മലപ്പുറം: യൂറോ കപ്പും കോപ്പ അമേരിക്കയും വാതിൽപ്പടിയിലെത്തി നിൽക്കുന്നു. കോവിഡ് മഹാമാരിക്കാലത്ത് ആവേശത്തിന് കുറവില്ലെങ്കിലും സമൂഹ മാധ്യമങ്ങളിലേക്ക് ഒതുങ്ങിയിട്ടുണ്ടെന്ന് മാത്രം. ലോക്ഡൗണായതിനാൽ കളി കാണാനും ഉറങ്ങാനുമൊക്കെ സമയം കിട്ടുമെന്ന സന്തോഷത്തിൽ ഫുട്ബാൾ പ്രേമികൾ.
ഫ്ലക്സുകളും വിവിധ രാജ്യങ്ങളുടെ പതാകകളും തോരണങ്ങളും തൂക്കിയുള്ള നാട്ടിൻപുറങ്ങളിലെ ആഘോഷം ഇക്കുറി കാണാനില്ല. വിവിധ സംസ്ഥാനങ്ങളുടെ സന്തോഷ് ട്രോഫി സംഘങ്ങൾക്കും ഡിപ്പാർട്ട്മെൻറൽ ടീമുകൾക്കും തൊട്ട് അന്താരാഷ്ട്ര ജഴ്സി വരെ അണിഞ്ഞ കൂട്ടുകാരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ട്. 'ക്ലോസ് റ്റു ഹാർട്ട്' ഗ്രൂപ്പിലെ ഒമ്പതുപേരും ഓൺലൈനിൽ വന്നാൽ പിന്നെ ഇഷ്ട ടീമുകളെക്കുറിച്ച് തള്ളിമറിക്കലാണ്.
അനസിന് സ്പെയിൻ വിട്ട് കളിയില്ല
നിരവധി മത്സരങ്ങളിൽ രാജ്യത്തിെൻറ പ്രതിരോധം കാത്ത സൂപ്പർ താരമാണെങ്കിലും ചങ്കുകളുടെ ഗ്രൂപ്പിൽ വന്നാൽ അനസിലെ നാട്ടിൻപുറത്തുകാരൻ പുറത്തുചാടും. യൂറോയിൽ ഫ്രാൻസായിരിക്കും രാജാക്കന്മാരെന്ന് അധികം പേരും പറയുമ്പോഴും സ്പെയിനിനോടുള്ള ഇഷ്ടം അനസ് സ്ഥാപിച്ചെടുത്ത് ഉറപ്പിച്ചുപറയുന്നു കപ്പ് മറ്റാർക്കുമില്ലെന്ന്. കോപ്പയിൽ ബ്രസീൽ കപ്പടിക്കുമെന്നും പറയുന്നു. കേരളത്തിെൻറ ഗോൾവല കാത്ത പി.കെ. നസീബിന് യൂറോപ്പിനേക്കാൾ ഇഷ്ടം ലാറ്റിനമേരിക്കൻ ശൈലിയാണ്. ലോകകപ്പ് ക്വാളിഫയറിൽ മികച്ച ഫോമിൽ നിൽക്കുന്ന ബ്രസീൽത്തന്നെ കപ്പ് നേടും. യൂറോയിൽ സാധ്യത ഫ്രാൻസിനാണെന്ന് നസീബ് പറഞ്ഞതിന് സന്തോഷ് ട്രോഫി മുൻ താരമായ ടി. ഫൈസലും ചേർന്ന് നിൽക്കുന്നു. ഒ.കെ. ജാവീദിന് അന്നും ഇന്നും എന്നും ഒരു ടീമേയുള്ളൂ, അത് ബ്രസീലാണ്. യൂറോപ്പിൽ ഇറ്റലിയുടെ കളിയോടാണ് കമ്പമെങ്കിലും ജയിക്കുമെന്ന് പറയാനില്ല. ഫ്രാൻസിന് കുറച്ചുകൂടി സാധ്യത.
