തിരുവനന്തപുരം: 15000 കോടി രൂപ വില വരുന്ന മയക്കുമരുന്ന് കൊച്ചിയിൽ കേരള സമുദ്രാതിർത്തിയിൽനിന്ന് പിടിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മാരക വിപത്തിനെതിരെ എല്ലാവരും ജാഗരൂകരാകേണ്ട സമയം അതിക്രമിച്ചു. സ്കൂൾ കുട്ടികൾ മുതൽ കോളജ് വിദ്യാർഥികളെ വരെ ലക്ഷ്യംവെക്കുന്ന ഈ മാഫിയ വളർന്ന് പന്തലിച്ചു.
നർക്കോട്ടിക് ബ്യൂറോ പറയുന്നത് കേരളമുൾപ്പെടെ ലക്ഷ്യംവെച്ചാണ് ഇവയെത്തിയിരിക്കുന്നതെന്നാണ്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. കേരളത്തിൽ കഴിഞ്ഞയാഴ്ചയാണ് തിരുവനന്തപുരത്ത് 100 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. പിന്നീട്, ഇതുസംബന്ധിച്ച ഒരു വാർത്തയും കണ്ടില്ല. ഇത്തരത്തിൽ നൂറുകണക്കിന് കിലോ കഞ്ചാവ്, എം.ഡി.എം.എ എന്നിവ പിടിക്കുന്നുണ്ടെങ്കിലും അന്വേഷണം യഥാർഥ പ്രതികളിലേക്കെത്തുന്നില്ല. യു.ഡി.എഫ് കാലത്ത് നടത്തിയ ‘ക്ലീൻ കാമ്പസ് സേഫ് കാമ്പസ്‘പദ്ധതി ഇനിയെങ്കിലും സർക്കാർ പുനരാരംഭിക്കണം. മയക്കുമരുന്ന്, ഗുണ്ട മാഫിയകൾ കേരളത്തിൽ അരങ്ങുതകർക്കുമ്പോൾ സർക്കാറും പൊലീസും നോക്കുകുത്തികളായി നിൽക്കുന്നത് അപകടകരമാണെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.