തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ 295 തസ്തികകളിൽ പാർട്ടി പ്രവർത്തകരെ നിയമിക്കാൻ സി.പി.എം ജില്ല സെക്രട്ടറിയോട് പട്ടിക ആവശ്യപ്പെട്ട് മേയർ ആര്യാ രാജേന്ദ്രൻ കത്ത് നൽകിയെന്നതുസംബന്ധിച്ച വിവാദത്തിൽ അന്വേഷണസംഘത്തിന് കേസെടുക്കേണ്ടിവരും. പ്രാഥമികാന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിന് മുമ്പാകെ മേയർ നൽകിയ മൊഴി ഇതിനു പര്യാപ്തമാണ്. വ്യാജരേഖ ചമച്ചു, അട്ടിമറി നടന്നു എന്നീ കാര്യങ്ങൾ വ്യക്തമാക്കുന്നതാണ് മേയറുടെ മൊഴി. വിശദമായി അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് ശിപാർശ നൽകിയാൽ കേസെടുക്കേണ്ടിവരും.
വിഷയത്തിൽ സി.പി.എം ജില്ല നേതൃത്വം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കമീഷനെ നിയോഗിച്ചിട്ടില്ല. ധിറുതിപിടിച്ച് അന്വേഷണം വേണ്ടെന്നാണ് സി.പി.എം സംസ്ഥാന നേതൃത്വം ജില്ല നേതൃത്വത്തിന് നൽകിയ നിർദേശം. ക്രൈംബ്രാഞ്ച് അന്വേഷണം നിരീക്ഷിച്ച് ആവശ്യമെങ്കിൽ മാത്രം അന്വേഷണം മതിയെന്നാണ് സി.പി.എം നിലപാട്. അന്വേഷണം പാർട്ടി പ്രവർത്തകർക്കുനേരെയും നഗരസഭയിലെ നിയമനങ്ങളിലേക്കും എത്താനുള്ള സാധ്യത കാണുന്നതിനാൽ കരുതലോടെയാണ് പാർട്ടിയുടെ നീക്കം.
കത്തിനു പിന്നിൽ അട്ടിമറിയുണ്ടെന്ന തരത്തിലാണ് ആര്യാ രാജേന്ദ്രന്റെ മൊഴി. കത്ത് വ്യാജമാണെന്നാണ് അവരുടെ പക്ഷം. കത്തിന് ഉപയോഗിച്ച ലെറ്റർപാഡ് എഡിറ്റ് ചെയ്ത് തയാറാക്കിയതാണെന്നും മൊഴിയിലുണ്ട്. ലെറ്റർഹെഡും സീലും തന്റേതാണെന്ന് മേയർ സ്ഥിരീകരിച്ചു. 'ലെറ്റർഹെഡ് കോർപറേഷനിലെ പല സെക്ഷനുകളിൽനിന്നും ലഭിക്കും. ഇങ്ങനെ ലഭിച്ച ലെറ്റർഹെഡും ഒപ്പിന്റെ ഭാഗത്തെ സീലുംവെച്ചാണ് കത്ത് തയാറാക്കിയത്. കത്തിന്റെ ഭാഗം എഡിറ്റ് ചെയ്ത് തയാറാക്കിയതാണ്. ഒപ്പ് സ്കാൻ ചെയ്ത് കയറ്റിയതാകാ'മെന്നും ആര്യയുടെ മൊഴിയിലുണ്ട്. വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെ കുറ്റങ്ങൾ നടന്നതായാണ് മേയറുടെ മൊഴി. വ്യാജരേഖയുടെ ഉറവിടം കണ്ടെത്താൻ കേസെടുക്കേണ്ടിവരും.
മേയർ നേരിട്ട് പൊലീസിൽ പരാതി നൽകിയിട്ടില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. പരാതി നൽകിയാൽ സംശയമുള്ളവരെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടി വരും. അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി എത്തിയതും സർക്കാറിന് തിരിച്ചടിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.