തിരുവനന്തപുരം: അധ്യാപകന്‍ തന്നെ തൊട്ടതു 'ബാഡ് ടെച്ച്' ആണെന്ന ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ മൊഴിയെ തുടര്‍ന്ന് അധ്യാപകന്റെ ജാമ്യപേക്ഷ കോടതി തള്ളി. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആജ് സുദർശൻ ആണ് അപേക്ഷ തള്ളി പ്രതിയെ റിമാൻഡ് ചെയ്തത്. സ്കൂളിലെ സംഗീത അധ്യാപകനായ ജോമോനാണ് പ്രതി.
പ്രതി പല തവണ തന്‍റെ ശരീരഭാഗങ്ങളിൽ സ്പർശിച്ചുവെന്നാണ് കുട്ടി പൊലീസിന് നൽകിയ മൊഴി. പലപ്പോഴായി ഇത് ആവർത്തിച്ചു. അതെല്ലാം ബാഡ് ടെച്ച് ആണെന്ന് തോന്നിയതിനാലാണ് പരാതിപ്പെട്ടതെന്നും വിദ്യാർഥിനി പറഞ്ഞിരുന്നു. ക്ലാസ് റൂമിന്റെ പുറത്ത് വെച്ച് കാണുമ്പോഴൊക്കെ ഇഷ്ടമാണെന്ന് തന്നോടും കൂട്ടുകാരിയോടും പ്രതി പറഞ്ഞിട്ടുണ്ടെന്നും വിദ്യാർഥിനി മൊഴി നൽകി. ഫെബ്രുവരി പത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അതേസമയം, താൻ നിരപരാധി ആണെന്നും കേസുമായി തനിക്ക് ബന്ധമില്ലെന്നും പറഞ്ഞാണ് പ്രതി ജാമ്യപേക്ഷ നൽകിയത്. എന്നാൽ, അധ്യാപകനായ പ്രതി നടത്തിയ കുറ്റകൃത്യം അംഗീകരിക്കാനാവില്ലെന്ന് ജാമ്യാപേക്ഷ എതിർത്തു കൊണ്ട് സ്പെഷ്യൽ പബ്ലിക്ക് പ്രൊസീക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ കോടതിയിൽ പറഞ്ഞു.
പ്രതിക്കെതിരെ മറ്റൊരു വിദ്യാർഥിനികൂടി പരാതി നൽകിയതിനാൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇതെല്ലാം പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. മാതൃകയാകേണ്ട അധ്യാപകന്റെ പ്രവൃത്തി ന്യായീകരിക്കാവില്ലെന്നും സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നതിനാൽ പ്രതി ജാമ്യത്തിന് അർഹനല്ലെയെന്നും കോടതി ഉത്തരവിൽ പറയുന്നു. രണ്ടാമത്തെ വിദ്യാർഥിനിയുടെ പരാതിയിൽ പ്രതിക്കെതിരെ ഒരു കേസുകൂടി പൊലീസ് എടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.