പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു; കൃത്യം നടത്തിയത് പിതാവിനോടുള്ള വൈരാഗ്യം മൂലം; കാറുകൾ കസ്റ്റഡിയിലെടുത്തു

കൊല്ലം: ഓയൂരിലെ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയതിനു പിന്നിൽ കുട്ടിയുടെ പിതാവിനോടുള്ള വൈരാഗ്യമാണെന്ന് കസ്റ്റഡിയിലുള്ള പത്മകുമാറിന്‍റെ മൊഴി. പണം നൽകിയിട്ടും മകൾക്ക് നഴ്സിങ് പ്രവേശനം ലഭിച്ചില്ലെന്നും കുടുംബത്തെ ഭയപ്പെടുത്താനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നുമാണ് പത്മകുമാർ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

പത്മകുമാറിനെ കുട്ടി ഫോട്ടോയിൽനിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പത്തിലധികം ചിത്രങ്ങൾ അന്വേഷണ സംഘം കുട്ടിയെ കാണിച്ചു. ചാത്തന്നൂർ സ്വദേശിയായ കെ.ആർ. പത്മകുമാറും ഭാര്യയും മകളുമാണ് പിടിയിലായത്. കേസിൽ ഭാര്യക്കും മകൾക്കും പങ്കില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് തമിഴ്നാട് തെങ്കാശി പുളിയറയിലെ ഹോട്ടലിൽനിന്നു മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

മൂവരെയും അടൂർ പൊലീസ് ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. നീലനിറത്തിലുള്ള കാർ തെങ്കാശിയിൽനിന്നും വെള്ളക്കാർ പ്രതിയുടെ വീട്ടുമുറ്റത്തുനിന്നാണ് കണ്ടെടുത്തത്. എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍, ഡി.ഐ.ജി. ആര്‍. നിശാന്തിനി, ഐ.ജി. സ്പര്‍ജന്‍ കുമാര്‍ എന്നിവര്‍ അടൂരിലെ ക്യാമ്പിലെത്തി. സംഭവം നടന്ന് അഞ്ചാം ദിവസമാണ് പ്രതികളെ പിടികൂടുന്നത്. പുളിയറയിലെ ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിക്കവേയാണ് മൂവരും പിടിയിലായത്. ഇവരുടെ വീട്ടിൽനിന്ന് പത്ത് കിലോമീറ്റർ മാത്രം അകലെയാണ് ആറു വയസുകാരിയുടെ വീട്.

ഇവരുടെ വീടിന് മുന്നിൽ സ്വിഫ്റ്റ് ഡിസയർ കാർ നിർത്തിയിട്ട നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ടാണ് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയത്. സ്കൂളിൽ നിന്നെത്തിയ ശേഷം ജ്യേഷ്ഠനായ നാലാം ക്ലാസുകാരനൊപ്പം 100 മീറ്റർ അപ്പുറത്തുള്ള വീട്ടിൽ ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. കാറിലെത്തിയവർ പെൺകുട്ടിയെ വാഹനത്തിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.

Tags:    
News Summary - The child recognized Padmakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.