തൊടുപുഴ: അരിക്കൊമ്പൻ പോയതിന് പിന്നാലെ മൂന്നാറിന്റെ ഉറക്കംകെടുത്തി പടയപ്പ. പതിവായി ജനവാസ മേഖലയിലിറങ്ങുന്ന കാട്ടുകൊമ്പനെ കാടുകയറ്റണമെന്ന ആവശ്യം ശക്തമാകുകയാണ്.മൂന്നാർ പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പ്ലാന്റിലെത്തുന്ന ആന, പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം അകത്താക്കുന്നുണ്ട്. വനംവകുപ്പ് വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
മൂന്നാറിലെ തോട്ടം മേഖലയിലും പ്രധാന റോഡുകളിലും ഇപ്പോൾ പടയപ്പ പതിവ് സന്ദർശകനായി മാറിയിരിക്കുകയാണ്. ഇടക്ക് ടൗണിലെത്തുന്ന ആനക്കച്ചവടക്കാർക്കും വാഹനയാത്രക്കാർക്കും ഭീഷണിയാകുന്നു. മൂന്നാര്‍ പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പ്ലാന്റിലും പതിവായി തീറ്റ തേടി എത്തുന്നുണ്ട്. പച്ചക്കറി അവശിഷ്ടങ്ങൾക്കൊപ്പം പ്ലാസ്റ്റിക് മാലിന്യവും ആന അകത്താക്കുന്നു.
അവശ്യത്തിന് വാച്ചർമാരെ നിയോഗിക്കാനോ ആനയെ നിരീക്ഷിക്കാനോ വനംവകുപ്പ് തയാറാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.ജനവാസ മേഖലകളിൽ വേലിയോ കിടങ്ങുകളോ സ്ഥാപിക്കണമെന്നും ആനയെ കാടുകയറ്റണമെന്നുമാണ് പ്രധാന ആവശ്യം.
പടയപ്പ ആളുകളെ ആക്രമിച്ചിട്ടില്ലെങ്കിലും ജനവാസ മേഖലകളിലിറങ്ങി വ്യാപക കൃഷിനാശം ഉണ്ടാക്കുന്നുണ്ട്.പ്ലാസ്റ്റിക് മാലിന്യം അകത്താക്കുന്നത് ആനയുടെ ആരോഗ്യത്തെത്തന്നെ പ്രതികൂലമായി ബാധിക്കുമെന്നിരിക്കെ സംരക്ഷണമൊരുക്കേണ്ട വനംവകുപ്പ് അലംഭാവം പുലർത്തുന്നു എന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.