ഹൈകോടതി ചീഫ് ജസ്റ്റിസിന് രഹസ്യ യാത്രയയപ്പ് നൽകിയതെന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം -വി.ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും പഞ്ച നക്ഷത്ര ഹോട്ടലിൽ രഹസ്യമായി യാത്രയയപ്പ് നൽകേണ്ട പദവിയല്ല കേരള ഹൈകോടതി ചീഫ് ജസ്റ്റിസിന്‍റേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ചീഫ് ജസ്റ്റിസിനോട് ഇപ്പോഴെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് ആദരവ് തോന്നിയതിൽ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എസ്.എൻ.സി ലാവലിൻ കേസിൽ വിധി പ്രഖ്യാപിച്ച അന്നത്തെ ഹൈകോടതി ചീഫ് ജസ്റ്റിസിന് ആഘോഷമില്ലാത്ത യാത്രയയപ്പാണ് നൽകിയത്. എസ്.എഫ്.ഐക്കാരെയും ഡി.വൈ.എഫ്.ഐക്കാരെയും ഹൈകോടതിയുടെ മുമ്പിൽ പ്രകടനം നടത്താൻ അയച്ച് വളരെ മോശം മുദ്രാവാക്യങ്ങൾ വിളിച്ച് അധിക്ഷേപിച്ചാണ് ചീഫ് ജസ്റ്റിനെ യാത്രയാക്കിയതെന്ന് സതീശൻ ഓർമിപ്പിച്ചു.

പഞ്ച നക്ഷത്ര ഹോട്ടലിൽ കൊണ്ടു പോയി ഇപ്പോഴത്തെ ചീഫ് ജസ്റ്റിസിന് രഹസ്യ യാത്രയയപ്പ് നൽകിയത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 

സ്പീക്കറുടെ ഓഫിസ് ഉപരോധവുമായി ബന്ധപ്പെട്ട് പേഴ്സണൽ സ്റ്റാഫുകൾക്ക് മെമ്മോ നൽകിയ സംഭവത്തിൽ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ നടത്തിയത്. പേഴ്സണൽ സ്റ്റാഫിന് മെമ്മോ നൽകിയതിന് പിന്നിൽ മുഖ്യമന്ത്രിയെന്ന് വി.ഡി സതീശൻ ആരോപിച്ചു. പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്താനുള്ള നീക്കമാണിത്. എ.കെ.ജി സെന്‍ററിൽ നിന്നുള്ള നിർദേശമാണ്. മുഖ്യമന്ത്രി ഭയപ്പെടുത്താൻ നോക്കുകയാണ്. സ്പീക്കർ അതിന് വഴങ്ങരുതെന്നും സതീശൻ ആവശ്യപ്പെട്ടു.

ഇല്ലാത്ത പേഴ്സണൽ അസിസ്റ്റന്‍റിന്‍റെ പേരിലാണ് മെമ്മോ അയച്ചിട്ടുള്ളത്. എത്ര ലാഘവത്തോടെയാണ് നിയമസഭ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ നടപടി. വിഷയത്തിൽ സ്പീക്കർ ഗൗവരത്തോടെ ഇടപെടണം. പേഴ്സണൽ സ്റ്റാഫിനെ മൂക്കിൽകേറ്റുമെന്ന ഭീഷണിയുമായി ആരും വരേണ്ട.

സ്പീക്കറുടെ ഓഫീസിന് മുമ്പിലെ സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ മന്ത്രിമാരുടെ സ്റ്റാഫുകൾ പകർത്തിയതിന്‍റെ തെളിവുകൾ തരാൻ തയാറാണ്. ഭരണപക്ഷ എം.എൽ.എമാരുടെ സ്റ്റാഫിന് നോട്ടീസ് അയക്കാൻ സെക്രട്ടറിയേറ്റിന് ധൈര്യമില്ല. പുതിയ നീക്കത്തിനെതിരെ നിയമപരമായി ആലോചിച്ച് മറുപടി നൽകുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

Tags:    
News Summary - The Chief Minister should explain why the Chief Justice of the High Court was given a secret farewell - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.