തിരുവനന്തപുരം: മാധ്യമം ദിനപത്രത്തിൽ ഡോ. ടി.എസ്. ശ്യാംകുമാർ എഴുതിയ ‘രാമായണ സ്വരങ്ങൾ’ എന്ന ലേഖനം മതസ്പർധ വളർത്താനും ക്രമസമാധാനം തക്കാർക്കാനുമുള്ള ആസൂത്രിത ശ്രമമാണെന്ന ഹിന്ദു ഐക്യവേദിയുടെ പരാതി സത്യവിരുദ്ധമാണെന്ന് ശ്രീനാരായണ മാനവധർമം ട്രസ്റ്റ്. മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യനെ പരസ്പരം അപരവത്കരിക്കുന്ന വർണാശ്രമ-അധർമമാണ് രാജ്യത്ത് മതസ്പർധ വളർത്തി കലാപം സൃഷ്ടിക്കുന്നത്.
എല്ലാ മനുഷ്യരും ഒരു ജാതിയിൽപെടുന്ന സഹോദരരാണെന്ന കാലാതീത സത്യം പഠിപ്പിക്കുന്ന ശ്രീനാരായണ മാനവധർമത്തിന് കടകവിരുദ്ധമാണ് വർണാശ്രമ-അധർമം. വർണാശ്രമ-അധർമം സംരക്ഷിച്ച് നിലനിർത്തുന്ന ഹിന്ദു ഐക്യവേദി പോലുള്ള സവർണ സംഘടനകളാണ് നാട്ടിൽ ആസൂത്രിതമായി മതസ്പർധ വളർത്തുന്നതും കലാപം സൃഷ്ടിച്ച് ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നതും. ഇത്തരം സംഘടനകൾക്കെതിരെ സർക്കാർ നിയമനടപടി സ്വീകരിക്കണം. ഡോ. ടി.എസ്. ശ്യാംകുമാറിന്‍റെയും ദലിത്-പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹികനീതിക്കുവേണ്ടി ശബ്ദിക്കുന്ന മറ്റ് അവർണപക്ഷ എഴുത്തുകാരുടെയും വായ് മൂടിക്കെട്ടി വർണാശ്രമ-അധർമം സംരക്ഷിച്ച് സാമൂഹിക-സാമ്പത്തിക അനീതി നിലനിർത്താനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്.
ശ്യാംകുമാറിനോടും വർണാശ്രമ-അധർമത്തിനെതിരെ പോരാടുന്ന എല്ലാ ശ്രീനാരായണീയരോടും അവർണപക്ഷ എഴുത്തുകാരോടും മാധ്യമങ്ങളോടും പൂർണ ഐക്യദാർഢ്യം അറിയിക്കുന്നെന്നും ഡോ. മോഹൻ ഗോപാലിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഭ്യർഥിച്ചു. വി.ആർ. ജോഷി, അഡ്വ. ടി.ആർ. രാജേഷ്, സുദേഷ് എം. രഘു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.