പൊതുമരാമത്ത് വകുപ്പിന്റെ വീഴ്ച; സര്‍ക്കാറിനു കോടികളുടെ നഷ്ടമെന്ന് സി.എ.ജി

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ വീഴ്ച മൂലം സര്‍ക്കാറിനു കോടികളുടെ അധികബാധ്യതയെന്ന് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) റിപ്പോര്‍ട്ട്. തലശ്ശേരി-വളവുപാറ റോഡ് നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂരിലെ കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ട് (കെ.എസ്.ടി.പി) എക്‌സിക്യുട്ടിവ് എന്‍ജിനീയറുടെ ഓഫിസിലെ ഫയലുകളുടെ ഓഡിറ്റ് സൂക്ഷ്മ പരിശോധനയില്‍ കരാറുകാരന് അനര്‍ഹമായ ആനുകൂല്യം ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കരാര്‍ നടപ്പാക്കിയശേഷം ബില്‍ ഓഫ് ക്വാണ്ടിറ്റീസില്‍ മാറ്റം വരുത്തിയത് മൂലം സര്‍ക്കാറിന് 6.97 കോടിയുടെ അധിക സാമ്പത്തിക ബാധ്യതക്കും കരാറുകാരന് 14.87 കോടിയുടെ അനര്‍ഹമായ സാമ്പത്തിക ലാഭത്തിനും കാരണമായെന്നാണു കണ്ടെത്തല്‍. കോഴിക്കോട് എൻ.എച്ച് ഡിവിഷന്‍ തയാറാക്കിയ തെറ്റായ എസ്റ്റിമേറ്റുകളുടെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് രണ്ടു മേല്‍പാലങ്ങളുടെ നിര്‍മാണം അംഗീകൃത ഏജന്‍സിയെ ഏല്‍പ്പിച്ചതിനാല്‍ സര്‍ക്കാറിന് അധികച്ചെലവും ഏജന്‍സിക്ക് 2.87 കോടിയുടെ അനര്‍ഹ നേട്ടവും ഉണ്ടായെന്നും സി.എ.ജി ചൂണ്ടിക്കാട്ടുന്നു.

കാസര്‍കോട് പി.ഡബ്ല്യു.ഡി റോഡ്‌സ് ഡിവിഷനില്‍ പൂര്‍ത്തിയായ മൂന്നു പ്രവൃത്തി ഫയലുകള്‍ വീണ്ടും തുറന്ന് ക്രമരഹിതമായി റീഫണ്ട് നടത്തിയതും മൂന്നു പ്രവൃത്തി ഫയലുകളുടെ അന്തിമ ബില്ലുകളില്‍ വരുത്തിയ അനുചിത ക്രമീകരണങ്ങളും കാരണം സര്‍ക്കാറിനു കോടികളുടെ നഷ്ടമുണ്ടായി.

ടെന്‍ഡര്‍ അന്തിമമാക്കുന്നതിന് മുമ്പ് കരാറുകാര്‍ ഉദ്ധരിച്ച ഇനം തിരിച്ചുള്ള നിരക്കുകള്‍ എസ്റ്റിമേറ്റഡ് പി.എ.സിയുമായി ഒത്തുനോക്കി പരിശോധിക്കാന്‍ കെ.എസ്.ടി.പിക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും സി.എ.ജി ശിപാര്‍ശ ചെയ്തു.

Tags:    
News Summary - The CAG said that the failure of the Public Works Department has caused a loss of crores to the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.