തിരുവനന്തപുരം: പോളിങ്ങിൽ അഞ്ച് ശതമാനത്തിന്റെ കുറവ് വന്നെങ്കിലും 16 മുതൽ 18 സീറ്റുകളിൽ ജയിക്കാനാകുമെന്ന വിലയിരുത്തലിൽ യു.ഡി.എഫ്. ആറ് സീറ്റിൽ ജയപ്രതീക്ഷ വെച്ചിരുന്ന ഇടത് മുന്നണിയാകട്ടെ പോളിങ് കുറഞ്ഞതോടെ അത് പത്ത് വരെയായി ഉയർത്തി. തൃശൂരിലും തിരുവനന്തപുരത്തും പ്രതീക്ഷ പുലർത്തുന്ന ബി.ജെ.പി വോട്ട് ശതമാനം വൻതോതിൽ വർധിപ്പിക്കുമെന്ന് അവകാശപ്പെടുന്നു.
ബൂത്തുതല കണക്കെടുത്ത് കൂട്ടിക്കിഴിക്കലുകളിലാണ് മുന്നണികൾ. പോളിങ് ഉയരുമെന്നാണ് പൊതുവെ കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല. കുറഞ്ഞത് തങ്ങളുടെ വോട്ടല്ല എന്ന് പുറമെ പറയുമ്പോഴും ഉള്ളിൽ എല്ലാവർക്കും ആശങ്കയുണ്ട്. പോളിങ് കുറഞ്ഞാൽ ഇടതിന് അനുകൂലമാകുമെന്ന പഴയ ചൊല്ല് യു.ഡി.എഫ് തള്ളുന്നു.
കോൺഗ്രസ് ആഭിമുഖ്യം ഉണ്ടായിരുന്നവരാണ് വോട്ട് ചെയ്യാതിരുന്നവരെന്നാണ് ഇടത് മുന്നണി വാദം. ലഭ്യമായ കണക്കുപ്രകാരം 2019നേക്കാൾ മൂന്നര ലക്ഷത്തിലേറെ (3,58,561) വോട്ട് കുറവാണ് ഇക്കുറി പോൾ ചെയ്തത്. അന്തിമ കണക്കിൽ മാറ്റംവന്നേക്കാം. വോട്ടർമാരുടെ എണ്ണം കഴിഞ്ഞ തവണത്തേക്കാൾ 16 ലക്ഷത്തോളം (15,97,625) വർധിച്ചിരുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരായ പ്രതികരണമാണ് ഉണ്ടായതെന്ന് യു.ഡി.എഫ് നേതാക്കൾ പറയുന്നു. ഭരണവിരുദ്ധ വികാരം ശക്തമായിരുന്നു. അത് തങ്ങൾക്ക് ഗുണമാകും. കേന്ദ്രത്തിൽ ബി.ജെ.പിയെ തോൽപിക്കാൻ കോൺഗ്രസിനേ കഴിയൂവെന്ന വിലയിരുത്തൽ വന്നു.
ന്യൂനപക്ഷ മേഖലകളിൽ മികച്ച പോളിങ് നടന്നു. ആറ്റിങ്ങൽ, ആലത്തൂർ, വടകര, കണ്ണൂർ മണ്ഡലങ്ങളിൽ അതിശകക്തമായ മത്സരം നടന്നു. പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നടന്നിട്ടുണ്ടെങ്കിൽ സമ്പൂർണ വിജയം നേടാനാകും. വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കും.
കഴിഞ്ഞ തവണ നഷ്ടപ്പെട്ട ആലപ്പുഴ പിടിച്ചെടുക്കും. തിരുവനന്തപുരത്തും തൃശൂരും യു.ഡി.എഫ് തന്നെ വിജയിക്കുമെന്നും കടുത്ത മത്സരം നടക്കുന്ന വടകരയിൽ എല്ലാ പ്രതിസന്ധിയും മറികടന്ന് ഷാഫി പറമ്പിൽ ജയം കാണുമെന്നും നേതാക്കൾ പറയുന്നു.
ബി.ജെ.പി ഭരണത്തിന് കീഴിൽ രാജ്യം നേരിടുന്ന വെല്ലുവിളികളും ഹിന്ദുത്വ രാഷ്ട്ര നിർമിതിക്കുള്ള സംഘ്പരിവാർ ശ്രമങ്ങളും അവയെ ശക്തമായി ചെറുക്കാൻ ഇടത് അംഗങ്ങൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും ജനങ്ങളെ ബോധ്യപ്പെടുത്താനായെന്നാണ് ഇടതുമുന്നണി വിലയിരുത്തൽ. കോൺഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടുകൾ തുറന്നുകാട്ടി.
ബി.ജെ.പിയെ നേരിടുന്നതിൽ ശക്തമായ നിലപാടുള്ള ഇടതിനെയാണ് വോട്ടർമാർ അനുകൂലിച്ചത്. ഇ.പി. ജയരാജൻ വിവാദം ഉണ്ടാക്കിയ ആശങ്ക മുഖ്യമന്ത്രിയുടെ മറുപടിയോടെ മാറിയെന്നും അവർ പറയുന്നു. സർക്കാറിന്റെ വികസന ക്ഷേമപ്രവർത്തനങ്ങൾക്ക് അനുകൂലമാണ് വിധിയെഴുത്തെന്നും അവർ പറയുന്നു. ഫലം സർക്കാറിന്റെ വിലയിരുത്തലെന്ന വാദഗതി മുഖ്യമന്ത്രി തള്ളിയിരുന്നു.
തിരുവനന്തപുരം, തൃശൂർ എന്നിവ ഉയർത്തിയാണ് ബി.ജെ.പി അവകാശവാദം. പാലക്കാടും ആലപ്പുഴയിലും വലിയ മുന്നേറ്റം പറയുന്നു. മോദിയുടെ ഗാരന്റിയും വികസന നയങ്ങളും കേന്ദ്ര സർക്കാർ നയങ്ങളും ബി.ജെ.പിക്ക് മുന്നേറ്റം നൽകി. വിവിധ വിഭാഗങ്ങൾ അനുകൂലമായെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.