കൊല്ലം: തിരുവിതാംകൂർ രാജാക്കാന്മാർ വിദേശ കമ്പനികൾക്കും വ്യക്തികൾക്കും പാട്ടം നൽകിയ ഭൂമി നിയമവിരുധമായി കൈവശം വെച്ചിരിക്കുന്ന ഹാരിസൺസും റിയ റിസോർട്ടും നൽകിയ ഹരജി പുനലൂർ കോടതി തള്ളി. ഹാരിസൺസ് അടക്കമുള്ള വിദേശകമ്പനികളും അവരിൽനിന്ന ഭൂമി വാങ്ങിയവരും അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമിയിൽ സർക്കാരിന്റെ ഉടമസ്ഥത സ്ഥാപിക്കുന്നതിന് സിവിൽ കോടതിയിൽ ഹരജി നൽകാൻ റവന്യൂ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എം. ജയതിലക് 2019ലാണ് ഉത്തരവിട്ടത്.
ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഹാരിസൺസിൽനിന്ന് ഭൂമി വാങ്ങിയ റിയ റിസോർട്ടിന്റെ കേസിൽ കൊല്ലം കലക്ടർ പുനലൂർ കോടതിയിൽ ഹരജി നൽകിയിരുന്നു. പുനലൂർ കോടതിയുടെ പരിഗണനയിൽ ഇതുസംബന്ധിച്ച കേസ് നിലനിൽക്കില്ലെന്ന ഹരിസൺസിന്റെയും റിയ റിസോർട്ടിന്റെയും ഉപഹരജിയാണ് കോടതി തള്ളിയത്. കേസ് നിയമപരമായി നിലനിൽക്കുമെന്ന് പുനലൂർ സബ് ജഡ്ജി കെ.എ സുജ ഉത്തരവിൽ വ്യക്തമാക്കി.
പുനലൂർ സബ് രജിസ്ട്രാർ ഓഫിസിലെ (എസ്.ആർ.ഒ- 2840/2005) ഭൂവിൽപന രേഖ അസാധുവായി പ്രഖ്യാപിക്കാനും സ്വത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിനാണെന്ന് പ്രഖ്യാപിക്കാനും അനധികൃതമായി കൈവശം വെച്ച ഭൂമി തിരിച്ചുപിടിക്കണമെന്നുമാണ് സർക്കാർ ആവശ്യപ്പെട്ടത്. സർക്കാരിന്റെ ഈ വാദങ്ങളെല്ലാം സിവിൽ സ്വഭാവമുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അത്തരം സ്വഭാവമുള്ള കേസുകൾ വിചാരണ ചെയ്യാൻ ഈ കോടതിക്ക് അധികാരമുണ്ടെന്നും പറഞ്ഞു.
പഴയ രേഖകൾ അനുസരിച്ച് പത്തനാപുരം പകുതിയിലാണ് തെന്മല എസ്റ്റേറ്റ്. ഹാരിസൺസ് കമ്പനിക്ക് വിൽക്കാൻ അവകാശമില്ലെങ്കിലും നിയമവിരുദ്ധമായി 204 ഏക്കർ ഭൂമി മുംബൈ ആസ്ഥാനമാക്കിയുള്ള റിയ റിസോർട്ടിന് വിറ്റു. ഭൂമി വിൽപന വിവാദമായിതിനെ തടുർന്ന് സ്പെഷ്യൽ ഓഫീസർ എം.ജി രാജമാണിക്യം 2015ൽ ഭൂരേഖകൾ പരിശോധിച്ചു. സെറ്റിൽമെൻറ് രേഖ പ്രകാരം പണ്ടാരപ്പാട്ട ഭൂമിയാണെന്ന് രാജമാണിക്യം കണ്ടെത്തി. ഇത്തരത്തിൽ ഹാരിസൺസ് 8,149 ഏക്കർ ഭൂമിയാണ് വിൽപ്പന നടത്തിയത്. കെ.പി യോഹന്നാന് വിറ്റ ചെറുവള്ളി എസ്റ്റേറ്റ്, ഇടുക്കി പെരുവന്താനം വില്ലേജിലെ ബോയ്സ്, ട്രാവൻകൂർ എസ്റ്റേറ്റ്, കുളിർകാട് എസ്റ്റേറ്റ്, പ്രിയ എസ്റ്റേറ്റ് തുടങ്ങിയവയെല്ലാം ഹാരിസൺസ് കമ്പനി വിറ്റ ഭൂമിയാണെന്നും കണ്ടെത്തി.
ഹാരിസൺസ് അനധികൃതമായി കൈവശംവെച്ചിരിക്കുന്ന ഭൂമിയും കമ്പനി കൈമാറ്റം ചെയ്ത ഭൂമിയും സർക്കാർ ഭൂമിയായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാനത്തുടനീളം കേസുകൾ ഫയൽ ചെയ്യാനാണ് റവന്യൂ വകുപ്പ് ഉത്തരവിട്ടത്. ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെ വിധിയെ തുടർന്നാണ് ഉത്തരവിറക്കിയത്. കലക്ടർ വാദിയായി അഞ്ച് കേസ് പുനലൂർ കോടതിയിലും ഒരു കേസ് കൊല്ലം കോടതിയിലും ഫയൽ ചെയ്തിരുന്നു. സർക്കാരിനുവേണ്ടി ജില്ലാ ഗവ. പ്ലീഡർ എസ്.എസ് ബിനു ഹാജരായി.
വിദേശതോട്ടം ഭൂമിയിൽ സർക്കാരിന്റെ ഇടമസ്ഥ സാഥാപിക്കുന്നതിന് കേസ് നൽകാൻ റവന്യൂ വകുപ്പ് ഉത്തരവിട്ടതിനുശേഷവും പല കലക്ടർമാരും കേസ് നൽകുന്നതിൽ അലംഭാവം തുടരുകയാണ്. വയനാട്, പാലക്കാട് കലക്ടർമാർ ഇതുവരെ ഒരു കേസ് പോലും സിവിൽ കോടതിയിൽ നൽകിയിട്ടില്ല. സംസ്ഥാനത്തെ അഞ്ചര ലക്ഷത്തോളം ഏക്കർ ഭൂമി വിദേശ കമ്പനികളും അവരിൽനിന്ന് നിയമവരുധമായി കൈമാറ്റം ചെയ്തവരുടെയും കൈവശമുണ്ടെന്നാണ് റിപ്പോർട്ട്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രി ഇ.ചന്ദ്രശേഖരൻ കാര്യമായ നടപടികൾ ഒന്നും സ്വീകരിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.