തിരുവനന്തപുരം: ഗവർണറും മുഖ്യമന്ത്രിയും മാസങ്ങളായി തുടരുന്ന അകൽച്ചയുടെ പിരിമുറുക്കം നിറഞ്ഞതായിരുന്നു മന്ത്രി ഒ.ആർ. കേളുവിന്റെ സത്യപ്രതിജ്ഞ ചടങ്ങെങ്കിലും ചായ സത്കാരത്തിൽ കഥമാറി.
പിണറായി വിജയനും ആരിഫ് മുഹമ്മദ് ഖാനും പരസ്പരം മുഖം കൊടുത്തു, പുഞ്ചിരിച്ചു, ഒടുവിൽ ഹസ്തദാനവും. മുഖ്യമന്ത്രിക്ക് പുറമേ പ്രതിപക്ഷ നേതാവും ഗവർണറുടെ ചായസത്കാരത്തിൽ പങ്കെടുത്തു.
സത്യപ്രതിജ്ഞ ചടങ്ങിൽ നടപടിക്രമങ്ങൾക്ക് പുറമേ സദസ്സിന്റെ കണ്ണും കാതും മുഖ്യമന്ത്രിയിലും ഗവർണറിലുമായിരുന്നു. തൊട്ടു മുമ്പ് ഡിസംബറിൽ മന്ത്രിമാരായ കെ.ബി. ഗണേഷ്കുമാറിന്റെയും രാമചന്ദ്രൻ കടന്നപ്പള്ളിയുടെയും സത്യപ്രതിജ്ഞ ചടങ്ങിൽ പരസ്പരം മുഖംപോലും കൊടുക്കാതെ ഇരുവരും മടങ്ങിയത് വലിയ ചർച്ചയായ സാഹചര്യത്തിൽ വിഷേശിച്ചും.
അന്നത്തേതിന് സമാനമായിരുന്നു സത്യപ്രതിജ്ഞ ചടങ്ങിലെ ഇരുവരുടെയും ശരീര ഭാഷ. ഒന്നിച്ചാണ് ഇരുവരും വേദിയിലേക്ക് നടന്നെത്തിയതെങ്കിലും പരസ്പരം നോക്കിയല്ല. മന്ത്രിക്ക് ഹസ്തദാനം നൽകുമ്പോഴും ബൊക്കെ കൈമാറുമ്പോഴുമെല്ലാം അയയാതെ പിരിമുറക്കം. ചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് പോകുമ്പോൾ മുഖ്യമന്ത്രി നോക്കാൻ ശ്രമിച്ചെങ്കിലും മുഖംനൽകാതെ കസേര മാറ്റി ഗവർണർ കടന്നുപോയി.
ശേഷം ചായ സത്കാരത്തിന് രാജ്ഭവനിലെ അതിഥി മുറിയിലേക്ക് കടന്നതോടെ സാഹചര്യങ്ങൾ മാറി. സത്കാരം കഴിഞ്ഞ് മടങ്ങും മുമ്പായിരുന്നു ഇരുവരുടെയും പുഞ്ചിരിച്ചുള്ള ഹസ്തദാനം. എന്നാല്‍ അപ്പോഴും പരസ്പരം സംസാരിച്ചില്ലെന്നും ശ്രദ്ധേയം. ഇതിനെല്ലാം സാക്ഷിയായി പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മറ്റ് മന്ത്രിമാരും രാജ്ഭവനിലെ ജീവനക്കാരും. മന്ത്രി ഒ.ആര്. കേളുവിനും കുടുംബത്തിനൊപ്പം ഇരുവരും ചിത്രങ്ങളുമെടുത്തു.
സര്‍ക്കാര്‍-ഗവര്‍ണര്‍ തര്‍ക്കത്തില്‍ ഏറ്റവും മുഴച്ചുനിന്നത് പൊതുവേദികളിലെ ഇരുവരും തമ്മിലുള്ള പിണക്കമായിരുന്നു.
കഴിഞ്ഞതവണ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം ഗവർണർ ഒരുക്കിയ ചായ സത്കാരത്തിൽനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.