കാട്ടാക്കട: സാമൂഹ്യ വിരുദ്ധ മനോഭാവത്തിൽ നിന്ന് ഉടലെടുത്ത ആക്രമണ മനോഭാവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കാട്ടാക്കടയിലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രചാരണ സാമഗ്രികൾ നശിപ്പിക്കുക, പൊലീസിന് നേരെ മുളകുപൊടിയും ഗോലിയും എറിയുക- അത്ര പകയാണ് നവകേരള സദസിനോട് ഇവർക്കുള്ളത്. സാമൂഹ്യ വിരുദ്ധ മനോഭാവത്തിൽ നിന്ന് ഉടലെടുത്ത ആക്രമണ മനോഭാവമാണ് ഇത്.
നവകേരള സദസിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡുകളിൽ ആർക്കും വിദ്വേഷം വരേണ്ട കാര്യങ്ങൾ ഇല്ല. പരിപാടി എവിടെ എപ്പോൾ എന്നതും ആരൊക്കെ പങ്കെടുക്കുന്നു എന്നതുമാണല്ലോ അതിലെ വിവരങ്ങൾ. ആ ബോർഡുകൾ തകർക്കുന്നതിലൂടെ തങ്ങൾ ഈ നാടിനെതിരാണ് എന്ന പ്രഖ്യാപനമാണ് ഇതിലൂടെ അവർ നടത്തുന്നത്. ഇത്തരം നിലപാടുകൾ തിരുത്തി ഈ നാടിന്റെ മുന്നേറ്റത്തോടൊപ്പം ചേരണം എന്നാണ് അവരോട് അഭ്യർത്ഥിക്കാനുള്ളത്
പുതിയ തലമുറ സർക്കാരിന് നൽകുന്ന വമ്പിച്ച പിന്തുണ നൽകുന്നു. ആ പിന്തുണ ചിലരെയെല്ലാം അസ്വസ്ഥരാക്കുന്നുണ്ട്. നവകേരള സദസ് ആരംഭിച്ചപ്പോൾ മുതൽ കോൺഗ്രസും അവരുടെ യുവജന സംഘടനകളും തുടങ്ങിയ അക്രമ മനോഭാവം അതിന്റെ പ്രതിഫലനമാണ്. പ്രാരംഭഘട്ടത്തിൽ വാഹനത്തിനു മുമ്പിൽ ചാടി വീഴുകയായിരുന്നു മാർഗമെങ്കിൽ പിന്നീട് ഒരു ഘട്ടത്തിൽ ബസിന് നേരെ 'ഷൂ' എറിയുന്ന നിലയിലേക്കെത്തി. ഒടുവിൽ ഈ അക്രമ മനോഭാവം നവകേരള സദസുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന പ്രചരണ സാമഗ്രികളുടെ നേരെയായി. ഇന്നലെയും മിനിയാന്നുമായി തലസ്ഥാനത്ത് നൂറ് കണക്കിന് ബോർഡുകളും ബാനറുകളുമാണ് തകർത്തത്.
രാജ്യത്ത് നിന്നുള്ള ഐ ടി കയറ്റുമതിയുടെ 10 ശതമാനമെങ്കിലും കേരളത്തിൽ നിന്നാകണം എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനം പ്രവർത്തിക്കുന്നത്.ഇലക്ട്രോണിക് ഹാർഡ്വെയർ ടെക്നോളജി ഹബ്, എമർജിംഗ് ടെക്നോളജീസ് ഹബ് എന്നിവ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഐടിയിലും അനുബന്ധ മേഖലകളിലുമായി കുറഞ്ഞത് 5,00,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
തിരുവനന്തപുരം-കൊല്ലം, ആലപ്പുഴ - എറണാകുളം, എറണാകുളം-കൊരട്ടി, കോഴിക്കോട്-കണ്ണൂർ എന്നിങ്ങനെ നാലു ഐ.ടി ഇടനാഴികൾ സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം കിൻഫ്ര ഏറ്റെടുത്ത 25 ഏക്കറിലാണ് കണ്ണൂർ ഐ.ടി പാർക്ക് വരുന്നത്. സ്ഥലമെടുപ്പ് അന്തിമഘട്ടത്തിലാണ്. കൊല്ലം ഐ.ടി പാർക്കിനുള്ള സ്ഥലം കണ്ടെത്തി, സ്ഥലം ഏറ്റെടുക്കുന്നതിനും പാർക്ക് സ്ഥാപിക്കുന്നതിനുമുള്ള പ്രാഥമിക ചർച്ചകൾ നടന്നുവരികയാണ്.
ഐടി മേഖലയുടെ വളർച്ചക്ക് അടിത്തറയാകുന്ന ജ്ഞാന സമൂഹമായി കേരളത്തെ വളർത്താനുള്ള ശ്രമവും ഇതിനു സമാന്തരമായി നടക്കുകയാണ്. ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ഏക സംസ്ഥാനമാണ് കേരളം. പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യമായും, മറ്റുള്ളവർക്ക് വളരെ കുറഞ്ഞ നിരക്കിലുമാണ് കെ-ഫോണിലൂടെ ഇൻറർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നത്. ഇതിനു പുറമെ കെ-ഫൈ എന്ന പദ്ധതിയിലൂടെ 2,023 പൊതു ഇടങ്ങളിൽ സൗജന്യ വൈ ഫൈ ഹോട്ട് സ്പോട്ടുകൾ ഒരുക്കിയിട്ടുണ്ട്. 2,000 ഹോട്ട്സ്പോട്ടുകൾ കൂടി സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കൊച്ചിയിൽ ടെക്നോളജി ഇന്നവേഷൻ സോൺ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുന്നു. പൂർണ്ണ തോതിൽ സജ്ജമാക്കുമ്പോൾ അത് ഏഷ്യയിലെ ഏറ്റവും വലിയ ടെക് ഇന്നവേഷൻ സോൺ ആയിരിക്കും. എയ്റോസ്പേസ് ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും തിരുവനന്തപുരത്ത് മികവിന്റെ കേന്ദ്രം സ്ഥാപിക്കാനായി കെ-സ്പേസ് പ്രവർത്തനം ആരംഭിച്ചു.
രണ്ടു വർഷംമുമ്പ് ആരംഭിച്ച ഡിജിറ്റൽ സർവകലാശാല ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. ഐടി അധിഷ്‌ഠിത വിജ്ഞാന വ്യവസായങ്ങളുടെ വളർച്ചയ്‌ക്കുവേണ്ട ഭൗതികവും സാങ്കേതികവും ബൗദ്ധികവുമായ അടിസ്ഥാനസൗകര്യം ലഭ്യമാക്കാൻ ഡിജിറ്റൽ സയൻസ് പാർക്കിനു കഴിയും. ഇങ്ങനെ ആധുനിക വ്യവസായങ്ങളേയും പുതിയ തൊഴിൽ സാധ്യതകളേയും ഉപയോഗപ്പെടുത്താൻ കേരളത്തെ പ്രാപ്തമാക്കുന്ന നയമാണ് സർക്കാർ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.