ഗുരുസ്തുതി ചൊല്ലുമ്പോൾ മുഖ്യമന്ത്രി എഴുന്നേറ്റ് നിൽക്കാതിരുന്നത് വെള്ളാപ്പള്ളി നിർദേശിച്ചതിനാൽ -എം.വി ജയരാജൻ

കണ്ണൂർ: എസ്.എൻ കോളജ് ഇ​ൻഡോർ സ്റ്റേഡിയം ഉദ്ഘാടന ചടങ്ങിൽ ഗുരുസ്തുതി ചൊല്ലുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേറ്റുനിൽക്കാത്തതിനെ ചൊല്ലിയുള്ള വിവാദത്തിൽ വിശദീകരണവുമായി സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ. കോളജിൽ ചൊല്ലിയത് പ്രാർഥനയല്ലെന്നും എഴുന്നേറ്റ് നിൽക്കേണ്ടതില്ലെന്ന് വേദിയിലുണ്ടായിരുന്ന വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നെന്നും എം.വി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. ഗുരുസ്തുതിയെ ആധികാരികമായി പറയാൻ കഴിയുന്ന വെള്ളാപ്പള്ളിയാണ് ഇങ്ങനെ നിർദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഞായറാഴ്ചയാണ് എസ്.എൻ കോളജിലെ ഇ​ൻഡോർ സ്റ്റേഡിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ചടങ്ങിനിടെ ഗുരുസ്തുതി ചൊല്ലിയപ്പോൾ എഴുന്നേൽക്കാൻ ഒരുങ്ങിയ മുഖ്യമന്ത്രി പിന്നീട് അവിടെതന്നെ ഇരുന്നു. തൊട്ടരികിൽ ഉണ്ടായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ മുഖ്യമന്ത്രി കൈക്കൊണ്ട് വിലക്കി. വേദിയിലുണ്ടായിരുന്ന എം.വി. ജയരാജനും വെള്ളാപ്പള്ളിയും എഴുന്നേറ്റ് നിൽക്കുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ നടപടി ഗുരുനിന്ദയെന്ന് ആരോപിച്ച് നിമിഷങ്ങൾക്കകം ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും ബി.ജെ.പി നേതാവ് കേന്ദ്രമന്ത്രി വി. മുരളീധരനും മുഖ്യമന്ത്രിയെ വിമർശിച്ച് രംഗത്തെത്തി. നടപടി വിവാദമായതോടെയാണ് സി.പി.എം ജില്ല സെക്രട്ടറി മുഖ്യമന്ത്രിയെ ന്യായീകരിച്ച് രംഗത്തെത്തിയത്.

Tags:    
News Summary - The Chief Minister did not stand up while reciting the gurustuthi because Vellappalli instructed - MV Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.