ആലപ്പുഴ: സി.പി.എം നേതാവ് എ.പി സോണക്കെതിരെ ലൈംഗിക പീഡന പരാതി കൊടുത്തിട്ടില്ലെന്ന് പരാതിക്കാരി. സാമ്പത്തിക ഇടപാട് സംബന്ധിച്ച പരാതിയാണ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് വിഷ്ണുവിനോട് പറഞ്ഞത്. വിഷ്ണുവും ഭാര്യ നിഷയും ബീച്ച് വാർഡ് ബ്രാഞ്ച് സെക്രട്ടറി മാവോയും ചേർന്ന് പീഡന പരാതിയാക്കി മാറ്റിയെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് പെൺകുട്ടികളുള്ള തനിക്ക് നാട്ടിലിറങ്ങാൻ സാധിക്കാത്ത തരത്തിൽ മാനം കെടുത്തുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ജില്ലാ സെക്രട്ടറി നാസറിനും രേഖാമൂലം പരാതി കൊടുത്തിട്ടുണ്ട്. പരാതി നൽകിയെന്ന് അറിഞ്ഞതോടെ താൻ താമസിക്കുന്ന വീടിന്‍റെ ഉടമയെ വിളിച്ച് ഭീഷണിപ്പെടുത്തി. പാർട്ടിക്കുള്ളിലെ ശത്രുത തീർക്കാൻ തന്നെ കരുവാക്കുകയാണ്. ആത്മഹത്യയുടെ വക്കിലാണ് കുടുംബം കഴിയുന്നത്.
തന്നെയും മകളെയും ഉപദ്രവിച്ചെന്ന തരത്തിലാണ് ലൈംഗിക പീഡന പരാതിയിൽ എഴുതിവെച്ചിട്ടുള്ളത്. ഇത്തരത്തിൽ ഒരു സംഭവും നടന്നിട്ടില്ല. ഇത് വ്യാജമായി എഴുതി ചേർത്തതാണ്. വിഷ്ണുവാണ് പരാതി എഴുതിയത്. മകളെ ഉപദ്രവിച്ചെന്ന് എഴുതിയാൽ മാത്രമേ പണത്തിന്‍റെ കാര്യത്തിൽ മുന്നോട്ടു പോകുവാൻ സാധിക്കൂവെന്ന് പറഞ്ഞ് കുട്ടിയുടെ കൈയ്യക്ഷരത്തിൽ പരാതി എഴുതിച്ചത്.
പാർട്ടി അന്വേഷണം വന്നപ്പോൾ നേരിട്ടു ബന്ധപ്പെട്ടു. എന്നാൽ, നീക്കങ്ങൾ നടത്തുന്നത് വിഷ്ണു അടക്കമുള്ളവരുടെ വഴിയാണ്. ഇവരുടെ കസ്റ്റഡിയിലുള്ളവരുടെ ആളുകളുടെ വീട്ടിലാണ് തങ്ങളെ കൊണ്ടു പോകുന്നതെന്നും പരാതിക്കാരി വ്യക്തമാക്കി.
സ്ത്രീകളുടെ നഗ്നചിത്രം മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ചെന്ന ആരോപണത്തിലാണ് ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മുൻ നേതാവുമായ എ.പി. സോണയെ സി.പി.എമ്മിൽ നിന്ന് പുറത്താക്കിയത്. പാർട്ടി നിയോഗിച്ച അന്വേഷണ കമീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജില്ല സെക്രട്ടേറിയറ്റ് യോഗമാണ് നടപടി സ്വീകരിച്ചത്.
ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ ജി. രാജമ്മ, എ. മഹേന്ദ്രൻ എന്നിവരടങ്ങുന്ന അന്വേഷണ കമീഷൻ, കമ്യൂണിസ്റ്റ് പാർട്ടിയുടെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തിയാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ റിപ്പോർട്ട് യോഗം അംഗീകരിക്കുകയായിരുന്നു.
വിഷയം ചർച്ച ചെയ്യാൻ ചേർന്ന ജില്ല സെക്രട്ടേറിയറ്റിൽ സോണക്കെതിരെ നടപടിയിൽ ചേരിതിരിഞ്ഞ് നേതാക്കൾ സംസാരിച്ചിരുന്നു. അശ്ലീല ദൃശ്യങ്ങൾ യഥാർഥത്തിൽ ഉള്ളതാണോയെന്ന് ഒരു വിഭാഗം നേതാക്കൾ ചോദിച്ചു. തെളിവുണ്ടെന്ന് മറുവിഭാഗം വാദിച്ചു. ഓഫിസിലെ കമ്പ്യൂട്ടറിൽ ദൃശ്യങ്ങൾ കണ്ട ശേഷമാണ് നടപടിയെടുത്തതെന്നും പറയപ്പെടുന്നു.
രണ്ടു മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. പാർട്ടി പ്രവർത്തകയടക്കം സ്ത്രീകളുടെ വിഡിയോ മൊബൈലിൽ കണ്ടെത്തിയ സംഭവത്തിൽ അന്നേ പാർട്ടിക്ക് മുന്നിൽ പരാതി എത്തിയിരുന്നു. എന്നാൽ, ജില്ല നേതൃത്വം വേണ്ടത്ര ഗൗരവത്തിലെടുത്തില്ല. സംസ്ഥാന നേതൃത്വത്തിന്‍റെ മുന്നിൽ പരാതി എത്തിയപ്പോഴാണ് തിടുക്കത്തിൽ കമീഷനെ നിയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.