കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ ഈ അധ്യയന വർഷം അൺ എയ്ഡഡ് സ്കൂളുകൾ നടത്തിപ്പ് ചെലവിന് ആവശ്യമായ ഫീസിനപ്പുറം ഈടാക്കരുതെന്ന് സർക്കാറും സി.ബി.എസ്.ഇയും ഉത്തരവിടണമെന്ന് ഹൈകോടതി. ബന്ധപ്പെട്ട സർക്കാറുകളുടെ നിർദേശങ്ങൾക്കനുസരിച്ച് സ്കൂളുകളാണ് ഫീസ് നിശ്ചയിക്കേണ്ടതെന്ന സി.ബി.എസ്.ഇ വിശദീകരണത്തിെൻറ കൂടി അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രെൻറ ഉത്തരവ്. അധ്യയന വർഷത്തെ ആദ്യഘട്ട ഫീസ് രണ്ടാഴ്ചക്കകം നൽകാനും നിർദേശിച്ചു. സ്കൂളുകളിൽ ഫീസിളവ് തേടി നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
കോടതിയുടെ മുൻ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ വേണം ചെലവിന് ആനുപാതിക ഫീസ് മാത്രമേ ഈടാക്കാവൂവെന്ന് നിർദേശിച്ച് സർക്കാറും സി.ബി.എസ്.ഇയും സർക്കുലർ പുറപ്പെടുവിക്കേണ്ടത്. 2020 -21 അക്കാദമിക് വർഷത്തേക്ക് മാത്രമായി പുറപ്പെടുവിക്കുന്ന സർക്കുലറിന് മാധ്യമങ്ങളിലൂടെ ആവശ്യമായ പ്രചാരണം നൽകണം. കേസിൽ കക്ഷിയായ രക്ഷിതാക്കളോട് ആദ്യ ടേം ഫീസിെൻറ 50 ശതമാനം അടക്കാൻ കോടതി നിർദേശിച്ചിരുന്നെങ്കിലും ഇതുപോലും പലരും അടച്ചില്ലെന്നും കേസുള്ളതിനാൽ ഫീസ് നൽകേണ്ടതില്ലെന്ന് ഹരജിക്കാർ മറ്റു രക്ഷിതാക്കളോട് പറയുന്നുണ്ടെന്നും മാനേജ്മെൻറുകൾ അറിയിച്ചു. തുടർന്നാണ് ആദ്യഘട്ട ഫീസ് രണ്ടാഴ്ചക്കകം നൽകാൻ നിർദേശിച്ചത്. ഫീസ് കൊടുത്ത് പഠിക്കേണ്ട സ്കൂൾ സ്വയം തെരഞ്ഞെടുത്തതാണ്. കോടതിയിൽ കേസുള്ളതിെൻറ പേരിൽ ഫീസ് കൊടുക്കാതിരിക്കാനാവില്ല. ഫീസിൽ കുറവ് വരുത്താൻ കോടതി ഉത്തരവിട്ടാൽ അടുത്ത ഘട്ടത്തിലെ ഫീസിൽ ഇളവു ചെയ്യും.
കോവിഡ് കാലത്തെ നടത്തിപ്പ് ചെലവ് സംബന്ധിച്ച് സ്കൂളുകൾ സമർപ്പിച്ച കണക്ക് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സി.ബി.എസ്.ഇ റീജനൽ ഡയറക്ടറോട് കോടതി നിർദേശിച്ചു. തുടർന്ന് ഹരജി ഡിസംബർ ഒമ്പതിന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.