ഓൺലൈൻ തട്ടിപ്പുകളിൽ ആളുകൾ അങ്ങോട്ടു പോയി വീഴുന്ന സ്ഥിതിയുണ്ടെന്ന് മുഖ്യമന്ത്രി

തിരുനന്തപുരം : എന്നെ പറ്റിച്ചോളൂ എന്ന് പറഞ്ഞ് ആളുകൾ ഓൺലൈൻ തട്ടിപ്പുകളിൽ അങ്ങോട്ടു പോയി വീഴുന്ന സ്ഥിതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലപ്പോഴും അമിത ലാഭം പ്രതീക്ഷിച്ചാണ് ആളുകൾ ഇത്തരം കെണിയിൽ പോയി വീഴുന്നത്. കേരള പൊലീസിന്റെ സൈബർ ഡിവിഷന്റേയും മറ്റു പദ്ധതികളുടെയും ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ സമൂഹം നല്ല ജാഗ്രത പുലർത്തണം. കഴിഞ്ഞ വർഷം മാത്രം ഓൺലൈൻ തട്ടിപ്പുകളിലൂടെ സംസ്ഥാനത്ത് 201 കോടി രൂപയാണ് നഷ്ടമായത്. തട്ടിപ്പുകൾക്കിരയായാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ അറിയിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ തിരുവനന്തപുരം സൈബർ സ്റ്റേഷന്റെ ചുമതല ഒരു ഡിവൈഎസ്പിക്കാണ്. സൈബർ ഡിവിഷൻ വരുന്നതോടെ കൊച്ചി, കോഴിക്കോട് സൈബർ സ്റ്റേഷനുകളുടെ ചുമതലയും ഡി.വൈ.എസ്.പിമാർക്കാവും. ഇവരെ സഹായിക്കാൻ മൂന്ന് ഇൻസ്പെക്ടർമാരുണ്ടാകും. സൈബർ കുറ്റാന്വേഷണത്തിന്റെ ഏകോപനത്തിനായി റേഞ്ച് ഡി ഐ ജിമാരുടെ കീഴിൽ പ്രത്യേക സംവിധാനം കൊണ്ടുവരും.

പലപ്പോഴും ചെറിയ പ്രായത്തിലുള്ള കുട്ടികൾ ഓൺലൈൻ ദുരുപയോഗങ്ങൾക്ക് ഇരയാകാറുണ്ട്. കുരുക്ക് മുറുകുമ്പോഴാണ് ആപത്ത് ബോധ്യപ്പെടുന്നത്. ഇതോടെ കുട്ടിയുടെയും കുടുംബത്തിന്റേയും സ്വസ്ഥത നഷ്ടപ്പെടും. ഇത്തരം സംഭവങ്ങളിൽ ആവശ്യമായ ബോധവത്ക്കരണം ഉണ്ടാവുകയാണ് പ്രധാനം. കുട്ടിയുടെ ഭാവിയെ കരുതി പലപ്പോഴും പോലീസ് നടപടികളിലൂടെ പ്രശ്നം പരിഹരിക്കാൻ ഇരയായവർ തയ്യാറായെന്നു വരില്ല. അത്തരം സംഭവങ്ങളിൽ കുട്ടിയുടെ ഭാവിയെ പ്രതികൂലമായി ബാധിക്കാത്ത വിധത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നമുക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനായും രാജ്യത്തെ മികച്ച ഒൻപതാമത്തെ സ്റ്റേഷനായും തിരഞ്ഞെടുക്കപ്പെട്ട മലപ്പുറം കുറ്റിപ്പുറം പൊലീസ് സ്റ്റേഷനുള്ള ഉപഹാരം മുഖ്യമന്ത്രി സമ്മാനിച്ചു. സൈബർ ഡിവിഷന്റെ ലോഗോ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷേഖ് ദർവേഷ് സാഹബിന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. സൈബർ കുറ്റകൃത്യങ്ങളെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി തയാറാക്കിയ ഹ്രസ്വചിത്രങ്ങളും പ്രകാശനം ചെയ്തു.

ആന്റണിരാജു എം. എൽ. എ അധ്യക്ഷത വഹിച്ചു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷേഖ് ദർവേഷ് സാഹബ്, എ.ഡി.ജി പിമാരായ മനോജ് എബ്രഹാം, എം.ആർ. അജിത്കുമാർ, എച്ച്. വെങ്കിടേഷ്, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - The Chief Minister said that people are falling for online scams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.