സർക്കാറിന്റെ ലക്ഷ്യം വാഹന ഉടമകളെ കുഴിയിൽ ചാടിച്ച് പണം പിരിക്കൽ; വണ്ടിയെടുക്കുന്നവർ എല്ലാ ദിവസവും പിഴയടക്കേണ്ടി വരും -കെ. സുധാകരന്‍

ട്രാഫിക് നിയമങ്ങളെക്കുറിച്ച് യാതൊരു ബോധവത്കരണവും നടത്താതെ സര്‍ക്കാര്‍ മുക്കിലും മൂലയിലും കാമറകള്‍ സ്ഥാപിച്ച് ജനങ്ങളെ കുത്തിപ്പിഴിയാന്‍ നടപ്പാക്കുന്ന ട്രാഫിക് പരിഷ്‌കാരം മാറ്റിവെക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. കളമെഴുത്തുപോലെ റോഡുകളില്‍ വരച്ചുവെച്ചിരിക്കുന്ന കോലങ്ങള്‍, പല രീതിയിലുള്ള സ്പീഡ് പരിധി, തോന്നുംപോലുള്ള പിഴ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വ്യാപക ആശയക്കുഴപ്പവും ആശങ്കയും നിലനിൽക്കുന്നു. അവ പരിഹരിച്ച് മുന്നോട്ടുപോകുന്നതിന് പകരം എങ്ങനെയും വാഹന ഉടമകളെ കുഴിയിൽ ചാടിച്ച് പണം പിരിക്കുക എന്ന ഗൂഢലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കാന്‍ കോടികള്‍ മാധ്യമങ്ങളിലൂടെ ചെലവഴിക്കുന്നതിലൊരു പങ്ക് ട്രാഫിക് ബോധവത്കരണത്തിന് അടിയന്തരമായി മാറ്റിവെക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പ്രവര്‍ത്തനനിരതമാകുന്ന 726 അത്യാധുനിക എ.ഐ കാമറകള്‍ ഉപയോഗിച്ച് 1000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതത്രെ. ഈ രീതിയിലാണ് പദ്ധതി നടപ്പാക്കുന്നതെങ്കില്‍ വണ്ടിയെടുത്ത് പുറത്തുപോകുന്നവരൊക്കെ എല്ലാ ദിവസവും പിഴയടക്കേണ്ടി വരും. ജനരോഷത്തിന് മുന്നില്‍ സര്‍ക്കാരിന് തന്നെ പദ്ധതിയില്‍നിന്ന് പിന്മാറേണ്ടി വരും. നികുതിഭാരം കൊണ്ട് നടുവൊടിഞ്ഞ് നിൽക്കുന്ന സാധാരണക്കാരന് ഈ പീഡനം സഹിക്കാവുന്നതിലപ്പുറമാണ്.

വേഗപരിധിയുടെ കാര്യത്തില്‍ സമ്പൂര്‍ണ ആശയക്കുഴപ്പമുണ്ട്. ദേശീയപാതകളിലെ വേഗപരിധി സംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ 2018ലെ വിജ്ഞാപന പ്രകാരം ഒരു നിരക്കും സംസ്ഥാന സര്‍ക്കാരിന്റെ 2014ലെ വിജ്ഞാപന പ്രകാരം മറ്റൊരു നിരക്കുമാണ് നിലവിലുള്ളത്. സംസ്ഥാന സര്‍ക്കാറിന്റെ നിരക്ക് കേന്ദ്രത്തിന്റേതിന് തുല്യമാക്കണമെന്ന സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമീഷണറുടെ ശിപാര്‍ശ സര്‍ക്കാര്‍ പൂഴ്ത്തിവച്ചിരിക്കുന്നു. ഇത്തരം ആശയക്കുഴപ്പം വ്യാപകമായി നിലനിൽക്കുമ്പോള്‍ വേഗപരിധി സംബന്ധിച്ച് ആവശ്യത്തിന് സൈന്‍ ബോര്‍ഡുകള്‍ പോലും ഇല്ലാത്തത് യാത്രക്കാരെ മനഃപൂര്‍വം കുടുക്കാനാണെന്ന് സംശയിക്കണം.

നഗരങ്ങളില്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കാതെയാണ് ആ വകയിലും സര്‍ക്കാര്‍ പിഴയീടാക്കുന്നത്. ഒരു കാമറ രേഖപ്പെടുത്തിയ കുറ്റകൃത്യത്തിന് തുടര്‍യാത്രയില്‍ മറ്റൊരു കാമറ രേഖപ്പെടുത്തിയാലും വീണ്ടും പിഴയൊടുക്കേണ്ട സാഹചര്യം വിചിത്രമാണ്. എ.ഐ കാമറകണ്ണുകളില്‍നിന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള വി.ഐ.പികളെ ഒഴിവാക്കിയതായും കേള്‍ക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ ഗതാഗത നിയമലംഘകള്‍ ഇക്കൂട്ടരാണ്. അവരെ ഒരു കാരണവശാലും ഒഴിവാക്കരുത്. റോഡുകളില്‍ നെടുകയും കുറുകെയുമുള്ള നിരവധി വരകളുടെ അർഥതലങ്ങള്‍ എന്താണെന്ന് ആര്‍ക്കും അറിയില്ല. ഇത്തരം സാങ്കേതിക പിഴവുകള്‍ തിരുത്തിയ ശേഷം നടപ്പാക്കുന്ന ട്രാഫിക് പരിഷ്‌കാരത്തോട് പൂര്‍ണ യോജിപ്പാണുള്ളതെന്നും സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - The government's aim is to collect money from vehicle owners; Drivers will have to pay fine every day -K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.