കോഴിക്കോട്: കണ്ണൂർ, കലാമണ്ഡലം സർവകലാശാലകളുടെ വിഷയത്തിൽ സംസ്ഥാന സർക്കാറുമായി ഉടക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാലയുമായി ബന്ധപ്പെട്ട പരാതികളിൽ കാര്യമായി ഇടപെട്ടില്ല. ഇടതുപക്ഷ സിൻഡിക്കേറ്റിന് മൃഗീയ ഭൂരിപക്ഷമുള്ള കാലിക്കറ്റിൽ അധ്യാപക നിയമനമടക്കമുള്ള വിഷയങ്ങളിലെ ക്രമക്കേടുകൾ ചാൻസലർ കൂടിയായ ഗവർണറുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
എന്നാൽ, സർവകലാശാലയോട് പതിവ് വിശദീകരണം ചോദിക്കുകയും പരാതിക്കാരന് മറുപടി കത്ത് നൽകുകയും ചെയ്യുന്നതിനപ്പുറം ഒന്നുമുണ്ടായില്ലെന്നാണ് ആക്ഷേപം. അസി. പ്രഫസർമാരുടെ നിയമനത്തിൽ സി.പി.എം അനുഭാവമുള്ള ഉദ്യോഗാർഥികൾക്ക് വേണ്ടിയുള്ള ഇടപെടലും സംവരണക്രമം അട്ടിമറിക്കുന്നതിനെക്കുറിച്ചും ഗവർണർക്ക് പരാതി ലഭിച്ചിരുന്നു.
ഒന്നാം പിണറായി സർക്കാറിെൻറ അവസാന കാലത്ത് താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിലും ചാൻസലർ ഇടപെട്ടിരുന്നില്ല. ഒടുവിൽ കോടതിയാണ് ഈ നിയമനങ്ങൾ തടഞ്ഞത്.
എസ്.എഫ്.ഐ വനിത നേതാവിന് പത്തു വർഷത്തിന് ശേഷം മാർക്ക് ദാനം നടത്തിയതിലും ചാൻസലർക്ക് പരാതി നൽകിയിരുന്നു. മാർക്ക് നൽകാൻ വിസമ്മതിച്ച അധ്യാപികക്കെതിരെ സിൻഡിക്കേറ്റ് നടപടിയെടുത്തതിലും ഇടപെട്ടിരുന്നില്ല. സർക്കാറും സി.പി.എമ്മും തീരുമാനിച്ചിരുന്ന പ്രഫ. കെ.എം. സീതി വൈസ് ചാൻസലറായി വരുന്നതിൽ ബോധപൂർവമായ നടപടികൾ ഗവർണറുടെ ഓഫിസിൽ നിന്നുണ്ടായതായി നേരത്തേ ആക്ഷേപമുണ്ടായിരുന്നു.
രണ്ടാം വട്ടം രൂപവത്കരിച്ച സെർച്ച് കമ്മിറ്റി സമർപ്പിച്ച പാനലിൽ നിന്ന് വി.സിയെ തെരഞ്ഞെടുക്കാൻ രണ്ടു മാസം സമയമെടുത്തിരുന്നു. ഇതിനിടെ കെ.എം. സീതിയുടെ പ്രായപരിധി കഴിഞ്ഞെന്ന് പറഞ്ഞ് അദ്ദേഹത്തിെൻറ അവസരം നഷ്ടമായി.
അപേക്ഷിച്ച സമയത്തെ പ്രായമാണ് കണക്കാക്കുകയെന്നും സർക്കാർ പലവട്ടം ഗവർണറെ അറിയിച്ചിട്ടും നിയമനത്തിനുള്ള നടപടികൾക്ക് മുതിർന്നിരുന്നില്ല. യു.ജി.സി പ്രതിനിധിയുടെ പട്ടികയിൽ ആദ്യ പരിഗണന നൽകിയ കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ കേന്ദ്രത്തിലെ പ്രിൻസിപ്പൽ സയൻറിസ്റ്റായ ഡോ. സി.എ. ജയപ്രകാശിനെ നിയമിക്കാൻ സംഘ്പരിവാർ സമ്മർദമുണ്ടായിരുന്നെങ്കിലും ഒടുവിൽ കുസാറ്റിലെ ഡോ. എം.കെ. ജയരാജിനെ പരിഗണിക്കുകയായിരുന്നു.
സർവകലാശാല വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഒന്നും പറയാൻ കഴിയില്ലെന്നും അത്തരത്തിലുള്ള സമ്മർദമാണ് അവർക്കെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിദ്യാഭ്യാസം തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അതിനു തന്നെ ഉപയോഗിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വി.സി നിയമന വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി വന്നു കണ്ടിരുന്നോ എന്നു ചോദിച്ചപ്പോഴായിരുന്നു ഗവർണറുടെ പ്രതികരണം. ''ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഒരു ദിവസം വിളിച്ച് എന്നെ കാണണമെന്ന് അഭ്യർഥിച്ചു. സെലക്ഷൻ കമ്മിറ്റിയിൽ ഒരാളെ സിൻഡിക്കേറ്റും ഒരാളെ യു.ജി.സിയും ഒരാളെ ചാൻസലറും നാമനിർദേശം ചെയ്യണമെന്നാണ് ചട്ടം. എന്നാൽ, ചാൻസലറുടെ നോമിനിയെയും സർക്കാർ നാമനിർദേശം ചെയ്യലാണ് രീതി എന്നാണ് മന്ത്രി ബിന്ദു പറഞ്ഞത്.
സെലക്ഷൻ കമ്മിറ്റിയിൽ എെൻറ നോമിനിയായി അവർ പറയുന്നയാളെ ഞാൻ നാമനിർദേശം ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അത്തരമൊരു രീതി ഇല്ലെന്നും ഇനി ഉണ്ടെങ്കിൽ അത് ഇല്ലാതാക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഞാൻ ഉത്തരം നൽകി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ച് എനിക്ക് ആശങ്കയുണ്ട്.
അതു താഴേക്കു വരുകയാണ്. സർവകലാശാല നടത്തൽ എെൻറ പണിയല്ല. ഭരണം നിയമപരമാണോ എന്നു നോക്കലാണ് ഭരണഘടനപരമായ ഉത്തരവാദിത്തം'' -ഗവർണർ കൂട്ടിച്ചേർത്തു.
ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ചും യു.ജി.സി മാനദണ്ഡങ്ങള്‍ മറികടന്നുമുള്ള വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. ആരോപണവിധേയമായ എല്ലാ നിയമനങ്ങളും റദ്ദാക്കണം. കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനം ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷം നേരത്തെ ചൂണ്ടിക്കാട്ടിയതാണ്.
സര്‍ക്കാറിെൻറ നിർദേശം അംഗീകരിച്ച ഗവര്‍ണറുടെ നടപടിയും നിയമവിരുദ്ധമാണ്. ഗവര്‍ണര്‍ ഇപ്പോഴെങ്കിലും തെറ്റ് മനസ്സിലാക്കിയതില്‍ സന്തോഷമുണ്ട്. കാലടി വി.സി നിയമനത്തിൽ പാനലിന് പകരം ഒറ്റപ്പേര് നല്കിയ സെര്‍ച് കമ്മിറ്റി നടപടി പൂര്‍ണമായും തെറ്റാണ്. ഒറ്റപ്പേര് മതിയെന്ന് ഗവര്‍ണര്‍ സമ്മതിച്ചുവെങ്കില്‍ അതിനും ന്യായീകരണമില്ല. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള തര്‍ക്കം പ്രതിപക്ഷത്തിെൻറ വിഷയമല്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.