കോഴിക്കോട് : സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മതിയായ പരിശോധനകൾ നടത്തുന്നില്ലെന്ന് സി.എ.ജി റിപ്പോർട്ട്. മാലിന്യ പരിപാലനം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പ്രധാന ഏജൻസിയാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (പി.സി.ബി). നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം പി.സി.ബിക്കാണ്. എന്നാൽ, ബോർഡിന്റെ പ്രവർത്തനത്തിൽ ഗുരതര വീഴകളുണ്ടായെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ
2017 ഒക്ടോബറിൽ ബോർഡ് പുറത്തിറക്കിയ സർക്കുലർ പ്രകാരം റെഡ് വിഭാഗത്തിലുള്ള വ്യവസായങ്ങൾ ആറു മാസത്തിലൊരിക്കലും ഓറഞ്ച്, ഗ്രീൻ വിഭാഗത്തിലുള്ള വ്യവസായങ്ങൾ വർഷത്തിലൊരിക്കലും പരിശോധിക്കണം. ബോർഡ് നൽകിയ കണക്കുകൾ പ്രകാരം, തെരഞ്ഞെടുത്ത നാല് ജില്ലകളിലെ പി.സി.ബികൾ നടത്തിയ പരിശോധനകൾ റെഡ് വിഭാഗത്തിൽ 0.29 മുതൽ 6.74 ശതമാനം വരെയും, ഓറഞ്ച് വിഭാഗത്തിൽ 2.33 മുതൽ 14.54 ശതമാനം വരെയും മാത്രമാണ്. മതിയായ പരിശോധനകളുടെ അഭാവത്തിൽ സംസ്ഥാനത്തെ ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ മാലിന്യ പരിപാലന ചട്ടങ്ങൾ അനുവർത്തിക്കുന്നുണ്ടോയെന്ന് കാര്യക്ഷമമായി നിരീക്ഷിക്കാൻ ബോർഡിന് കഴിഞ്ഞില്ലെന്നാണ് സി.എ.ജിയുടെ കണ്ടെത്തൽ.
മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റത്തിലും പോരായ്മകൾ കണ്ടെത്തി. പി.സി.ബി, 2014-ൽ സംസ്ഥാനത്തെ വ്യവസായങ്ങളുടെ സമ്മതിദാനത്തിനും അംഗീകാരത്തിനുമായി ന്യൂഡൽഹിയിലെ നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ വികസിപ്പിച്ച ഓൺലൈൻ കൺസന്റ് മാനേജ്മെന്റ് ആന്റ് മോണിറ്ററിങ് സിസ്റ്റം എന്ന പോർട്ടൽ ആരംഭിച്ചു. ഈ സിസ്റ്റത്തിൽ ധാരളം പോരായ്മകളാണ് പരിശോധനയിൽ കണ്ടെത്തിയത്.
നടത്തിയ പരിശോധനകളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തുന്നതും നടത്തിയ പരിശോധനകളുടെ ഡാറ്റ വീണ്ടെടുക്കുന്നതും ഉൾപ്പെടുന്ന പരിശോധന മാനേജ്മെന്റ് ലഭ്യമല്ല. അതിനാൽ ജില്ലാ പി.സി.ബികൾ നടത്തുന്ന പരിശോധനകളുടെ പര്യാപ്തത സംസ്ഥാന പി.ബി.സിക്ക് നിരീക്ഷിക്കാനായില്ല. സംസ്ഥാന- ജില്ലാ ബോർഡുകൾ നടത്തിയ പരിശോധനകളുടെ ഡാറ്റ പരസ്പരം പൊരുത്തപ്പെടുന്നില്ലെന്ന് സി.എ.ജി കണ്ടെത്തി.
പി.സി.ബി ഉദ്യോഗസ്ഥർക്ക് വിശകലന ഫലങ്ങൾ കാണാനും പരിശോധിച്ച സാമ്പിളുകളുടെ പര്യാപ്തത നിരീക്ഷിക്കാനും കഴിയുന്ന ലബോറട്ടറി മാനേജ്മെന്റ് നടപ്പിലാക്കിയിട്ടില്ല. പ്രവർത്തിക്കാനുള്ള അനുമതി പുതുക്കാത്ത സ്ഥാപനങ്ങളുടെ എണ്ണം സംബന്ധിച്ച ഡാറ്റ ലഭ്യമാക്കുന്നതിന് ആശുപത്രികൾ, റസ്റ്റാറന്റുകൾ, ചിക്കൻ സ്റ്റാളുകൾ മുതലായവയുടെ തിരിച്ചുള്ള റിപ്പോർട്ടുകൾ തയാറാക്കാൻ സംവിധാനവുമില്ല. ജില്ലാ പി.സി.ബികൾക്ക് തെരഞ്ഞെടുത്ത ജില്ലകളിലെ വിവിധ വ്യവസായങ്ങൾ, ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.