ഒട്ടകം രാജേഷ്​

ഒട്ടകം രാജേഷിനെ കണ്ടെത്താൻ സഹായകമായത്​ ബസ്​ കണ്ടക്​ടർ എടുത്തുനൽകിയ ചിത്രം, പിടികൂടിയത്​ പാതിരാത്രി

പോത്തൻകോട്: പോത്തൻകോട് കല്ലൂർ കൊലപാതകം കേസിലെ മുഖ്യപ്രതിയായ ഒട്ടകം രാജേഷ് എന്ന രാജേഷിനെ​ (33) പിടികൂടാൻ സഹായകമായത്​ കെ.എസ്​.ആർ.ടി.സി ബസ്​ കണ്ടക്​ടർ ഫോ​ട്ടോയെടുത്ത്​ നൽകിയത്​. ഗുണ്ടാസംഘം യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നേരിട്ട് പങ്കെടുത്ത മുഖ്യ സൂത്രധാരനും കേസിലെ രണ്ടാം പ്രതിയുമാണ്​ രാജേഷ്​. കൊലപാതകം നടന്ന് പത്താം ദിവസമാണ്​ ഇയാൾ അറസ്റ്റിലായത്.

തമിഴ്നാട്ടിലെ പളനിയിൽനിന്ന് തിരുവനന്തപുരത്തേക്ക് കെ.എസ്.ആർ.ടി.സി ബസിൽ വരുമ്പോൾ കൊല്ലത്ത് വെച്ചാണ് അന്വഷണ സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇതോടെ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായി. ഡിസംബർ 11ന് നടന്ന കൊലപാതകത്തിന് ശേഷം 11 അംഗ സംഘം പല വഴിക്ക് രക്ഷപ്പെടുകയായിരുന്നു.

പ്രധാന പ്രതികളായ ഒട്ടകം രാജേഷ്, സുധീഷ് ഉണ്ണി, മുട്ടായി ശ്യം എന്നിവർ നാഗർകോവിലിലേക്കാണ് രക്ഷപ്പെട്ട് എത്തിയത്. തുടർന്ന് വെമ്പായം ചാത്തൻമ്പാട് വെച്ച് ഉണ്ണി, ശ്യാം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിനിടയിൽ തന്ത്രപൂർവം പൊലീസിന്‍റെയും കൂട്ടാളികളുടെയും കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ട ഒട്ടകം രാജേഷ് ഓട്ടോയിൽ വെഞ്ഞാറമൂട്ടിൽ എത്തി അവിടെനിന്ന് ബസ് മാർഗം പളനിയിലേക്ക് എത്തുകയായിരുന്നു.

പളനിയിൽ എത്തിയശേഷം പളനി സ്വദേശിയുടെ മൊബൈൽ വാങ്ങി നാട്ടിലെ ഒരു സുഹൃത്തിനെ വിളിച്ച് പണം സംഘടിപ്പിച്ച് നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇയാൾ വിവരം പൊലീസിനെ അറിയിച്ചു. രാജേഷ് പളനിയിൽ ഉണ്ടെന്ന് അറിഞ്ഞ പൊലീസ് സംഘം അവിടേക്ക് തിരിച്ചു. എന്നാൽ, പൊലീസ് പിറകെയുണ്ടെന്ന് അറിഞ്ഞ രാജേഷ് പളനിയിൽ നിന്ന് എറണാകുളത്തെത്തി. തുടർന്ന് മറെെൻഡ്രെെവിൽനിന്നും എറണാകുളം ബാനർജി റോഡിലും വെച്ച് വഴിപോക്കരുടെ ഫോണുകളിൽനിന്ന് വീണ്ടും സുഹൃത്തിനെ വിളിച്ച് പണത്തിന്‍റെ കാര്യം ചോദിച്ചു. ഈ വിവരം ഇയാൾ പൊലീസിന് കൈമാറി.

തുടർന്ന് രാജേഷിന്‍റെ സഞ്ചാര മാർഗം മനസ്സിലാക്കിയ പൊലീസ് സംഘം കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തി. എം.സി റോഡ് വഴി രക്ഷപ്പെടാതിരിക്കാൻ കിളിമാനൂർ സി.ഐയുടെ നേതൃത്വത്തിലെ പൊലീസ് സംഘം കിളിമാനൂർ കേന്ദ്രീകരിച്ചും പരിശോധന ശക്തമാക്കിയിരുന്നു.

