കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെയുള്ള കരിങ്കൊടി സമരം തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസിന്റെ സമരത്തെ അഭിവാദ്യം ചെയ്തല്ലാതെ പിണറായി വിജയന് നവകേരള സദസ്സിലേക്ക് ഒരു കിലോമീറ്റര്‍ പോലും മുന്നോട്ട് സഞ്ചരിക്കാനാവില്ലെന്നും രാഹുൽ വ്യക്തമാക്കി.
കേരളത്തില്‍ ഇനി യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധമില്ലാതെ നവകേരള ‘നരാധമ സദസ്സ്’ പൂര്‍ത്തീകരിക്കാനാകില്ലെന്നും യൂത്ത് കോൺഗ്രസ് കമീഷണർ ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പിണറായി കറങ്ങുന്ന കസേരയില്‍ ഇരിക്കുന്ന ആഡംബര അടിയന്തരാവസ്ഥയാണ്. ഭ്രാന്തിളകിയ പോലെയാണ് കേരളത്തിലെ പൊലീസും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തെരുവുകളില്‍ സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസുകാരോട് പെരുമാറുന്നത്. വംശവെറിയുടെ ഭാഗമായി അമേരിക്കയില്‍ കണ്ടതുപോലെയാണ് കെ.എസ്.യു പ്രവര്‍ത്തകരെ ഡി.സി.പി കഴുത്തുഞെരിച്ചത്.
മുഖ്യമന്ത്രിയുടെ കലാപാഹ്വാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇതുണ്ടായത്. മുഖ്യമന്ത്രിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്. ഡി.സി.പി കെ.ഇ. ബൈജുവിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. അതുമായി ബന്ധപ്പെട്ട നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.