വയനാട്ടിലെ ഭൂമി ഏറ്റെടുക്കൽ: മന്ത്രി കെ. രാജൻ ചട്ടവും നിയമവും മറച്ചു പിടിച്ചോ?

കോഴിക്കോട് : മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ഭൂമി ഏറ്റെടുക്കലിൽ മന്ത്രി കെ. രാജൻ ചട്ടവും നിയമവും മറച്ചു പിടിച്ചോയെന്നാണ് നിയമവിദഗ്ധരുടെ പ്രധാന ചോദ്യം. 2013 ലെ നിയമം ചൂണ്ടിക്കാട്ടി ഹൈകോടതി വിധി മനുഷ്യന്റെ ഹൃദയം അറിഞ്ഞുള്ളതാണെന്നും പുനരധിവാസത്തിലെ ആശങ്കയുടെ കാർമേഘം ഒഴിഞ്ഞെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.

ഇക്കാര്യത്തിൽ സാധാരണ ജനങ്ങളെ നിയമം പറഞ്ഞ് പറ്റിക്കാൻ എളുപ്പമാണ്. 2013 ലെ ഭൂമി ഏറ്റെടുക്കൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമത്തിന് കേരളം 2015 ൽ ചട്ടംകൂടി നിർമിച്ചിരുന്നു. ഇക്കാര്യം എ.ജി ഹൈകോടതിയിൽ ഉന്നയിച്ചിരുന്നോ എന്നറിയില്ല.

 

2015 ൽ ചട്ടം നിർമിക്കുമ്പോൾ സംസ്ഥാനത്ത് ഉമ്മൻ ചാണ്ടി സർക്കാരായിരുന്നു. റവന്യൂ മന്ത്രി അടൂർ പ്രകാശും. ഈ ചട്ടത്തിലെ വകുപ്പ് 18 ൽ ഭൂമി ഏറ്റെടുക്കലിനുള്ള പ്രാഥമിക നോട്ടിഫിക്കേഷനെക്കുറിച്ചാണ് വിവരിക്കുന്നത്. 18 ലെ ഉപവകുപ്പ് ആറിൽ തർക്കഭൂമി എങ്ങനെ ഏറ്റെടുക്കണമെന്നാണ് വിശദീകരിക്കുന്നത്. 2013 ലെ നിയമപ്രകാരം ഏറ്റെടുക്കുന്ന ഭൂമിയുടെ ടൈറ്റിൽ (ഉടമാവകാശം) സംബന്ധിച്ച് കോടതിയോ, മറ്റേതെങ്കിലും ഏജൻസിയോ, ട്രൈബ്യൂണലോ, ഫോറത്തിലോ തർക്കമുണ്ടോയെന്ന് പരിശോധിക്കണം.

ഈ തർക്കം പരിഹരിക്കപ്പെടുന്നതുവരെ, റവന്യൂ രേഖകളിൽ നിയമത്തിന്റെയും ചട്ടങ്ങളുടെയും ആവശ്യത്തിനായി തർക്കഭൂമിയെന്ന് അടയാളപ്പെടുത്തണം. ഭൂമിയിന്മേൽ ഏതെങ്കിലും അവകാശ തർക്കമുള്ള ഏതൊരു വ്യക്തിക്കും നഷ്ടപരിഹാരം നിയമപ്രകാരമുള്ള തർക്കങ്ങളിൽ കോടതി വിധിക്ക് ശേഷം മാത്രമേ നൽകാനാവു. സിവിൽ കോടതിയിലെ കേസ് ഉടമസ്ഥന് അനുകൂലമായി വന്നാൽ അന്ന് വില കൊടുത്താൽ മതി. അതിനാൽ ഭൂമി ഏറ്റെടുക്കുന്നതിൽ തടസാമാകും എന്ന സർക്കാരിൻറെ വാദം ഈ ചട്ടമനുസരിച്ച് നിലനിൽക്കില്ല. വയനാട്ടിൽ പുനരധിവാസത്തിന് ഏറ്റെടുക്കുന്നത് 1947 ന് മുമ്പ് ബ്രിട്ടീഷ് കമ്പനിക്ക് പാട്ടാവകാശം മാത്രമുണ്ടായിരുന്ന ഭൂമിയാണെന്ന് സർക്കാർ ബത്തേരി കോടതിയിൽ വാദിക്കുകയല്ലേ?

