തിരുവല്ല: ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്താത്തതിൽ പ്രകോപിതനായ യുവാവ് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ മർദിച്ചു. ബസിന്റെ ചില്ല് എറിഞ്ഞുടച്ചു. ആക്രമണം നടത്തിയ യുവാവിനെ ബസ് ഡ്രൈവറും യാത്രക്കാരും ചേർന്ന് തടഞ്ഞുവെച്ച് പൊലീസിന് കൈമാറി.
ചങ്ങനാശ്ശേരി മാടപ്പള്ളി പെരുമ്പനച്ചി പനത്തിൽ വീട്ടിൽ സുബിനാണ് (22) പിടിയിലായത്. വെള്ളിയാഴ്ച ഉച്ചക്ക് 2.30ഓടെ കോട്ടയത്തുനിന്ന് തിരുവല്ലയിലേക്ക് വന്ന വേണാട് ബസിലെ കണ്ടക്ടർക്കും ബസിനും നേരെയാണ് ആക്രമണം നടന്നത്. തിരുവല്ല ഡിപ്പോയിലെ ഡ്രൈവർ പി. ശരത് ചന്ദ്രനാണ് മർദനമേറ്റത്. എം.സി റോഡിലെ പെരുംതുരുത്തിക്ക് സമീപത്തെ ബസ് സ്റ്റോപ്പിന് പിന്നിലായി ബസ് നിർത്താൻ സുബിൻ ആവശ്യപ്പെട്ടു.
ഡ്രൈവർ സ്റ്റോപ്പിനോട് ചേർന്ന് ബസ് നിർത്തി. ഇതിൽ പ്രകോപിതനായ സുബിൻ ഡ്രൈവർക്കുനേരെ അസഭ്യവർഷവുമായി പാഞ്ഞടുത്തു. തടസ്സം പിടിക്കാൻ എത്തിയ വനിത കണ്ടക്ടറെയും ഇയാൾ അസഭ്യം പറഞ്ഞു. തുടർന്ന് ഡ്രൈവറെ മർദിച്ച ശേഷം ബസിൽനിന്നും പുറത്തിറങ്ങിയ സുബിൻ വഴിയരികിൽ കിടന്ന ഇഷ്ടിക ഉപയോഗിച്ച് ബസിന്റെ പിൻവശത്തെ ചില്ല് എറിഞ്ഞുടക്കുകയായിരുന്നു.
ഇത് തടയാൻ എത്തിയ ഡ്രൈവർ ശരത്ചന്ദ്രനെ ഇയാൾ ഇഷ്ടിക ഉപയോഗിച്ച് അടിച്ചു. തുടർന്ന് കടന്നുകളയാൻ ശ്രമിച്ച സുബിനെ പിടിച്ചുനിർത്താൻ ശ്രമിക്കുന്നതിനിടെ ശരത്തിന്‍റെ ഇടത് കൈക്ക് കടിക്കുകയും ചെയ്തു. യാത്രക്കാർ ഇടപെട്ട് തടഞ്ഞുവെച്ച പ്രതിയെ തിരുവല്ല പൊലീസിന് കൈമാറുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.