കൊച്ചി: കോടതി കക്ഷികൾക്ക് വാട്സ്ആപ്പിലൂടെ സമൻസ് അയക്കുന്നത് നിയമപരമായ നടപടിക്രമമല്ലെന്ന് ഹൈകോടതി. പൊലീസ് ഉദ്യോഗസ്ഥൻ മുഖേന സമൻസ് നൽകണമെന്നാണ് ക്രിമിനൽ നടപടിചട്ടത്തിലെ വ്യവസ്ഥ. സമൻസ് നൽകാൻ ആധുനികരീതികൾ പലതും ഏർപ്പെടുത്തി മാറ്റങ്ങൾ നടപ്പാക്കുന്നുണ്ടെങ്കിലും വാട്സ്ആപ്പ് മുഖേന സമൻസ് നൽകുന്ന രീതി നിയമപരമാക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് വി.ജി. അരുണിെൻറ നിരീക്ഷണം.
വാട്സ്ആപ്പ് മുഖേന സമൻസ് നൽകിയിട്ടും ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം അഡീഷനൽ സി.ജെ.എം കോടതി തനിക്കെതിരെ ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിച്ചത് ചോദ്യം ചെയ്ത് മുൻ മന്ത്രിയും എം.എൽ.എയുമായ അനൂപ് ജേക്കബ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സമരം ചെയ്ത കേസിൽ ഹാജരാകാൻ ജനപ്രതിനിധികൾക്കെതിരായ കേസുകളുടെ വിചാരണച്ചുമതലയുള്ള അഡീഷനൽ സി.ജെ.എം കോടതി അനൂപ് ജേക്കബിന് വാട്സ്ആപ്പ് മുഖേന സമൻസ് നൽകിയിരുന്നു.
ഇതനുസരിച്ച് ഹാജരായില്ലെന്ന് വ്യക്തമാക്കിയാണ് ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിച്ചത്. എന്നാൽ, ഫോണിൽ വാട്സ്ആപ്പ് ഡൗൺലോഡ് ചെയ്തിട്ടില്ലെന്നും കോടതിയുടെ സമൻസ് തനിക്ക് ലഭിച്ചില്ലെന്നുമാണ് അനൂപ് ജേക്കബിെൻറ വാദം.
ആശയവിനിമയത്തിലെ വിപ്ലവകരമായ മാറ്റം സമൻസ് അയക്കുന്നതിലും അനിവാര്യമാണെങ്കിലും വാട്സ്ആപ്പിലൂടെ സമൻസ് അയച്ചത് നിയമപരമല്ലെന്ന് സിംഗിൾ ബെഞ്ച് വിലയിരുത്തി. തുടർന്ന് ജാമ്യമില്ലാ വാറൻറ്് നാലാഴ്ചത്തേക്ക് മരവിപ്പിച്ചു. ഇക്കാലയളവിൽ ഹരജിക്കാരന് സമൻസ് പ്രകാരം കോടതിയിൽ ഹാജരായി ജാമ്യമെടുക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.