മുഖ്യമന്ത്രിയുടെ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ സാധ്യമല്ല- കെ.സുധാകരന്‍

മുഖ്യമന്ത്രിയുടെ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ സാധ്യമല്ല- കെ.സുധാകരന്‍കോഴിക്കോട് : സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിയമസഭയിലെ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ സാധ്യമല്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി തെന്നിമാറുകയാണ്. ഇത് മടിയില്‍ കനമുള്ളത് കൊണ്ടാണോ.

സ്വര്‍ണ്ണക്കടത്ത്, കറന്‍സികടത്ത് തുടങ്ങിയവയില്‍ ഹൈക്കോടതി മേല്‍ നോട്ടത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. അതിനോട് മുഖ്യമന്ത്രി മുഖം തിരിക്കുകയാണ്. സ്വപ്നയുടെ രഹസ്യമൊഴി കളവെങ്കില്‍ നിയമ നടപടി സ്വീകരിക്കാത്തത് എന്തെന്ന ചോദ്യത്തിനും മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്ന് സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയാന്‍ തയ്യാറാകാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനത്തിനിടെ ബാഗേജ്‌ കാണാതായ സംഭവുമായി ബന്ധപ്പെട്ട പരസ്പരവിരുദ്ധ കാര്യങ്ങളാണ് ശിവശങ്കറും മുഖ്യമന്ത്രിയും പറയുന്നത്.

ബാഗേജ്‌ മറന്നു പോയിട്ടിലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ കസ്റ്റംസിന് നല്‍കിയ എം.ശിവശങ്കറിന്‍റെതായി പുറത്ത് വന്ന മൊഴിയില്‍ അതിഥികൾക്കുള്ള ആറന്‍മുള കണ്ണാടി ഉള്‍പ്പെടെയുള്ള ഉപഹാരങ്ങൾ അടങ്ങിയ ബാഗേജ്‌ വിട്ടു പോയപ്പോൾ കോൺസുൽ ജനറലിന്‍റെ സഹായത്തോടെ എത്തിച്ചുയെന്നാണ്.

എന്നാല്‍ ഇ വിഷയത്തില്‍ സ്വപ്ന പറഞ്ഞതാകട്ടെ കോണ്‍സ്ലേറ്റ് ജനറലിന്‍റെ സഹായത്തോടെ എത്തിച്ച ബാഗില്‍ നിറയെ കറന്‍സിയായിരുന്നുവെന്നുമാണ്. ഇതില്‍ ആരാണ് കള്ളം പറയുന്നതെന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട. സ്വപ്നയെ സംരക്ഷിക്കുന്നത് ആർ.എസ്.എസ് ആണെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ എന്തുകൊണ്ട് അവരുടെ രഹസ്യമൊഴിയെ കോടതിയില്‍ ചോദ്യം ചെയ്യുന്നില്ലെന്നും മറ്റുനിയമനടപടികള്‍ സ്വീകരിക്കാന്‍ തയാറാകുന്നില്ലെന്നും വിശദീകരിക്കാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ട്.

മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ടാല്‍ പോലും കേസെടുക്കുന്ന ഈ സര്‍ക്കാരിന്‍റെ കാലത്ത് ഗുരുതര സ്വഭാവമുള്ള രഹസ്യമൊഴി നല്‍കിയിട്ടും നിയമ നടപടി സ്വീകരിക്കാത്തത് വിചിത്രവും അത്രയങ്ങ് ദഹിക്കാത്തതുമാണ്. ആരോപണം ഉന്നയിക്കുന്ന വ്യക്തിക്കെതിരെ വളഞ്ഞ വഴിയിലൂടെ പ്രതികാര നടപടിയെടുക്കുന്നതോടൊപ്പം ആ വ്യക്തിയെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്നതും സ്വയം രക്ഷപെടാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമായി ആരെങ്കിലും വ്യാഖ്യാനിച്ചാല്‍ കുറ്റംപറയാനാകില്ല.

നുണകള്‍കൊണ്ട് പ്രതിരോധ കോട്ട തീര്‍ക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. സ്വപ്നയുടെ രഹസ്യമൊഴി മാറ്റാന്‍ ശ്രമിച്ച ഇടനിലക്കാരന്‍ കെട്ടുക്കഥയാണെങ്കില്‍ വിജിലന്‍സിന്‍റെ അതീവ രഹസ്യനീക്കങ്ങള്‍ എങ്ങനെയാണ് ഇയാള്‍ മനസിലാക്കിയെന്നത് കേരളീയ സമുഹത്തോട് പറയാനുള്ള ബാധ്യത ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിക്കുണ്ട്.

സി.പി.എമ്മിന് വാളയാറിന് അപ്പുറവും ഇപ്പുറവും വ്യത്യസ്ത നിലപാട് ഇല്ലാത്തതിനാലാണോ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹയെ വിമാനത്താവളത്തില്‍ വന്ന് സ്വീകരിക്കാനുള്ള മാന്യത മുഖ്യമന്ത്രിയും മന്ത്രിമാരും കാട്ടാതിരുന്നത്.സിപിഎം ഉള്‍പ്പെടുന്ന പ്രതിപക്ഷത്തിന്‍റെ പൊതുസമ്മതനായ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്താത്തതിന് പിന്നില്‍ മോദി ഫോബിയയാണെയെന്നും സുധാകരന്‍ പരിഹസിച്ചു.

Tags:    
News Summary - The explanation of the Chief Minister cannot be swallowed without a throat - K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.