കാണികളില്ലെങ്കിൽ കളത്തിൽ ആവേശമില്ലെന്ന് ഫിറോസ്
ഏത് ചെറിയ ടീമിനെയും ആവേശം കയറ്റി കളി ജയിപ്പിക്കാനുള്ള മാജിക്ക് ഗാലറിയിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് കേരള പൊലീസ് സ്ട്രൈക്കറായ ഫിറോസ് കളത്തിങ്ങൽ. വലിയൊരു ഊർജമാണതെന്നാണ് അനുഭവം. ക്ഷീണം മറന്ന് കളിക്കും താരങ്ങൾ. കോവിഡ് എല്ലാം തകിടം മറിച്ചു. യൂറോ കപ്പിൽ ഇഷ്ട ടീം പോർച്ചുഗലാണ്. ഫ്രാൻസിനും ഫിറോസ് സാധ്യത കാണുന്നു. ലയണൽ മെസ്സിയാണ് ഇഷ്ടതാരമെങ്കിലും കോപ്പയിൽ അർജൻറീനയേക്കാൾ ഇരട്ടി ചാൻസ് ബ്രസീലിനാണ്. നെയ്മറെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ഇഷ്ടപ്പെടുന്ന കെ.എസ്.ഇ.ബിയുടെ അഹമ്മദ് മാലിക്കിന് കോപ്പയിൽ ബ്രസീലും യൂറോയിൽ പോർചുഗലും ജേതാക്കളാകുമെന്ന കാര്യത്തിൽ സംശയമേതുമില്ല. സതേൺ റെയിൽവേയുടെ സിറാജുദ്ദീൻ ചെമ്മിളി ഇത് രണ്ടും ഖണ്ഡിച്ചു. മാലിക്കിെൻറ പൂതി മനസ്സിൽ വെച്ചാൽ മതിയെന്നും യൂറോയിൽ ഫ്രാൻസും കോപ്പയിൽ ചിലിയും ചിരിക്കുമെന്ന് സിറാജ്. ലൂയിസ് ഫിഗോയുടെ കാലത്ത് സിറാജിന് പോർചുഗലിനെ ഇഷ്ടമായിരുന്നു പോലും.
സൗദിയിൽ കാര്യങ്ങൾ 'പെർഫെക്റ്റ് ഓകെ'
കൂട്ടത്തിൽ അബ്ദു റഊഫ് ഇപ്പോൾ സൗദിയിലാണ്. നാട്ടിലെ ആരവവും ക്ലബ്ബിലിരുന്ന് കളി കാണലുമൊക്കെ മിസ് ചെയ്യുന്നുണ്ടെങ്കിലും സൗദിയിൽ കടുത്ത നിയന്ത്രണങ്ങൾ ഇല്ലെന്ന സന്തോഷത്തിലാണ് പുള്ളി.
നാട്ടിലുള്ളവർ വീട്ടിലിരിക്കട്ടെയെന്നും തനിക്ക് ഇവിടെ ക്ലബ്ബിലിരുന്ന് കളി കാണാമെന്നും റഊഫ്. മലയാളികൾ മനസ്സ് മരവിച്ച അവസ്ഥയിലാണെന്ന് ഏജീസ് താരം കെ.കെ സലീൽ.
പുറത്തിറങ്ങി സെലബ്രേറ്റ് ചെയ്യാൻ കഴിയില്ലെങ്കിലും ഫുട്ബാൾ ഫാൻ എക്കാലത്തും അങ്ങിനെയായിരിക്കും. ഫ്രാൻസ് മികച്ച ടീമാണെങ്കിലും താൽപ്പര്യം ബെൽജിയത്തോടാണ്. ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിലൊരാളായ ഡീ ബ്രൂയിനും ഈഡൻ ഹസാർഡും ലുക്കാക്കുവുമൊക്കെ ചേർന്നാൽ അദ്ഭുതങ്ങൾ പിറക്കും. മെസ്സിയെന്ന സൂര്യന് ചുറ്റുമായിരിക്കും അർജൻറീന. റിട്ടയർമെൻറ് വക്കിൽ നിൽക്കുന്ന മെസ്സിക്കൊരു കപ്പെന്നത് വലിയ ആഗ്രഹമാണ്. പക്ഷെ സാധ്യത കാണുന്നത് ബ്രസീലിന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.