കൊല്ലം: ബാലികയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ പിടികൂടാൻ വൈകുന്നത് മനഃപൂർവമെന്ന സംശയം കനക്കുന്നു. സംഭവത്തെക്കുറിച്ച വാർത്തകൾ മുഖ്യധാരയിൽനിന്ന് മറയുംവരെ അന്വേഷണം വൈകിപ്പിച്ച് ആരെയോ സംരക്ഷിക്കാനാണ് ശ്രമമെന്ന് ആക്ഷേപമുയരുന്നു. കുട്ടിയെ പരിക്കില്ലാതെ കിട്ടിയല്ലോ, ഇനി എന്തുമാകട്ടെ എന്ന ചിന്തയിലേക്ക് കാര്യങ്ങൾ എത്തിയാൽ അറസ്റ്റുണ്ടായില്ലെങ്കിൽപോലും വലിയ ചർച്ചയിലേക്ക് കാര്യങ്ങൾ എത്തില്ലെന്ന് ബന്ധപ്പെട്ടവർ കരുതുന്നു.
ഇരുനൂറോളം പേരടങ്ങുന്ന സംഘത്തെ 13 സ്ക്വാഡുകളായി തിരിച്ച് അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് പറയുന്നുണ്ടെങ്കിലും അന്വേഷണസംഘം വലിയ സമ്മർദം നേരിടുന്നതായാണ് അറിയുന്നത്. ഒരു വിവരവും പുറത്തുപോകരുതെന്ന കർശനനിർദേശമാണ് സംഘത്തിലെ ഓരോ അംഗത്തിനും നൽകിയിരിക്കുന്നത്.
കൃത്യമായ തെളിവോടെയല്ലാതെ ആരെയും പിടികൂടേണ്ടതില്ലെന്നും ഉന്നതങ്ങളിൽനിന്ന് അറിയിച്ചിട്ടുണ്ടത്രെ. പ്രതികളിൽ ആരും മൊബൈൽ ഉപയോഗിക്കാത്തതാണ് അന്വേഷണ ഉദ്യോഗസ്ഥരെ വലക്കുന്നത്. സംഭവം നടന്ന സ്ഥലത്തിന്റെ പരിസരത്തുള്ള ടവർ ലൊക്കേഷനുകൾക്ക് കീഴിലെ ഫോൺ വിളികൾ പൊലീസ് ഇഴകീറി പരിശോധിക്കുന്നുണ്ട്.
യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ പത്തനംതിട്ട ജില്ല നേതാവുകൂടിയായ കുട്ടിയുടെ പിതാവിനെ രണ്ടുതവണയായി മണിക്കൂറുകൾ ചോദ്യംചെയ്തു. ഇയാളുടെ സാമ്പത്തിക ഇടപാടുകളിലേക്കടക്കം അന്വേഷണം നീളുന്നുണ്ട്.
സംഘത്തിൽ ഒന്നിലധികം സ്ത്രീകൾ ഉൾപ്പെട്ടിരുന്നെന്നും തട്ടിക്കൊണ്ടുപോയ രാത്രി കൊല്ലം നഗരത്തിൽതന്നെയുള്ള ഇരുനില വീട്ടിലാണ് കുട്ടിയെ താമസിപ്പിച്ചിരുന്നതെന്നും ഇതിനകം വ്യക്തമായി. സമീപം പൊലീസ് സാന്നിധ്യമുള്ളപ്പോഴാണ് ആശ്രാമം മൈതാനിയിൽ സ്ത്രീ കുട്ടിയെ ഉപേക്ഷിച്ച് കടന്നത്.
പൊലീസിന്റെ കണ്ണിൽപെടാതെ എങ്ങനെ അത് സാധ്യമായി എന്നതാണ് ദുരൂഹത വർധിപ്പിക്കുന്നത്. രണ്ട് പൊലീസ് വാഹനങ്ങൾ ഈസമയം അതുവഴി കടന്നുപോയെന്ന് ദൃക്സാക്ഷികൾ പറയുന്നു. കുഞ്ഞിനെ ഉപേക്ഷിച്ച ഘട്ടത്തിൽ സ്ത്രീ പൊലീസിന്റെ കണ്ണിൽപെടാതിരുന്നത് വീഴ്ചയല്ലെന്ന് സമ്മതിച്ചാൽ പോലും ശേഷം ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കഴിയാത്തതിലാണ് സംശയം.
കൂടുതൽ സി.സി ടി.വി ദൃശ്യങ്ങൾ ലഭ്യമായെന്ന് പറയുന്നെങ്കിലും ഈ സ്ത്രീയെകുറിച്ചെങ്കിലും കൃത്യമായ വിവരം പൊലീസിന് ലഭിച്ചില്ല എന്നത് വിശ്വസിക്കാൻ പ്രയാസമാണ്.
ഇതിനിടെയാണ് കുട്ടി നൽകിയ വിവരംവെച്ച് മൂന്നുപേരുടെ രേഖാചിത്രം തയാറാക്കി പൊലീസ് പുറത്തുവിട്ടത്. നീലനിറത്തിലുള്ള കാറിൽ കുറച്ചകലെ എത്തിച്ചശേഷം അവിടെനിന്ന് ഓട്ടോയിൽ മൈതാനത്ത് കൊണ്ടുവന്നെന്നാണ് കുട്ടിയുടെ മൊഴി. വെള്ള സ്വിഫ്റ്റ് ഡിസയർ കാറിനൊപ്പം നീലനിറത്തിലെ കാർകൂടി അന്വേഷണ പരിധിയിലേക്ക് വന്നുവെന്നല്ലാതെ വേറെ പുരോഗതിയൊന്നും ഇക്കാര്യത്തിലും ഉണ്ടായില്ല.
കൊല്ലം: ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൊല്ലം റൂറൽ പൊലീസ് പ്രതികളെന്ന് സംശയിക്കുന്നവരുടെ പുതിയ രേഖാചിത്രങ്ങൾ പുറത്തുവിട്ടു. കുട്ടി നൽകിയ വിവരമനുസരിച്ചാണ് പുതിയ ചിത്രങ്ങൾ വരച്ചത്. ഒരു സ്ത്രീയുടെയും രണ്ടു പുരുഷന്മാരുടെയും ചിത്രങ്ങളാണ് വരച്ചത്. വിവരം ലഭിക്കുന്നവർ 94979 80211 നമ്പറിൽ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.