തിരുവനന്തപുരം: കൂട്ടത്തില്‍നിന്ന് ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തുന്ന വന്യമൃഗങ്ങളെ പൊതുജനങ്ങള്‍, പത്ര - ദൃശ്യ, സമൂഹ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് വനം വകുപ്പ് നിർദേശം. അവയെ തിരികെ കൂട്ടത്തിലേക്ക് അയക്കണമെന്നും നിർദേശം നൽകി.
ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തുന്ന വന്യജീവി സംരക്ഷണ നിയമം 1972 ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട വന്യജീവികളെ അടക്കം തിരികെ കൂട്ടത്തിലേക്ക് അയക്കുന്നതിനു പകരം സംരക്ഷണകേന്ദ്രങ്ങളിലേക്ക് മാറ്റി പ്രദര്‍ശിപ്പിക്കുന്ന പ്രവണതയാണ് നിലവില്‍ കണ്ടുവരുന്നത്. ഈ സാഹചര്യത്തിലാണ് വകുപ്പുതല നിര്‍ദ്ദേശം പുറത്തിറക്കിയത്.
ഒറ്റപ്പെട്ട വന്യമൃഗങ്ങളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നത് കഴിവതും ഒഴിവാക്കണം. സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റേണ്ട സാഹചര്യം ഉണ്ടെങ്കില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും ഉത്തരവില്‍ പറയുന്നു. പരിചരണ കേന്ദ്രത്തില്‍ വന്യജീവികള്‍ക്ക് അണുബാധ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനായി വെറ്ററിനറി ഓഫീസറുടെ നിർദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
സംരക്ഷണ കേന്ദ്രത്തില്‍ തുടര്‍ പരിചരണം നല്‍കുമ്പോള്‍ അണുബാധയോ ആരോഗ്യപ്രശ്‌നങ്ങളോ ഒഴിവാക്കുന്നതിനായി പരിചരണ ചുമതലക്ക് രണ്ട് ഫീല്‍ഡ് സ്റ്റാഫിനെ മാത്രം നിയോഗിച്ച് മറ്റു ഉദ്യോഗസ്ഥരുടെ സാമീപ്യം ഒഴിവാക്കണം. നിർദേശങ്ങള്‍ക്ക് വിരുദ്ധമായി ജീവനക്കാര്‍ പ്രവര്‍ത്തിച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനമായ വകുപ്പുതല നടപടികള്‍ സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉത്തരവില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.