കൽപറ്റ: അജീഷിന്റെ മരണത്തിന് ഇടയാക്കിയ റേഡിയോ കോളർ ഘടിപ്പിച്ച മോഴയാനയെ നിരീക്ഷിച്ചതിന്റെ വിശദ വിവരങ്ങളുമായി കേരള വനം വകുപ്പ്.
- ജനുവരി 5: റേഡിയോ കോളറുള്ള മോഴയാന വയനാട് വൈൽഡ് ലൈഫ് ഡിവിഷനിലെ മുത്തങ്ങ റേഞ്ചിന്റെ പരിധിയിൽ വന്നതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് അന്നുതന്നെ കേരള വനം വകുപ്പ് കർണാടക വനം വകുപ്പുമായി ബന്ധെപ്പട്ട് ആനയെ ട്രാക്ക് ചെയ്യാനുള്ള യൂസർ നെയിം, പാസ്വേഡ് അടക്കമുള്ള വിശദ വിവരം ആവശ്യപ്പെട്ടു.
- ജനുവരി 9: ആനയെ ട്രാക്ക് ചെയ്യാനുള്ള യൂസർ നെയിം, പാസ്വേഡ് ലഭിച്ചു. തുടർന്ന് രണ്ട്-മൂന്ന് ദിവസത്തിനുശേഷം ആന ബന്ദിപ്പൂരിലേക്ക് തിരികെ പോയതായി മനസ്സിലാക്കി.
- ഫെബ്രുവരി 02: പുൽപള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പാതിരി റിസർവ് മേഖലയിൽ റേഡിയോ കോളർ ഘടിപ്പിച്ച ആനയെ കണ്ടതായി ആദിവാസികൾ അറിയിച്ചു. ജീവനക്കാരും വാച്ചർമാരും രണ്ട് ദിവസം തുടരെ അന്വേഷണം നടത്തിയെങ്കിലും ആനയെ കാണ്ടെത്താനായില്ല. ആനയെ ട്രാക്ക് ചെയ്യുമ്പോൾ നാലു മുതൽ ആറു മണിക്കൂർ വരെ ഇടവേളകളിലാണ് ലൊക്കഷൻ ലഭ്യമാകുന്നത്. ആനയുമായി ബന്ധപ്പെട്ട് കേരള വനം വകുപ്പിന് ലഭ്യമായ ലൊക്കേഷനുകൾ എല്ലാം തന്നെ വനത്തിനുള്ളിൽ ആണ്. അതിനാൽ വനം വകുപ്പ് ജീവനക്കാർ ആനയെ കൃത്യമായി നിരീക്ഷിക്കുന്നതിന് ബുദ്ധിമുട്ടി.
- ഫെബ്രുവരി 05: ആനയെ കണ്ടുപിടിക്കുന്നതിന് നോർതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കർണാടക വനം വകുപ്പിൽനിന്നും റിസീവറും ആന്റിനയും വാങ്ങുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഓഫിസിൽ ആവശ്യപ്പെട്ടിരുന്നു. കേരള ചീഫ് വൈൽഡ് ലൈഫ് വാർഡൻ കർണാടക ചീഫ് വൈൽഡ് ലൈഫ് വാർഡന് കത്തയച്ചിരുന്നു. കർണാടക വനം വകുപ്പിൽനിന്നും നടപടി സ്വീകരിച്ചില്ല.
- ഫെബ്രുവരി 08: തണ്ണീർക്കൊമ്പന്റെ മരണവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച വിദഗ്ധ സമിതി അന്വേഷണത്തിനായി ബന്ദിപ്പൂരിൽ പോയി. തുടർന്ന് കർണാടക അഡി പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോട് (പ്രോജക്ട് എലിഫൻറ്) റേഡിയോ കോളർ ഫ്രീക്വൻസി ആവശ്യപ്പെട്ടെങ്കിലും തരാൻ വിസമ്മതിച്ചു.
- ഫെബ്രുവരി 09: കർണാടക വനംവകുപ്പിൽനിന്നും റിസീവറും ആന്റിനയും ലഭിക്കാത്തതിനാൽ കോയമ്പത്തൂരിലുള്ള ഡബ്ല്യു.ഡബ്ല്യു.എഫ് എന്ന സംഘടനയിൽനിന്നും നേരിട്ട് പോയി കൊണ്ടു വരുകയായിരുന്നു. ഹാസനിലുള്ള ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോട് ഫ്രീക്വൻസി ആവശ്യപ്പെട്ടുവെങ്കിലും നൽകിയില്ല.
- ഫെബ്രുവരി10: പുലർച്ചെ 1.30ന് റിസീവറും ആന്റിനയും എത്തിച്ചു. ഏഴു മണിയോടെ ആന അജീഷിനെ ആക്രമിച്ചു കൊന്നു. മരണം കർണാടക വനംവകുപ്പിനെ അറിയിച്ചപ്പോൾ ആനയെ നിരീക്ഷിക്കാനുള്ള ഫ്രീക്വൻസി 8.30 ഓടെയാണ് കർണാടക വനംവകുപ്പ് കൈമാറുന്നത്. സംഭവം നടക്കുമ്പോൾ ആനയെ ട്രാക്ക് ചെയ്ത് വനംവകുപ്പ് ജീവനക്കാർ സ്ഥലത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.