തിരുവനന്തപുരം: പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ വീണ്ടും ആരോപണവുമായി പരാതിക്കാരി. വ്യാജ തെളിവുകൾ ഹാജരാക്കിയാണ് എം.എൽ.എ ജാമ്യം തേടിയതെന്നും തനിക്കെന്ത് സംഭവിച്ചാലും ഉത്തരവാദി എൽദോസ് കുന്നപ്പിള്ളിയായിരിക്കുമെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തനിക്ക് നേരെ ഇപ്പോഴും എം.എൽ.എയുടെ ഭീഷണി തുടരുന്നു. ഇക്കാര്യം പൊലീസിനും പരാതിയായി നൽകി. എം.എൽ.എക്കെതിരെയുള്ള ബലാത്സംഗ, വധശ്രമക്കേസിൽനിന്ന് പിന്മാറണമെന്നും പൊലീസിൽ മൊഴി നൽകരുതെന്നും ഇപ്പോഴും ആവശ്യപ്പെടുന്നതായാണ് പരാതിക്കാരിയുടെ ആരോപണം.
കോൺഗ്രസിലെ വനിതാ പ്രവര്‍ത്തക ഇപ്പോഴും ഭീഷണി സന്ദേശമയക്കുന്നു. ഇതു സംബന്ധിച്ച് താൻ സൈബര്‍ പൊലീസിന് പരാതി നൽകി. എം.എൽ.എ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ്. വ്യാജ തെളിവുകളാണ് ഹാജരാക്കുന്നത്. അങ്ങനെയാണ് മുൻകൂർ ജാമ്യമുൾപ്പെടെ നേടിയത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിക്കും പരാതി നൽകും. എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുമെന്നും പരാതിക്കാരി പറഞ്ഞു. പരാതി ഉന്നയിച്ചതിെൻറ പേരിൽ തന്നെ ഏറ്റവും വലിയ മോശക്കാരിയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് എം.എൽ.എ നടത്തുന്നത്. ഓൺലൈൻ മാധ്യമങ്ങളിലൂടെ തന്നെ വ്യക്തിഹത്യ ചെയ്യുന്ന നിലയിലുള്ള വാർത്തകൾ നിരന്തരം പ്രചരിപ്പിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
അതിനിടെ, എൽദോസ് കുന്നപ്പിള്ളിക്കെതിരെ പുതിയ സൈബർ കേസെടുത്തു. ചില ഓൺലൈൻ മാധ്യമങ്ങളെ ഉപയോഗിച്ച് തനിക്കെതിരെ വ്യാജ വാർത്തകൾ ചമച്ച് സംപ്രേഷണം ചെയ്യുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പേട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.