കിറ്റ് കമീഷനിലും കൈവെച്ച് സർക്കാർ; റേഷൻ വ്യാപാരികൾക്ക് തിരിച്ചടി

തിരുവനന്തപുരം: ഓണക്കാലത്തും റേഷൻ വ്യാപാരികളുടെ കഞ്ഞിയിൽ പാറ്റയിട്ട് സംസ്ഥാന സർക്കാർ. കോവിഡ് കാലത്തടക്കം കിറ്റ് വിതരണംചെയ്ത വകയിൽ വ്യാപാരികൾക്ക് നൽകാനുള്ള കമീഷൻ തുകയിൽ പകുതി (17.22 കോടി) അനുവദിച്ചെങ്കിലും ഇതിൽനിന്ന് സെപ്റ്റംബറിലേക്ക് അനുവദിച്ച റേഷൻ സാധനങ്ങളുടെ വില പിടിച്ചെടുത്തതോടെ നല്ലൊരു ശതമാനം വ്യാപാരികളുടെ അക്കൗണ്ടും കാലിയായി.

റേഷൻ വ്യാപാരികൾക്ക് ഓണക്കാലത്ത് ബോണസായി 1000 രൂപ നൽകുമെന്ന് ഭക്ഷ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും അതും ഫയലിൽ ഒതുങ്ങിയതോടെ പ്രതിഷേധവുമായി വ്യാപാരി സംഘടനകൾ രംഗത്തെത്തി.

അഞ്ചരലക്ഷത്തോളം വരുന്ന എ.എ.വൈ (മഞ്ഞ) കാർഡുകൾക്ക് സൗജന്യ ഓണക്കിറ്റ് കമീഷൻ വാങ്ങാതെ വിതരണം നടത്താൻ തയാറായ റേഷൻ വ്യാപാരികളോട് സർക്കാർ ഓണക്കാലത്ത് കാണിച്ചത് നീതികേടാണെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന അധ്യക്ഷൻ ജോണി നെല്ലൂരും ജനറൽ സെക്രട്ടറി ടി. മുഹമ്മദാലിയും അറിയിച്ചു.

വിതരണം ചെയ്തത് 5.35 ലക്ഷം സൗജന്യ കിറ്റുകൾ

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് റേഷൻ കടകൾ വഴി വിതരണം ചെയ്തത് 5.35 ലക്ഷം സൗജന്യ കിറ്റുകൾ. കഴിഞ്ഞ ഒമ്പതിനാണ് വിതരണം ആരംഭിച്ചത്. അന്ത്യോദയ അന്നയോജന റേഷൻ കാർഡുടമകളായ 5.87 ലക്ഷം പേർക്കും വയനാടിലെ ഉരുൾപൊട്ടൽ ബാധിത മേഖലയിലെ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അംഗങ്ങൾക്കുമാണ് കിറ്റ് തയാറാക്കിയത്. ക്ഷേമസ്ഥാപനങ്ങളിലുള്ള അംഗങ്ങളിലെ നാലുപേർക്ക് ഒന്നെന്ന തോതിലായിരുന്നു കിറ്റ് വിതരണം. 

Tags:    
News Summary - The government has also put its hand in the kit commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.