കൊച്ചി: മസാല ബോണ്ട് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ മുൻ ധന മന്ത്രി തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് നൽകുന്നത് രണ്ട് മാസത്തേക്ക് തടഞ്ഞ് ഹൈകോടതി. ഇ.ഡി നൽകിയ സമൻസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജികളിലാണ് തോമസ് ഐസക്, കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം, ജോയന്റ് ഫണ്ട് മാനേജർ ആനി ജൂലി തോമസ് എന്നിവർക്ക് സമൻസ് അയക്കുന്നത് ജസ്റ്റിസ് വി.ജി. അരുൺ ഇടക്കാല ഉത്തരവിലൂടെ തടഞ്ഞത്.
ഹരജിക്കാരെ ഇ.ഡി തുടർച്ചയായി വിളിപ്പിക്കുന്നതിൽ യാതൊരു ന്യായീകരണവുമില്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്. അതേസമയം, ഇ.ഡിയുടെ അന്വേഷണം വിലക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കിഫ്ബി മസാല ബോണ്ട് പുറപ്പെടുവിച്ചതിൽ വിദേശ നാണ്യ വിനിമയച്ചട്ടത്തിന്റെ ലംഘനം (ഫെമ) നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിന്റെ പേരിൽ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു മൂന്ന് പേരുടെയും ഹരജി. റിസർവ് ബാങ്ക് വിദേശനാണയ വിഭാഗം ചീഫ് ജനറൽ മാനേജറെ സ്വമേധയ കക്ഷിചേർത്ത കോടതി ഹരജി നവംബർ 15ന് പരിഗണിക്കാനായി മാറ്റി. റിസർവ് ബാങ്ക് ചീഫ് ജനറൽ മാനേജർക്ക് സ്പീഡ് പോസ്റ്റ് വഴി നോട്ടീസ് അയക്കാൻ രജിസ്ട്രറിക്ക് നിർദേശവും നൽകി. റിസർവ് ബാങ്കിന്റെയടക്കം വാദംകേട്ട ശേഷമായിരിക്കും അന്തിമവിധി.
മസാലബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് വിദേശനാണ്യവിനിമയചട്ട ലംഘനം നടന്നിട്ടുണ്ടെന്നായിരുന്നു ഇ.ഡിയുടെ വാദം. സമാഹരിച്ച തുക റിയൽ എസ്റ്റേറ്റ് ബിസിനസിൽ വകമാറ്റി ചെലവഴിച്ചോയെന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നതെന്നും ഇ.ഡി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.