ഇതിനിടെ എറണാകുളം കെ.എസ്.ആർ.ടി.സി അധികൃതരുമായി ബന്ധപ്പെട്ട അന്വേഷണ സംഘം ബസിലെ കണ്ടക്ടറെ ബന്ധപ്പെട്ടു. കണ്ടക്ടർ വാട്ട്​സ്​ആപ്പ് വഴി അയച്ചുകൊടുത്ത യാത്രക്കാരുടെ ഫോട്ടോ നോക്കി ഒട്ടകം രാജേഷ് എറണാകുളം - കാട്ടാക്കട സൂപ്പർ ഫാസ്റ്റ് ബസിൽ ഉള്ളതായി സ്ഥീരികരിക്കുകയും കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വെച്ച് പുലർച്ചെ 2.30ന് പ്രതിയെ കസ്റ്റഡിലെടുക്കുകയുമായിരുന്നു.

തുടർന്ന് പ്രതിയെ വർക്കല പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷം രാവിലെ പത്തരയോടെ പോത്തൻകോട് സ്റ്റേഷനിൽ കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിൽ ഉണ്ണിയുടെ കുടുംബത്തിന് നേരെയുള്ള ആക്രമണമാണ് സുധീഷിനെ കൊലപ്പെടുത്താൻ പെട്ടെന്നുണ്ടായ പ്രകോപനെമെന്ന് രാജേഷ് പറഞ്ഞു. കൊലപാതകത്തിന് മുമ്പ്​ ഒട്ടകം രാജേഷിന്‍റെ തൂങ്ങി മരിച്ച സുഹൃത്ത് വിനീഷിന്‍റെ കുഴിമാടത്തിനരികിൽ വെച്ചാണ് കൊലപാതകം ആസൂത്രണം ചെയ്​തതെന്നും 11 പ്രതികളും അപ്പോൾ ഉണ്ടായിരുന്നതായും വെളിപ്പെടുത്തി.

പോത്തൻകോട് കൊലപാതകത്തിൽ മരിച്ച സുധീഷിനെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത് സഹോദരി ഭർത്താവ് ശ്യാമാണെന്ന് രാജേഷ് വെളിപ്പെടുത്തിയിരുന്നു. ഇതിനിടയിൽ ഒട്ടകം രാജേഷിനെ തേടിയുള്ള തിരച്ചിലിൽ തിരുവനന്തപുരം വക്കം പൊന്നുംതുരുത്തിൽ വർക്കല സി.ഐയുടെ സംഘം പോയ വള്ളം മറിഞ്ഞ് എസ്.എ.പി ക്യാമ്പിലെ പൊലീസുകാരനായ പുന്നപ്ര സ്വദേശി ബാലു മുങ്ങിമരിച്ചിരുന്നു. ഇതിന് ശേഷം 50 അംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഈ സംഘമാണ് ഒട്ടകം രാജേഷിനെ അറസ്റ്റ്​ ചെയ്തത്.

കൊലപാതകം നടന്ന് പത്ത് ദിവസത്തിനുള്ളിൽ 500ൽ അധികം ഫോൺ കോളുകളും 50ലധികം സി.സി ടി.വി കാമറ ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിരിന്നു. ഇക്കഴിഞ്ഞ 11നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. വെട്ടേറ്റ മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനി സ്വദേശി സുധീഷ് (35) മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ്​ മരിച്ചത്. ബൈക്കുകളിലും ഓട്ടോയിലുമായെത്തിയ 11 അംഗ സംഘമാണ് ആക്രമണം നടത്തിയത്.

ആക്രമണത്തിന്​ ഉപയോഗിച്ച ആയുധങ്ങളും ഓട്ടോറിക്ഷയും ഒരു ബൈക്കും നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇനി അവഞ്ചർ ബൈക്കാണ് കണ്ടെത്താനായിട്ടുള്ളത്. സംഭവശേഷം പ്രദീപ് എന്ന സുഹൃത്തിന് ഇത് കൈമാറിയതായി ഒട്ടകം രാജേഷ് വെളിപ്പെടുത്തി. മംഗലപുരം, ആറ്റിങ്ങൽ സ്റ്റേഷനുകളിൽ വധശ്രമം, അടിപിടി കേസുകളിൽ പ്രതിയാണ് മരിച്ച സുധീഷ്.

ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിൻ, റൂറൽ എസ്.പി പി.കെ. മധു, നെടുമങ്ങാട് എ.എസ്.പി രാജ് പ്രസാദ് എന്നിവരുടെ മേൽനോട്ടത്തിൽ സി.ഐമാരായ ശ്യം, സജീഷ്, മുകേഷ്, മിഥുൻ, എസ്.ഐമാരായ വിനോദ് വിക്രമാദിത്യാൻ, എസ്.സി.പി.ഒമാരായ വിനോദ്, ഫിറോസ് ഖാൻ, ബിജുമാർ, 13 പേരടങ്ങിയ ഷാഡോ ടീം അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പിടികൂടിയ സംഘത്തിന് പ്രത്യേക പാരിതോഷികം നൽകുമെന്ന് ഉന്നത ഉദ്യേഗസ്ഥർ പറഞ്ഞു.

32 വയസ്സിനിടെ കൊലപാതകമുൾപ്പെടെ 28 കേസ്

ഒട്ടകം രാജേഷിന് 28ലേറെ കേസുകൾ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി നിലവിലുണ്ട്. എന്നാൽ, നാളിതുവരെ ഒന്നിൽപോലും ശിക്ഷ അനുഭവിച്ചിട്ടില്ല. ചില കേസുകളിൽ വിചാരണ നടപടികൾ തുടരുന്നുണ്ട്. ചില കേസുകളിൽ റിമാൻഡിലായി ജയിലിൽ ഏതാനും ദിവസം മാത്രമാണ് കിടന്നത്. വധശ്രമം, വീടുകയറി അക്രമം, കഞ്ചാവ് കടത്തൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.

ആറ്റിങ്ങലിൽ രണ്ട് വധശ്രമക്കേസും ഒരു ഡസനിലേറെ അടിപിടി, കഞ്ചാവ്, വധഭീഷണി കേസുകളുമുണ്ട്. കഠിനംകുളം സ്​റ്റേഷനിൽ 2004ൽ കൊലക്കേസിൽ നാലാം പ്രതിയാണ്. മറ്റ് നാല് കേസുകളുമുണ്ട്. പോത്തൻകോട് സ്​റ്റേഷൻ പരിധിയിൽ 2014 ൽ പോത്തൻകോട് ഷാജിസ് മൊബൈൽ ഷോപ്പ്​ ഉടമയുടെ അനുജ​ൻെറ കൈവെട്ടിയ കേസിൽ പ്രതിയാണ്​. ഏഴുവർഷം പിന്നിട്ടിട്ടും ഈ കേസിൽ കുറ്റപത്രം സമർപ്പിക്കാനോ പ്രതികളെ അറസ്​റ്റ്​ ചെയ്യാനോ പൊലീസിന് കഴിഞ്ഞില്ല.

ആക്രമണത്തിനിരയായ പോത്തൻകോട് അയണിമൂട് സ്വദേശി ബിജു (32) മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. പോത്തൻകോട് പരിധിയിൽ വധശ്രമം, ആയുധം കൈവശംവെക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. ഒട്ടകം രാജേഷിന് കൂടുതൽ കേസുള്ളത് ചിറയിൻകീഴ്​ സ്​റ്റേഷൻ പരിധിയിലാണ്.

2014ൽ വധശ്രമം, 2017ൽ വീടുകയറി അക്രമം, 2018ലും 2019ലും കാപ പ്രകാരമുള്ള കേസ് തുടങ്ങി 12 ഓളം കേസുകളുണ്ട്. അബ്കാരി മുതലാളിമാരുടെയും രാഷ്​ട്രീയക്കാരുടെയും പിൻബലം കാരണമാണ്​ പൊലീസ് നടപടിയുണ്ടാകാത്തത്​. ചിറയിൻകീഴ് അഴൂർ ഭഗവതി ക്ഷേത്രത്തിന് സമീപം വിളയിൽവീട് സ്വദേശിയാണ്​. 

Tags:    
News Summary - The bus conductor took a photo of Rajesh's and handed it over to the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.