കുവൈത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ വ്യോമസേന വിമാനത്തിൽ കൊച്ചിയിലെത്തിക്കും

കുവൈത്ത് സിറ്റി/തിരുവനന്തപുരം: കുവൈത്തിലെ മൻഗഫിൽ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാളെ കൊച്ചിയിലെത്തിക്കും. രാവിലെ 8.30ന് വ്യോമസേനയുടെ സി-130 സൂപ്പർ ഹെർക്കുലീസ് വിമാനത്തിലാണ് മൃതദേഹങ്ങൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിക്കുക. മുഖ്യമന്ത്രിയും മന്ത്രിമാരും മൃതദേഹങ്ങൾ ഏറ്റുവാങ്ങും. തുടർന്ന് പ്രത്യേക ആംബുലൻസുകളിൽ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകും.

അതിനിടെ, കുവൈത്തിലെ ദജീജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഫോറൻസിക് പരിശോധനകൾ പൂർത്തിയാക്കിയ ശേഷം എംബാം ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോകാനായി മൃതദേഹങ്ങൾ നേരിട്ട് വിമാനത്താവളത്തിൽ എത്തിക്കും. കേരളത്തിന്‍റെ പ്രതിനിധിയായി ആരോഗ്യ മന്ത്രി വീണ ജോർജ് കുവൈത്തിൽ എത്തും. രാത്രി 10.30നുള്ള വിമാനത്തിലാണ് മന്ത്രി യാത്ര തിരിക്കുക.

അതേസമയം, കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങുമായി കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹിയ കൂടിക്കാഴ്ച നടത്തി. ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതും പരിക്കേറ്റവരുടെ ചികിത്സ സംബന്ധിച്ചുമാണ് ചർച്ച നടത്തിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

പരിക്കേറ്റവരുടെ ചികിത്സ കുവൈത്തിൽ തന്നെ തുടരാനാണ് തീരുമാനം. അപകടത്തിൽ പരിക്കേറ്റ മുഴുവൻ ജീവനക്കാർക്കും ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പ്‌ വരുത്തിയതായും എൻ.ബി.ടി.സി മാനേജ്മെന്റ് അറിയിച്ചു.

തൊഴിലാളികളുടെ താമസ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 49 പേരിൽ 45 പേർ ഇന്ത്യക്കാരും നാലുപേർ ഫിലിപ്പീനികളുമാണ്. അപകടത്തിൽ 24 മലയാളികൾ മരിച്ചതായി നോർക്ക റൂട്ട്സ് അറിയിച്ചു. ഏഴ് മലയാളികൾ ഗുരുതരാവസ്ഥയിലാണ്. പ്രവാസി മലയാളി വ്യവസായി കെ.ജി. എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എൻ.ബി.ടി.സി കമ്പനിയുടെ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.

കോട്ടയം ചങ്ങനാശ്ശേരി ഇത്തിത്താനം കിഴക്കേടത്ത് പ്രദീപ്-ദീപ ദമ്പതികളുടെ മകന്‍ പി. ശ്രീഹരി (27), പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കൽ പരേതരായ ബാബു വർഗീസിന്‍റെയും കുഞ്ഞേലിയമ്മയുടെയും മകൻ ഷിബു വർഗീസ് (38), പത്തനംതിട്ട തി​രു​വ​ല്ല പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ൽ മേ​പ്രാ​ൽ മ​രോ​ട്ടി​മൂ​ട്ടി​ൽ ചി​റ​യി​ൽ വീ​ട്ടി​ൽ ഉ​മ്മ​ൻ-​റാ​ണി ദമ്പതികളുടെ മ​ക​ൻ ജോ​ബി എ​ന്ന തോ​മ​സ് സി. ​ഉ​മ്മ​ൻ​ (37), തിരുവല്ല പ്ലാംചുവട്ടിൽ കുടുംബാംഗവും ആലപ്പുഴ ചെങ്ങന്നൂർ പാണ്ടനാട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ മനക്കണ്ടത്തിൽ ഗീവർഗീസ് തോമസിന്റെ മകനുമായ മാത്യു തോമസ്​​​ (53)​, തിരുവനന്തപുരം നെടുമങ്ങാട്​ ഉഴമലയ്​ക്കൽ കുര്യാത്തി ലക്ഷം വീട് കോളനിയിൽ അരുൺ ബാബു (37),

മലപ്പുറം പുലാമന്തോൾ തിരുത്തിൽ താമസിക്കുന്ന മരക്കാടത്ത് പറമ്പിൽ വേലായുധ​​ന്റെ മകൻ ബാഹുലേയൻ (36), തിരൂർ കൂട്ടായി കോതപ്പറമ്പ് സ്വദേശി കുപ്പ​ന്റെ പുരക്കൽ നൂഹ് (42), തൃശൂർ ചാവക്കാട് തെക്കൻ പാലയൂരിൽ താമസിക്കുന്ന തിരുവല്ല തോപ്പിൽ തോമസ് ബാബുവിന്റെ മകൻ ബിനോയ് തോമസ് (44), കണ്ണൂർ ധർമടം കോർണേഷൻ ബേസിക് യു.പി സ്കൂളിന് സമീപം വാഴയിൽ വീട്ടിൽ പരേതനായ കൃഷ്ണന്റെയും ഹേമലതയുടെയും മകൻ വിശ്വാസ് കൃഷ്ണൻ (34), പെരിങ്ങോം വയക്കര കൂത്തൂര്‍ ലക്ഷ്മണന്റെയും പരേതയായ സി.വി. ഇന്ദിരയുടെയും മകൻ കൂത്തൂര്‍ നിതിന്‍ (27) എന്നിവരുടെ മരണം ബന്ധുക്കൾ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം ഒമ്പതു മലയാളികളുടെ മരണം സ്ഥിരീകരിച്ചിരുന്നു.

ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് വ്യാഴാഴ്ച കുവൈത്തിലെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു. മുബാറക് അൽ കബീർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഏഴ് ഇന്ത്യക്കാരെയും ജാബിർ ആശുപത്രിയിലുള്ള ആറു പേരെയും അദ്ദേഹം കണ്ടു. കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ്, വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്‍യ എന്നിവരുമായി കീർത്തി വർധൻ സിങ് കൂടിക്കാഴ്ച നടത്തി.

പരിക്കേറ്റവർക്ക് വൈദ്യസഹായം, മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ എന്നിവയിൽ ഇരുവരും പൂർണ പിന്തുണ ഉറപ്പുനൽകി. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതും പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുന്നതും അടക്കമുള്ള ഏകോപനങ്ങള്‍ക്ക് കീർത്തി വർധൻ സിങ് നേതൃത്വം നല്‍കിവരുകയാണ്.

Tags:    
News Summary - The bodies of the Malayalees who died in Kuwait Fire Tragedy will be brought to Kochi tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.