കോട്ടയം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് തൈക്കാട് ഗസ്റ്റ്ഹൗസിൽ വെച്ചാണ് കത്ത് എഴുതി നൽകിയതെന്ന് പി.സി ജോർജ്. ഫെബ്രുവരിയിലാണ് തന്നെ കാണാൻ വന്നത്. നടന്ന സംഭവങ്ങളെല്ലാം എഴുതി നൽകി. കത്ത് വായിച്ചപ്പോൾ വിഷമം തോന്നിയെന്നും കത്തിൽ ശിവശങ്കറിനെതിരായ ആരോപണങ്ങളാണ് ഉണ്ടായിരുന്നതെന്നും പി.സി ജോർജ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വപ്നയോട് ഒരു ബാഗ് എത്തിക്കണമെന്ന് ആവശ്യപ്പെട്ടതും യു.എ.ഇ കോൺസുലേറ്റിൽവെച്ച് സ്കാൻ ചെയ്തപ്പോൾ നോട്ടുകെട്ടുകൾ കണ്ടതും സ്വപ്നയുടെ കത്തിലുണ്ട്. കോൺസ്വൽ ജനറലിന് കള്ളക്കടത്ത് നടത്താൻ എക്സ് കാറ്റഗറി സുരക്ഷ നൽകിയെന്നും കത്തിൽ വിവരിക്കുന്നതായി പി.സി ജോർജ് വ്യക്തമാക്കി.
നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പങ്കാളിത്തമുണ്ട്. കേസിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി. കള്ളക്കടത്ത് നടത്തിയ മുഖ്യമന്ത്രി രാജ്യത്തിന് അപമാനമാണെന്നും ജോർജ് വ്യക്തമാക്കി.
സോളാർ കേസ് പ്രതി സരിത നായരുമായി താൻ ഫോണിൽ സംസാരിച്ചതിൽ എന്താണ് പ്രത്യേകതയെന്ന് പി.സി ജോർജ് ചോദിച്ചു. സരിതയുമായി താൻ എത്ര കൊല്ലമായി സംസാരിക്കുന്നു. തന്നെ നശിപ്പിച്ച രാഷ്ട്രീയ നരാധമന്മാർക്കെതിരെ പോരാടുന്ന പെൺകുട്ടിയാണ് അവർ. സരിതയുമായി നല്ല ബന്ധമാണുള്ളതെന്നും കൊച്ചുമകളെന്ന നിലയിൽ 'ചക്കരപ്പെണ്ണേ' എന്നാണ് താൻ വിളിക്കുന്നതെന്നും ജോർജ് കൂട്ടിച്ചേർത്തു.
യു.എ.ഇ കോൺസുലേറ്റിന്റെ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയാണ് മുഖ്യപ്രതി സ്വപ്ന സുരേഷ് പുതിയ വെളിപ്പെടുത്തൽ നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, മുൻ മന്ത്രി കെ.ടി. ജലീൽ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നളിനി നെറ്റോ, അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.എം. രവീന്ദ്രൻ എന്നിവർക്ക് കുറ്റകൃത്യത്തിലുള്ള പങ്ക് സംബന്ധിച്ചും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്.
മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറുടെ നിർദേശ പ്രകാരം മുഖ്യമന്ത്രിക്കായി ദുബൈയിലേക്ക് ഒരു ബാഗ് നിറയെ കറൻസി കടത്തിയെന്നും കോൺസുലേറ്റ് ജനറലുടെ ഓഫിസിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് ഇടക്കിടെ കൊടുത്തുവിട്ട ബിരിയാണി പാത്രങ്ങളിൽ, ലോഹങ്ങളും ഉണ്ടായിരുന്നുവെന്നും സ്വപ്ന മൊഴി നൽകിയത്. കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ടെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.