ഫലസ്തീൻ ജനതക്ക് പിന്തുണ പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ്

തിരുവനന്തപുരം: ഫലസ്തീനെതിരെ ഇസ്രയേൽ സൈന്യം നടത്തുന്ന ആക്രമണത്തിനെതിരെ പ്രതിഷേധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ്. നിയമവിരുദ്ധമായ അധിനിവേശത്തില്‍ നിന്നും ഇസ്രയേല്‍ പിന്മാറുകയും ഫലസ്‌തീന്‍ പൗരന്മാരുടെ അവകാശങ്ങളും അന്താരാഷ്ട്ര നിയമങ്ങളും അംഗീകരിക്കുകയും ചെയ്യണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പലസ്‌തീനിലെ ജനതക്ക് മാതൃഭൂമിയിലും സ്വത്തിലും അവകാശമുണ്ടെന്ന്‌ പ്രസ്‌താവിക്കുന്ന യു.എന്‍ പൊതുസഭ പ്രമേയം പോലും മുഖവിലക്കെടുക്കാന്‍ ഇസ്രയേല്‍ തയ്യാറാകുന്നില്ല. ഇസ്രയേല്‍ അധിനിവേശത്തിനെതിരെ ഫലസ്‌തീന്‍ ജനതക്ക്‌ പിന്തുണ പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും സി.പി.എം ആവശ്യപ്പെട്ടു.

ഇസ്രയേലിനെ പിന്തുണക്കുന്ന അമേരിക്കയിലെ ബൈഡൻ ഭരണകൂടത്തിന്‍റെ നയത്തിനെയും പ്രസ്താവനയിൽ വിമർശിക്കുന്നുണ്ട്. അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്ത്‌ വരണമെമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അഭ്യർഥിച്ചു.

പ്രസ്താവനയുടെ പൂർണരൂപം

പലസ്‌തീന്‍ ജനതക്കെതിരെ ഇസ്രയേലി സൈന്യം നടത്തുന്ന തികച്ചും മനുഷ്യത്വ വിരുദ്ധമായ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണരണം. കിഴക്കന്‍ ജെറുസലേമിന്റെ പൂര്‍ണമായ അധിനിവേശം ലക്ഷ്യം വച്ചാണ്‌ അല്‍ അഖ്‌സ പള്ളിക്ക്‌ നേരെ ആക്രമണം നടത്തുന്നത്‌. റംസാന്‍ വ്രതക്കാലമാണെന്ന്‌ കൂടി പരിഗണിക്കാതെയാണ്‌ ആക്രമണം തുടങ്ങിയത്‌.

ആരാധനാലയമായ അല്‍-അഖ്‌സ പള്ളി പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നവരെ ലക്ഷ്യം വച്ചായിരുന്ന പല ബോംബിങ്ങും. നൂറിലധികം പലസ്‌തീന്‍കാരാണ്‌ ഇതിനോടകം കൊല്ലപ്പെട്ടത്‌. ഇതില്‍ കുട്ടികളും സ്‌ത്രീകളുമുണ്ട്‌. പലസ്‌തീന്‍ ജനത ഈ സ്ഥലം വിട്ട്‌ പോകണമെന്നാണ്‌ ഇസ്രയേല്‍ പറയുന്നത്‌. അതിനായി വീടുകളും താമസ സ്ഥലങ്ങളും ബോംബിട്ട്‌ തകര്‍ക്കുകയാണ്‌ ഇസ്രയേല്‍.

വ്യോമക്രമണത്തിന്‌ പുറമേ ഇപ്പോള്‍ കരയുദ്ധവും ആരംഭിച്ചതായാണ്‌ വാര്‍ത്ത. ഇത്തരത്തില്‍ ആക്രമണം നടത്തുന്ന ഇസ്രയേലിന്റെ ചെയ്‌തികള്‍ മനുഷ്യാവകാശങ്ങളെ ഹനിക്കുന്നതും യു.എന്‍ പാസാക്കിയ വിവിധ പ്രമേയങ്ങളുടെ ലംഘനവുമാണ്‌. നിയമവിരുദ്ധമായ അധിനിവേശത്തില്‍ നിന്നും ഇസ്രയേല്‍ പിന്മാറുകയും പലസ്‌തീന്‍ പൗരന്മാരുടെ അവകാശങ്ങളും അന്താരാഷ്ട്ര നിയമങ്ങളും അംഗീകരിക്കുകയും ചെയ്യണം. എങ്കില്‍ മാത്രമേ ഈ പ്രദേശത്ത്‌ സമാധാനം ഉറപ്പാക്കാന്‍ കഴിയൂ. പലസ്‌തീനിലെ ജനതയ്‌ക്ക്‌ തങ്ങളുടെ മാതൃഭൂമിയിലും സ്വത്തിലും അവകാശമുണ്ടെന്ന്‌ പ്രസ്‌താവിക്കുന്ന യു.എന്‍ പൊതുസഭ പ്രമേയം പോലും മുഖവിലക്കെടുക്കാന്‍ ഇസ്രയേല്‍ തയ്യാറാകുന്നില്ല. ഇത്‌ അംഗീകരിച്ചുകൊടുക്കാന്‍ സാധിക്കുന്ന ഒന്നല്ല. ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുന്നതില്‍ ആവര്‍ത്തിച്ച്‌ പരാജയപ്പെട്ടിരിക്കയാണ്‌ പ്രധാനമന്ത്രി നെതന്യാഹു. നിസ്സാരമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കും സര്‍ക്കാരിന്റെ പരാജയങ്ങള്‍ മറച്ചുവെക്കുന്നതിനും കൂടിയാണ്‌ ഈ ആക്രമണം. ഇസ്രയേലില്‍ കഴിയുന്ന പലസ്‌തീന്‍കാര്‍ക്ക്‌ കോവിഡ്‌ വാക്‌സിന്‍ നല്‍കുന്നതില്‍ പോലും കാട്ടുന്ന വിവേചനം കടുത്ത വംശീയ ചിന്തയുടെ പ്രതിഫലനമാണ്‌.

സ്ഥിതിഗതികള്‍ ഇത്രയും ഗൗരവമുള്ളതായിട്ടും അമേരിക്ക ഇസ്രയേലിന്റെ നടപടികളെ അപലപിക്കാന്‍ ഇപ്പോഴും തയ്യാറായിട്ടില്ല. പശ്ചിമേഷ്യയില്‍ സമാധാനം പുലരാന്‍ പാടില്ല എന്ന സാമ്രാജ്യത്വ ചിന്ത ബൈഡന്‍ ഭരണകൂടവും വച്ചുപുലര്‍ത്തുന്നു എന്നുവേണം മനസ്സിലാക്കാന്‍. പലസ്‌തീന്‍ ജനതയോടുള്ള ഇന്ത്യയുടെ മുന്‍കാല സമീപനം ബിജെപി സര്‍ക്കാര്‍ കൈവെടിഞ്ഞത്‌ അപലപനീയമാണ്‌. ഇസ്രയേല്‍ അധിനിവേശത്തിനെതിരെ പലസ്‌തീന്‍ ജനതക്ക്‌ പിന്തുണ പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.

പലസ്‌തീന്‍ വിഷയത്തിലുള്ള സിപിഐ എം നിലപാട്‌ വളരെ മുന്‍പേ പ്രഖ്യാപിച്ചിട്ടുള്ളതും സുവ്യക്തവുമാണ്‌. അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്ത്‌ വരണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യർഥിക്കുന്നു.

Tags:    
News Summary - The CPM state secretariat said the central government should be ready to declare support for the Palestinian people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.