ഗസ്റ്റ്ഹൗസിന് മുമ്പിലെ ബാനർ നീക്കം ചെയ്യാൻ കർശന നിർദേശം നൽകിയ ഗവർണർ മലപ്പുറം എസ്.പിയോട് ക്ഷുഭിതനായി.
കോഴിക്കോട്ടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം സർവകലാശാലയിൽ തിരിച്ചെത്തിയപ്പോഴാണ് ഗവർണർ കാമ്പസിലെ ബാനർ കണ്ടത്. ഇതോടെ ഉടൻ നീക്കാൻ ഗവർണർ ഉദ്യോഗസ്ഥരോടും സർവകലാശാല അധികൃതരോടും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ബാനർ നീക്കാൻ താമസം വന്നതോടെ ഗസ്റ്റ് ഹൗസിൽ നിന്ന് ഗവർണർ നേരിട്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.