സനാതനധർമം സംഘ്പരിവാറിന് അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റ്- വി.ഡി സതീശൻ

വര്‍ക്കല: സനാതനധർമം സംഘ്പരിവാറിന് അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശിവഗിരിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായരുന്നു അദ്ദേഹം. സനാതന ധർമം എന്നത് വർണാശ്രമം ആണെന്നും ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമാണെന്നും പറഞ്ഞ് മുഖ്യമന്ത്രി അതും സംഘ്പരിവറിന് ചാര്‍ത്തിക്കൊടുക്കുകയാണ്.

സനാതനധർമത്തെ സംഘ്പരിവാറിന് മാത്രം അവകാശപ്പെട്ടതാക്കി മാറ്റുകയാണ്. സനാതന ധർമം എന്നത് സാംസ്‌ക്കാരിക പൈതൃകമാണ്. അദ്വൈതവും തത്ത്വമസിയും വേദങ്ങളും ഉപനിഷത്തുകളും അതിന്റെ സാരാംശങ്ങളും എല്ലാം ഉള്‍പ്പെട്ടതാണ് സനാതന ധർമം. അതെല്ലാം സംഘ്പരിവാറിന്റേതാണെന്നാണ് പറയുന്നത്.

അമ്പലത്തില്‍ പോകുന്നവരും ചന്ദനം ഇടുന്നവരും കാവി ഉടുക്കുന്നവരെല്ലാം ആര്‍.എസ്.എസ് ആണെന്നു പറയുന്നതു പോലെയാണ് ഇതും. സനാതനധർമവും സംഘ്പരിവാറിന് അവകാശപ്പെട്ടതാണെന്നു പറഞ്ഞ് വിട്ടുകൊടുക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്. സനാതന ധര്‍മ്മത്തെയും ഹൈന്ദവ പാരമ്പര്യത്തെയും എല്ലാ മതങ്ങളിലും ഉണ്ടായതു പോലെ പൗരോഹിത്യവും രാജഭരണവും ഭരണകൂടവും ദുരുപയോഗം ചെയ്തിട്ടുണ്ട്.

വര്‍ണാശ്രമത്തിനും ചാതുര്‍വര്‍ണ്യത്തിനും അനുകൂലമായ നിലപാടൊന്നുമല്ല നമ്മുടേത്. ഗുരുദേവനും സനാതന ധർമത്തിന്റെ സാംഗത്യത്തെ കുറിച്ച് വിശദീകരിച്ച് പറഞ്ഞിട്ടുണ്ട്. സനാതന ധർമത്തെ മുഴുവന്‍ തള്ളി, അതെല്ലാം സംഘ്പരിവാറിന്റേതാണെന്ന് പറയുന്നത് ശരിയല്ല. സനാതന ധർമത്തില്‍ ഒരു വര്‍ഗീയ കാഴ്ചപ്പാടുമില്ല. അത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടത്. തെറ്റായ രീതിയിലാണ് മുഖ്യമന്ത്രി അത് അവതരിപ്പിച്ചത്.

പണ്ട് കാവി വത്ക്കരണം എന്ന് പറയുമായിരുന്നു. അതും തെറ്റായ രീതിയിലാണ് ഉപയോഗിക്കപ്പെട്ടത്. ഹിന്ദുക്കളെ മുഴുവന്‍ ആട്ടിത്തെളിച്ച് ആര്‍.എസ്.എസിന് മുന്നിലേക്ക് എത്തിക്കുന്നത് ശരിയല്ല. അതല്ല ചെയ്യേണ്ടതെന്നും വി.ഡി സതീശൻ പറഞ്ഞു. 

Tags:    
News Summary - The Chief Minister was wrong to say that Sanathanadharma belongs to the Sangh Parivar - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.