ഭൂമിയുടെ ഉടമാവകാശത്തിന്മേലുള്ള തർക്കത്തിലാണ് സർക്കാർ സിവിൽ കോടതിയിൽ കേസ് നൽകിയത്. തർക്കത്തിൽ ഇനി വിധി കൽപ്പിക്കേണ്ടത് ബത്തേരി കോടതിയാണ്. സിവിൽ കോടതിക്കുള്ള അധികാരത്തിന്മേൽ ഇടപെടാനും സർക്കാരിന് കഴിയില്ല. പിന്നെ എന്തിനാണ് ഇക്കാര്യത്തിൽ സർക്കാർ ഇരട്ടത്താപ്പ് നടത്തിയത്. മന്ത്രി ഇടതു കൈ അറിയാതെ വലതു കൈകൊണ്ട് നടത്തിയ നീക്കമാണോയിത്. സിവിൽ കോടതിയിൽ നൽകിയ സത്യവാങ് മൂലവും 2015ലെ ചട്ടവും മറച്ചു പിടിച്ചാണോ എ.ജി ഹൈകോടതിയിൽ വാദിച്ചത്.

ഈ ചട്ടലംഘനത്തിലൂടെ കേരളത്തിന് നഷ്ടപ്പെടുന്നത് രാജമാണിക്യത്തിന്റെ റിപ്പോർട്ട് പ്രകാരമുള്ള മൂന്നര ലക്ഷം ഏക്കർ ഭൂമിയാണ്. മുൻ ഐ.ജി എസ്. ശ്രീജിത്തിന്റെ അന്വേഷണ റിപ്പോർട്ട് പ്രകാരം1947ന് മുമ്പ് അഞ്ച് ലക്ഷത്തിൽ അധികം ഏക്കർ ഭൂമി സംസ്ഥാനത്ത് വിദേശത്തോട്ടം ആയിരുന്നു. ഇത് മുഴുവൻ കേരളീയരുടെയും സ്വത്താണ്. നിലവിൽ ഇത് തർക്ക ഭൂമിയാണ്. സർക്കാർ സിവിൽ കോടതിയിൽ കേസ് നൽകാൻ 2019ൽ ഉത്തരവിറക്കിയ ഭൂമിയാണ്.

പൊന്നും വില നൽകി ഭൂമി ഏറ്റെടുക്കണം എന്ന് മാത്രമല്ല 2013ലെ നിയമത്തിലും 2015ലെ ചട്ടത്തിലും പറഞ്ഞിരിക്കുന്നത്. തർക്ക ഭൂമി ഏറ്റെടുക്കേണ്ടത് എങ്ങനെ എന്നുകൂടി വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള ചട്ടവും നിയമവും ലംഘിച്ച് ഭൂമി ഏറ്റെടുക്കാൻ ആർക്കെങ്കിലും പ്രത്യേക അവകാശമുണ്ടോയെന്നാണ് നിയമവിദഗ്ധർ ചോദിക്കുന്നത്. ഇത് മനുഷ്യന്റെ ഹൃദയം അറിഞ്ഞുള്ള വിധിയല്ല, മറിച്ച് മലയാളികളുടെ ആത്മാവിനേറ്റ മുറിവാണ്.  മന്ത്രി കെ. രാജന്റെയും റവന്യൂ വകുപ്പിന്റെയും അറിവോടെയാണോ ഈ ചട്ടലംഘനം നടന്നത് എന്ന ചോദ്യമാണ് നിയമ വിദഗ്ധർ ഉന്നയിക്കുന്നത്. കോടതിയിൽ സർക്കാരും തോട്ടമുടമകളും ചേർന്നു  ഒത്തുകളി നടത്തിയോ എന്നാണ് ഇവർ ചോദിക്കുന്നത്. 

Tags:    
News Summary - Acquisition of land in Wayanad: Minister K. Rajan Did hide the rules and the law?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.