അടിമാലി: വീണ്ടും ഏലംകൃഷി വെട്ടിനശിപ്പിച്ച് വനംവകുപ്പ്. ഇതോടെ സംഘടിച്ചെത്തിയ നാട്ടുകാർ വനപാലക സംഘത്തെ തടഞ്ഞു. ഒടുവിൽ പൊലീസെത്തിയാണ് വനപാലകരെ മോചിപ്പിച്ചത്. അടിമാലി റേഞ്ചിൽ കുരുശുപാറ പ്ലാമലയിലാണ് വനംവകുപ്പ് ഏലച്ചെടികൾ വെട്ടിനശിപ്പിച്ചത്. വെള്ളിയാഴ്ച പുലർച്ച മൂന്നിന് തുടങ്ങിയ നടപടി ഒമ്പതിനാണ് അവസാനിച്ചത്. 20 ഏക്കറിലേറെ എലം കൃഷിയാണ് ഇതിനോടകം വനംവകുപ്പ് വെട്ടിനശിപ്പിച്ചത്. മൂന്ന് മുതൽ അഞ്ചുവർഷം വരെ പഴക്കമുള്ളതും വിളവെടുക്കുന്നതുമായ എലമായിരുന്നു ഇവ.
എ.വി.ടി എസ്റ്റേറ്റ് ഉടമസ്ഥതയിലുള്ള ഭൂമിയിലെ എലമാണ് വെട്ടിയതെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, റിസർവ് വനഭൂമി കൈയേറി പത്തനംതിട്ട സ്വദേശി കൃഷിെചയ്തതാണ് വെട്ടിനശിപ്പിച്ചതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. മൂന്നാർ ഡി.എഫ്.ഒ കണ്ണെൻറ നേതൃത്വത്തിൽ അതീവ രഹസ്യമായിട്ടായിരുന്നു നടപടി. വിവരമറിഞ്ഞ് നാട്ടുകാർ സംഘടിച്ച് വനപാലകരെ തടഞ്ഞതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു. വൻ പൊലീസ് സംഘം സ്ഥലത്ത് എത്തിയതിനാലാണ് അനിഷ്ട സംഭവങ്ങൾ ഒഴിവായത്.
കുരിശുപാറയിൽ വനപാലക സംഘത്തിനുനേരെ മുമ്പുണ്ടായ പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് സംഘം അതിവേഗം എത്തി. എസ്. രാജേന്ദ്രൻ എം.എൽ.എ സ്ഥലത്തെത്തി.
വനംവകുപ്പ് ഉദ്യോഗസ്ഥർ അന്യായമായി ഏലച്ചെടികൾ വെട്ടി നശിപ്പിക്കുകയാണെന്നും തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം നടപടി അവസാനിപ്പിക്കണമെന്നും പ്രദേശവാസികളും കർഷകരും എം.എൽ.എയോട് ആവശ്യപ്പെട്ടു. ഇതോടെ വനംവകുപ്പ് നടപടി നിർത്തിവെക്കാൻ എം.എൽ.എ നിർദേശിച്ചു. ഇതിനിടയിൽ തഹസിൽദാർ സ്ഥലെത്തത്തി വനപാലകരുമായി ചർച്ചനടത്തി തിരികെേപ്പാകാൻ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിച്ചശേഷം പോയാൽ മതിയെന്ന് നാട്ടുകാർ നിലപാടെടുത്തതോടെ വീണ്ടും സംഘർഷമായി. പൊലീസ് സാഹസികമായി വനപാലകരെ സ്ഥലത്തുനിന്ന് നീക്കിയതോടെയാണ് സംഘർഷത്തിന് അയവുണ്ടായത്.
അതേസമയം, മലയാറ്റൂർ റിസർവ് ഫോറസ്റ്റിെൻറ ഭാഗമായുള്ളിടത്താണ് ഒഴിപ്പിക്കൽ നടപടി സ്വീകരിച്ചതെന്ന് മൂന്നാർ ഡി.എഫ്.ഒ പറഞ്ഞു. എസ്. രാജേന്ദ്രൻ എം.എൽ.എ, മുൻ.എം.എൽ.എ എ.കെ. മണി ഉൾപ്പെടെ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ഭൂമിയുടെ അതിർത്തി തിട്ടപ്പെടുത്തുംവരെ ഇനി നടപടിയുണ്ടാകില്ലെന്ന തീരുമാനത്തിൽ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.