‘എന്‍റെ കുഞ്ഞിനെ കൊന്നത് സത്യമാ... അവൾക്ക് നീതി കിട്ടിയില്ല...’; വൈകാരിക രംഗങ്ങൾക്ക് സാക്ഷിയായി കോടതി

കട്ടപ്പന: വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊന്ന കേസിലെ പ്രതിയെ വെറുതെവിട്ട വിധിക്ക് പിന്നാലെ കോടതി സാക്ഷിയായത് വൈകാരിക രംഗങ്ങൾക്ക്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാവിന്‍റെ പ്രതികരണമാണ് വിധി കേൾക്കാൻ എത്തിയവരെ നിശബ്ദരാക്കിയത്. 'എന്‍റെ കുഞ്ഞിനെ കൊന്നത് സത്യമാ... അവൾക്ക് നീതി കിട്ടിയില്ല...' എന്ന് മാതാവ് ഉറക്കെ വിളിച്ചു പറഞ്ഞു.

'14 കൊല്ലം കുഞ്ഞളില്ലാതെ കിട്ടിയ കൊച്ചാണ്. അവളെ കൊന്നു കളഞ്ഞില്ലേ. എന്‍റെ മോളെ കൊന്നത് സത്യമാ. അവനെ വെറുതെ വിടില്ല. ഇപ്പോൾ എന്ത് നീതിയാണ് കിട്ടിയേക്കുന്നേ. നാട്ടുകാർക്ക് മുഴുവൻ അറിയാം അവൻ ചെയ്ത കാര്യങ്ങൾ. അവനെ വെറുതെവിട്ടു. അവൻ സന്തോഷായിട്ട് ജീവിക്കാൻ പോകുവാ. ഞങ്ങൾക്ക് ഞങ്ങളുടെ കുഞ്ഞിനെ നഷ്ടപ്പെട്ടില്ലേ' -മാതാവ് കണ്ഠമിടറി പറഞ്ഞു.

കോടതി വിധിക്കേട്ട് മാതാവും പിതാവും പൊട്ടിക്കരഞ്ഞു. കുട്ടിക്ക് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ കോടതിക്ക് പുറത്ത് പ്രതിഷേധിച്ചു.

ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊന്ന കേസിലെ പ്രതിയും പെൺകുട്ടിയുടെ സമീപവാസിയുമായ അര്‍ജുനെ(24)യാണ് തെളിവില്ലെന്ന് കണ്ട് കോടതി വെറുതെവിട്ടത്. പ്രതിക്കെതിരേ ചുമത്തിയ കൊലപാതകം, ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കട്ടപ്പന അതിവേഗ പ്രത്യേക കോടതി ജഡ്ജി വി. മഞ്ജു ഉത്തരവിൽ വ്യക്തമാക്കി.

2021 ജൂണ്‍ 30നാണ് ചുരുക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളില്‍ ആറു വയസ്സുകാരിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടയിരുന്നു. പൊലീസ് അന്വേഷണത്തിൽ സമീപവാസി കൂടിയായ അര്‍ജുൻ പിടിയിലായി. വണ്ടിപ്പെരിയാര്‍ സി.ഐ. ആയിരുന്ന ടി.ഡി. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന് അര്‍ജുന്‍ സമ്മതിച്ചെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. പീഡനത്തിനിടെ കുട്ടി ബോധരഹിതയായെന്നും ഇതോടെ കെട്ടിത്തൂക്കിയെന്നും പ്രതി പറഞ്ഞതായി അറിയിച്ച പൊലീസ്, അശ്ലീലചിത്രങ്ങള്‍ക്ക് അടിമയാണ് പ്രതിയെന്നും മൂന്നു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു.

കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് പുറമേ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളും പ്രതിക്കെതിരേ ചുമത്തിയിരുന്നു. 48 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. 69ലധികം രേഖകളും കോടതിയില്‍ ഹാജരാക്കി. കുറ്റപത്രം സമര്‍പ്പിച്ച് രണ്ടു വര്‍ഷത്തിന് ശേഷമാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞത്. 

Tags:    
News Summary - The court witnessed emotional scenes in six year old girl rape and murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.