തിരുവനന്തപുരം: ഗുജറാത്ത് മോഡൽ ഭരണനിർവഹണം പഠിക്കാൻ കേരളം ഒരുങ്ങിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും അടുത്തിടെ നടത്തിയ കൂടിക്കാഴ്ചക്കൊടുവിൽ. കൂടിക്കാഴ്ചക്ക് ശേഷം കേരളത്തിലെത്തിയ മുഖ്യമന്ത്രി സംവിധാനം പഠിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സന്ദർശനം.
ഗുജറാത്തിലെ ഇ-ഗവേണൻസിനുള്ള ഡാഷ് ബോർഡ് സംവിധാനം പഠിക്കാൻ ചീഫ് സെക്രട്ടറി വി.പി. ജോയ് ഉൾപ്പെട്ട രണ്ടംഗ സംഘം മൂന്നു ദിവസ സന്ദർനത്തിനാണ് പോയത്. ചീഫ് സെക്രട്ടറിയുടെ ഓഫിസിന്‍റെ ചുമതല വഹിക്കുന്ന സ്റ്റാഫ് ഓഫിസർ ഉമേഷ് എൻ.എസ് ആണു സംഘത്തിലെ രണ്ടാമൻ.
വിജയ് രൂപാണി മുഖ്യമന്ത്രിയായിരിക്കെ 2019 ൽ ഗുജറാത്തിൽ ആരംഭിച്ച ഡാഷ് ബോർഡ് സംവിധാനമാണ് കേരളം പഠിക്കുന്നത്. സർക്കാറിന്‍റെ പദ്ധതി നടത്തിപ്പും വകുപ്പുകളുടെ പ്രവർത്തനവും മുഖ്യമന്ത്രിയുടെ വിരൽത്തുമ്പിൽ തത്സമയം വിലയിരുത്താനാകുമെന്നതാണ് ഈ സംവിധാനത്തിന്‍റെ പ്രത്യേകത.
ഡേറ്റ ബേസ് ഉണ്ടാക്കിയുള്ള സി.എം ഡാഷ് ബോർഡ് വഴി ദിവസവും വകുപ്പുകളുടെ പ്രകടനം അവലോകനം ചെയ്യാം. ഓരോ വകുപ്പിനും സ്റ്റാർ റേറ്റിങ്ങും നൽകാം. ആരോഗ്യകരമായ മത്സരം സിവിൽ സർവിസ് രംഗത്തു കൊണ്ടുവരാനാകുമെന്നാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.
വ്യാഴാഴ്ച അഹ്മദാബാദിൽ ഗുജറാത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം ഒരാഴ്ചക്കുള്ളില്‍ സർക്കാറിന് ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകും. ഉദ്യോഗസ്ഥർക്ക് മാർക്കിട്ട് പ്രവർത്തനം വിലയിരുത്താൻ ഒരുങ്ങുന്ന കേരളം ഇനി ഗുജറാത്ത് ഡാഷ് ബോർഡ് കൂടി മാതൃകയാക്കുമെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.
ഗുജറാത്ത് മോഡൽ ഭരണനിർവഹണം പഠിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ പല കോണുകളിൽനിന്നും ആക്ഷേപം ഉയർന്നു കഴിഞ്ഞു. സർക്കാർ നീക്കത്തെ അഭിനന്ദിച്ച് ബി.ജെ.പി നേതൃത്വം രംഗത്തെത്തി. ഗുജറാത്ത് മോഡൽ മികച്ചതാണെന്ന് അംഗീകരിക്കാൻ ഇനിയെങ്കിലും സംസ്ഥാന സർക്കാർ തയാറാകണമെന്നു പാർട്ടി ആവശ്യപ്പെട്ടു.
ഗുജറാത്ത് മോഡലുമായി ബന്ധപ്പെട്ട് പണ്ട് പലതരം വിവാദങ്ങളുമുണ്ടായിട്ടുണ്ട്. 2013ല്‍ യു.ഡി.എഫ് ഭരണകാലത്ത് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതും വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്തതും വലിയ വിവാദമായിരുന്നു. ഗുജറാത്തില്‍നിന്ന് കേരളത്തിന് ഒന്നും മാതൃകയാക്കേണ്ടതില്ല എന്നാണ് അന്ന് എൽ.ഡി.എഫ് നേതൃത്വം പറഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.