നവകേരള സദസ് പൊളിഞ്ഞതിന്‍റെ കലിയാണ് മുഖ്യമന്ത്രിക്ക്; സി.പി.എം കേരളത്തെ കലാപഭൂമിയാക്കിയെന്ന് വി.ഡി. സതീശൻ

കൊച്ചി: നവകേരള സദസ് പൊളിഞ്ഞതിന്റെ കലിയാണ് മുഖ്യമന്ത്രിക്കെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നവകേരള സദസ് തിരുവനന്തപുരത്ത് എത്തിയപ്പോള്‍ മുഖ്യമന്ത്രി പരിഹാസ്യനായി. നവകേരള സദസ് കൊണ്ട് എന്ത് പ്രയോജനം ഉണ്ടായി എന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയണം. ഏതെങ്കിലും ഒരു സാധാരണക്കാരന്റെ ദുരിതം മാറ്റാന്‍ കഴിഞ്ഞോ? സര്‍ക്കാര്‍ നടത്തിയത് തെരെഞ്ഞെടുപ്പ് പ്രചരണമാണ്. നാട്ടുകാരുടെ പണം കൊണ്ട് സ്റ്റേജ് കെട്ടി പ്രതിപക്ഷത്തെ വിമര്‍ശിക്കുകയായിരുന്നുവെന്നും സതീശൻ പറഞ്ഞു.

നവകേരള സദസ് തുടങ്ങി 44 ദിവസം കഴിഞ്ഞാണ് മുഖ്യമന്ത്രി സംയമനം എന്ന വാക്ക് ഉപയോഗിച്ചത്. കല്യാശ്ശേരിയിലെ വധശ്രമക്കേസ് ജീവന്‍ രക്ഷാപ്രവര്‍ത്തനം ആണെന്ന് പറഞ്ഞ മുഖ്യമന്ത്രിയാണ് സംയമനത്തെ കുറിച്ച് പറയുന്നത്. ക്രിമിനല്‍ പ്രവര്‍ത്തികളെ മുഴുവന്‍ ന്യായീകരിച്ച മുഖ്യമന്ത്രിയാണ് ഇപ്പോള്‍ സംയമനത്തെ കുറിച്ച് പറയുന്നത്.

നവകേരള സദസിലൂടെ മുഖ്യമന്ത്രി കേരളത്തെ കലാപ ഭൂമിയാക്കി മാറ്റി. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും മുന്‍ ആഭ്യന്തരമന്ത്രിയും എല്ലാം പങ്കെടുത്ത സ്റ്റേജിലേക്ക് ജലപീരങ്കി പ്രയോഗിക്കുകയും ഗ്രനേഡ് എറിഞ്ഞ് അവരെ അപകടപ്പെടുത്താന്‍ നോക്കുകയും ചെയ്ത ആളാണ് മുഖ്യമന്ത്രി. ഇപ്പോള്‍ സംയമനത്തെ കുറിച്ച് പറയുന്ന മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളുടെ യുക്തിബോധത്തെ ചോദ്യം ചെയ്യുന്നു. നവകേരള സദസ് തകര്‍ന്ന് തരിപ്പണമായതിന്റെ കലി തീര്‍ക്കുകയാണ് മുഖ്യമന്ത്രി. മനഃപൂര്‍വം അപകടപ്പെടുത്താന്‍ ചെയ്തതാണ്. മുഖ്യമന്തി ഞങ്ങളെ പേടിപ്പിക്കാന്‍ നോക്കണ്ട. ഇയാള്‍ ആരാണ് മഹാരാജാവോ?

ചാലക്കുടില്‍ ഡി.വൈ.എഫ്.ഐ.ക്കാര്‍ പൊലീസ് ജീപ്പ് തകര്‍ത്തു. സി.പി.എംകാര്‍ പ്രതിയെ മോചിപ്പിച്ചു. ചാലക്കുടി എസ്.ഐയെ റോഡിലിട്ട് പട്ടിയെ പോലെ തല്ലുമെന്ന് എസ്.എഫ്.ഐ. നേതാവ് ഭീഷണി മുഴക്കി. ആര്‍ക്കെതിരെയും നടപടി ഇല്ല. എസ്.എഫ്.ഐ. നേതാക്കളെ ലാളിക്കുന്ന പൊലീസ് കെ.എസ്.യു. പ്രവര്‍ത്തകരെ തല്ലി ചതക്കുന്നു. കോണ്‍ഗ്രസ് നേതാക്കളെ അപായപ്പെടുത്താന്‍ ശ്രമിച്ചു. നവകേരള സദസിന്റെ ദയനീയ പരാജയമാണ് ഇതിന്റെ എല്ലാം പിറകില്‍.

നവകേരള സദസിന്റെ അവസാന ദിവസം ഹര്‍ത്താല്‍ നടത്താന്‍ യു.ഡി.എഫിന് പദ്ധതി ഉണ്ടായിരുന്നു എന്ന് മുഖ്യമന്ത്രി പറയുന്നു. എവിടെ നിന്നാണ് മുഖ്യമന്ത്രി ഇത് അറിഞ്ഞത്? ഞങ്ങള്‍ തീരുമാനിക്കാത്ത കാര്യം മുഖ്യമന്ത്രി എങ്ങനെ അറിഞ്ഞു. ഒരു ഘട്ടത്തിലും ഹര്‍ത്താന്‍ നടത്താന്‍ കോണ്‍ഗ്രസ് ആലോചിച്ചിട്ടില്ല. സി.പി.എം കേരളത്തെ കലാപഭൂമിയാക്കി, നവ കേരള സദസില്‍ മുഴുവന്‍ ക്രിമിനലുകളുടെ അഴിഞ്ഞാട്ടമായിരുന്നു. കേരളത്തില്‍ പൊലീസിങ് തകര്‍ന്നു. പൊലീസ് ജീപ്പ് അടിച്ച് തകര്‍ത്തവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തിനാണ് പൊലീസ്?

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഗൂഢസംഘം, മരുമോന്‍ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉപജാപക സംഘം ആണ് പൊലീസിനെ നിയന്ത്രിക്കുന്നത്. ഹൈകോടതി വിധിയെ പരിഹസിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. മുഖ്യമന്ത്രിക്ക് തോന്നിയത് പോലെ ചെയ്യാന്‍ കേരളത്തില്‍ പറ്റില്ല. ഭീക്ഷണി ഞങ്ങളോട് വേണ്ട. ഞങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി വന്നവരാണെന്നും ക്രിമിനല്‍ പ്രവര്‍ത്തനം നടത്തി വന്നവരല്ലെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - The chief minister is blamed for the collapse of the Navakerala Sadas -V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.