പുതുപ്പള്ളി സ്ഥാനാർഥിയെ കുറിച്ചുള്ള ചർച്ച അവസാനിപ്പിക്കണം; ഉമ്മൻചാണ്ടി അനുസ്മരണ വിവാദം അനാവശ്യമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ കുറിച്ചുള്ള ചർച്ചകൾ ഘടകകക്ഷി നേതാക്കൾ അടക്കം എല്ലാവരും അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മൂന്നോ നാലോ മാസം കഴിഞ്ഞ് നടക്കുന്ന തെരഞ്ഞെടുപ്പാണിത്. സംസ്ഥാനത്ത് നടക്കുന്ന ചർച്ചകൾക്ക് ശേഷം സ്ഥാനാർഥിയെ കോൺഗ്രസ് അധ്യക്ഷൻ പ്രഖ്യാപിക്കും. അതിനുള്ള അവകാശം ദയവ് ചെയ്ത് തരണമെന്ന് മാധ്യമങ്ങളോട് അഭ്യർഥിക്കുകയാണ്. പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാൽ മണിക്കൂറിനുള്ളിൽ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും സതീശൻ വ്യക്തമാക്കി.

ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചതിൽ ഉയർന്ന വിവാദം അനാവശ്യമെന്ന് സതീശൻ വ്യക്തമാക്കി. പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ വിളിക്കണമെന്ന് മുതിർന്ന നേതാക്കൾ തീരുമാനിച്ചതാണ്. ഉമ്മൻചാണ്ടിയുടെ അനുസ്മരണ പരിപാടിയായതിനാലാണ് എല്ലാ മേഖലയിൽപ്പെട്ട പ്രമുഖരെയും ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മൻചാണ്ടിയെ വേട്ടയാടിയ കാര്യം ജനമധ്യത്തിൽ ചർച്ചയാണ്. ഇക്കാര്യം ഉമ്മൻചാണ്ടി ജീവിച്ചിരിക്കുമ്പോൾ തന്നെ നിയമസഭയിൽ താൻ ഉന്നയിച്ചിട്ടുണ്ട്. സത്യം വിജയിക്കുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞത് പോലെ അവസാനം സത്യം വിജയിച്ചെന്നും സതീശൻ ചൂണ്ടിക്കാട്ടി.

ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്നുണ്ടായ ആഘാതത്തിൽ നിന്ന് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും മുക്തരായിട്ടില്ല. ഉമ്മൻചാണ്ടിയുടെ കല്ലറ അടക്കും മുമ്പ് രാഷ്ട്രീയ വിവാദമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് കൃത്യമായി പറയുമെന്നും സതീശൻ വ്യക്തമാക്കി.

എം.സി റോഡിന് ഉമ്മൻചാണ്ടിയുടെ പേരിടണമെന്ന് വി.എം സുധീരന്‍ ആവശ്യപ്പെട്ടതിനെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മോശമായി പ്രതികരിച്ചതിനെ കുറിച്ചും സതീശൻ പ്രതികരിച്ചു. ഉന്നത സ്ഥാനത്തിരിക്കുന്നവർ അവരുടെ ചുറ്റുമുള്ളവരുടെ നിലവാരം എന്താണെന്ന് പരിശോധിക്കുന്നത് നന്നായിരിക്കുമെന്ന് സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ചുറ്റുമുള്ളവരുടെ നിലവാരം ഇതാണെന്ന് ജനങ്ങൾ അളക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്‍റെ സ്റ്റാഫ് ആണ് നിലവാരമില്ലാത്ത എഫ്.ബി പോസ്റ്റിട്ടാൽ അയാൾക്ക് ആദ്യം മുന്നറിയിപ്പ് നൽകുമെന്നും വീണ്ടും ആവർത്തിച്ചാൽ പുറത്താകുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി. 

Tags:    
News Summary - The discussion about the Pudupally candidate should end - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.