തിരുവനന്തപുരം: കേന്ദ്രം ശ്വാസം മുട്ടിക്കുമ്പോഴും സംസ്ഥാന സർക്കാറിന്റെ ധനസ്ഥിതി മെച്ചപ്പെടുകയാണെന്ന് ധനമന്ത്രി നിയമസഭയിൽ. 2021-22 വർഷം 47,669 കോടിയായിരുന്ന തനത് വരുമാനം 2024-25 വർഷത്തിൽ 1.16 ലക്ഷം കോടിയായാണ് വർധിച്ചത്.
ഇതുവരെ 1.50 ലക്ഷം കോടി വരെയാണ് സർക്കാറിന് ബജറ്റിൽ ചെലവഴിക്കാൻ കഴിഞ്ഞിരുന്നത്. വരുന്ന വർഷം ചെലവ് രണ്ടു ലക്ഷം കോടി കവിയാൻ പോവുകയാണ്. ഇത്തരത്തിൽ വരുമാനവും ചെലവും വർധിക്കുന്നത് ചരിത്രപരമായ അടയാളപ്പെടുത്തലാണ്. പുറമെ, നികുതിയും നികുതിയിതര വരുമാനവും കൂടി ഒരു ലക്ഷം കോടി കവിയും. ഇത് ഇന്ത്യയിലെ റെക്കോഡ് നിലയാണ്.
പ്രതിസന്ധികൾക്കിടയിലും തദ്ദേശ വകുപ്പിനുള്ള പ്ലാൻ വിഹിതം ഈ വർഷം പൂർണമായും ചെലവഴിക്കും. 8532 കോടിയാണ് തദ്ദേശ വകുപ്പിനുള്ള പ്ലാൻ. നിലവിൽ 94.4 ശതമാനം ചെലവഴിച്ചിട്ടുണ്ട്. 21,838 കോടിയാണ് സ്റ്റേറ്റ് പ്ലാൻ. ഇതിൽ 16000 കോടി ഇതിനകം ചെലവഴിച്ചിട്ടുണ്ട്. അതായത് 73.01 ശതമാനം.
പ്രതീക്ഷിച്ചതുപോലെ ചെലവുണ്ടാകാത്തത് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കാര്യത്തിലാണ്. 8516 കോടിയാണ് ഈ ഇനത്തിലെ പ്ലാൻ വിഹിതമെങ്കിലും ചെലവഴിക്കാനായത് 3317 കോടിയാണ്. സംസ്ഥാന വിഹിതത്തിന് തുല്യമായ തുക കേന്ദ്രത്തിൽ നിന്ന് കിട്ടാത്തതാണ് കാരണം. ഏറ്റവും കുറവ് നികുതി വർധന നിർദേശങ്ങളാണ് ഈ ധനബില്ലിലുള്ളത്. ആറുലക്ഷം കുട്ടികൾ ഒന്നാം ക്ലാസിൽ ചേർന്നിരുന്ന കേരളത്തിൽ ഇപ്പോൾ രണ്ടുലക്ഷം പേരാണ് ചേരുന്നത്.
കേരളം വയോജനങ്ങളുടെ കേന്ദ്രമായി മാറാൻ പോവുകയാണ്. ഇങ്ങനെ ജനസംഖ്യ കുറയുന്ന കാലത്ത്, പുതിയ തലമുറക്ക് ഇവിടെത്തന്നെ നിൽക്കാൻ കഴിയണം. ആറുലക്ഷം പേർ ചേർന്നപ്പോഴുള്ള സ്കൂളും രണ്ടു ലക്ഷം പേരായി കുറയുമ്പോഴുള്ള സ്കൂൾ സംവിധാനവും പുനഃപരിശോധിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിൽ കേന്ദ്ര വിഹിതം വർഷംതോറും ഗണ്യമായി കുറയുന്നെന്ന് ധനമന്ത്രി. 2016-17ൽ റവന്യൂ വരുമാനമായിരുന്ന 75,612 കോടിയിൽ 23,735 കോടി രൂപ കേന്ദ്ര വിഹിതമായിരുന്നു. 32 ശതമാനം.
2020-21ൽ 42,629 കോടി രൂപ (44 ശതമാനം), 2021-22ൽ 47,837 കോടി (41 ശതമാനം), 2022-23ൽ 48,230 കോടി രൂപ (36 ശതമാനം) എന്നിങ്ങനെയായിരുന്നു കേന്ദ്ര വിഹിതം. എന്നാൽ, 2023-24 ൽ 33,811 കോടി (27 ശതമാനം), 2024-25ൽ 33,397 കോടി (25 ശതമാനം) എന്നിങ്ങനെ കുത്തനെ കുറയുന്നതാണ് സ്ഥിതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.