കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപ്, സുഹൃത്തും വ്യവസായിയുമായ ജി.ശരത്ത് എന്നിവർക്കെതിരെ അന്വേഷണ സംഘം സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ട്, എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം.വർഗീസ് അംഗീകരിച്ചു. തങ്ങൾക്കെതിരായ കുറ്റങ്ങൾ നിലനിൽക്കില്ലെന്നാരോപിച്ച് പ്രതികൾ നൽകിയ ഹരജികൾ കോടതി തള്ളി. രണ്ടു പ്രതികളും ഈ മാസം 31 ന് നേരിട്ട് ഹാജരാകണം. അന്നേദിവസം കുറ്റപത്രം വായിച്ച് കേൾപ്പിക്കും.
സംവിധായകൻ പി.ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളാണ് തുടരന്വേഷണത്തിന് വഴിയൊരുക്കിയത്. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾ വ്യാജമാണെന്നും അന്വേഷണ റിപ്പോർട്ട് തള്ളണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ആദ്യ കുറ്റപത്രത്തിന്റെ സാക്ഷി വിസ്താരത്തിനിടെ പ്രോസിക്യൂഷനുണ്ടായ വീഴ്ച പരിഹരിക്കാനും കുറ്റപത്രത്തിലെ പഴുതുകൾ അടയ്ക്കാനുള്ള സാവകാശത്തിനായി ബാലചന്ദ്രകുമാറിനെ കൊണ്ട് വ്യാജ ആരോപണങ്ങൾ ഉന്നയിപ്പിച്ചെന്നും പ്രതിഭാഗം വാദിച്ചു.
എന്നാൽ, കേസിലെ എട്ടാം പ്രതി ദിലീപ് തെളിവുകൾ നശിപ്പിച്ചെന്നും ശരത്ത് തെളിവുകൾ മറയ്ക്കാൻ ശ്രമിച്ചെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. 112 പുതിയ സാക്ഷികളുടെ പട്ടികയും 300 രേഖകളും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഒന്നാംഘട്ട സാക്ഷി വിസ്താരത്തിനിടെ 22 പ്രോസിക്യൂഷൻ സാക്ഷികൾ കൂറുമാറിയതിന് പിന്നിൽ പ്രതികൾക്കും പ്രതിഭാഗം അഭിഭാഷകർക്കും പങ്കുണ്ടെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ഇത് സ്ഥാപിക്കാനുള്ള കണ്ടെത്തലുകളും അനുബന്ധ കുറ്റപത്രത്തിലുണ്ട്.
ആദ്യഘട്ട സാക്ഷിവിസ്താരത്തിനിടെ കോടതി ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയും രണ്ടാം കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്. കേസിന്റെ തുടർ വിചാരണ നവംബർ 10ന് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.