കണ്ണൂരിലെ സി.പി.എം-ബി.ജെ.പി ഒത്തുകളി പകല്‍ പോലെ വ്യക്തമെന്ന് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്

കണ്ണൂര്‍: ജില്ലയില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള കൃത്യമായ ധാരണയാണ് തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പില്‍ പകല്‍ പോലെ വ്യക്തമായതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്. മാങ്ങാട്ടിടം പഞ്ചായത്തിലെ നീര്‍വേലി വാര്‍ഡില്‍ ബി.ജെ.പിയെ സി.പി.എം സഹായിച്ചപ്പോള്‍ മുഴുപ്പിലങ്ങാട് സി.പി.എമ്മിന് ഭരണം നഷ്ടമാകാതിരിക്കാന്‍ ബി.ജെ.പി തിരിച്ചു സഹായിച്ചു. വോട്ടിങ് കണക്കുകള്‍ പരിശോധിച്ചാല്‍ ഒത്തുകളി ആര്‍ക്കും ബോധ്യപ്പെടുമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

നീര്‍വേലിയില്‍ 2020ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 583 വോട്ടാണ് ലഭിച്ചതെങ്കില്‍ ഉപ തെരെഞ്ഞെടുപ്പില്‍ 615 വോട്ടാണ് ലഭിച്ചത്. അതേസമയം, സി.പി.എമ്മിന് 2020ല്‍ 299 വോട്ട് ലഭിച്ച സ്ഥാനത്ത് ഇക്കുറി 201 വോട്ട് മാത്രമാണ് നേടാനായത്. കോണ്‍ഗ്രസിനും എസ്.ഡി.പി.ഐക്കും കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാളും വോട്ടുകള്‍ വര്‍ധിക്കുകയും ചെയ്തു. കോണ്‍ഗ്രസിന് 2020ല്‍ 443 വോട്ടാണ് ലഭിച്ചതെങ്കില്‍ ഇത്തവണ 525 വോട്ട് ലഭിച്ചു.

എസ്.ഡി.പി.ഐക്കും വോട്ട് വര്‍ധിച്ചു. ബി.ജെ.പിക്ക് വേണ്ടി സി.പി.എം വോട്ട് മറിച്ചതാണ് സി.പി.എമ്മിന് വോട്ട് കുറയാന്‍ കാരണം. നീര്‍വേലിയിലേതിനു പ്രത്യുപകാരമായാണ് മുഴപ്പിലങ്ങാട് പഞ്ചായത്തിലെ ആറാം വാര്‍ഡായ തെക്കേകുന്നുമ്പ്രത്ത് ബി.ജെ.പി സി.പി.എമ്മിന് വോട്ടുമറിച്ചത്. 2020ല്‍ ബി.ജെ.പിക്ക് 141 വോട്ടാണ് ലഭിച്ചതെങ്കില്‍ ഇപ്പോള്‍ കിട്ടിയത് വെറും 36 വോട്ടാണ്. ബി.ജെ.പി വോട്ട് മറിച്ചതു കൊണ്ടു മാത്രമാണ് ഇവിടെ സി.പി.എം സ്ഥാനാര്‍ത്ഥി വിജയിച്ചത്.

ബി.ജെ.പിയെയും ആര്‍.എസ്.എസിനേയും എതിര്‍ക്കാന്‍ സി.പി.എമ്മേയുള്ളൂവെന്ന് കവലപ്രസംഗം നടത്തി ഇനിയും ആളുകളെ പറ്റിക്കാമെന്ന് സി.പി.എം നേതൃത്വം കരുതേണ്ട. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലടക്കം ബി.ജെ.പിയുമായി വോട്ടുധാരണയുണ്ടാക്കുന്ന സി.പി.എമ്മിന്റെ തനിനിറം പൊതുസമൂഹം മനസിലാക്കിക്കഴിഞ്ഞു.

സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടിനിടയിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ മികച്ച പ്രകടനമാണ് ഉപതെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ചത്. കണ്ണൂര്‍ കോര്‍പറേഷനിലെ കക്കാട് ഡിവിഷനില്‍ വര്‍ധിച്ച ഭൂരിപക്ഷത്തോടെ യു.ഡി.എഫിന് ഉജ്ജ്വല വിജയം സമ്മാനിച്ച വോട്ടര്‍മാരെ മാര്‍ട്ടിന്‍ ജോര്‍ജ് അഭിനന്ദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.