കൊച്ചി: ഉത്സവകാലത്ത് ആനകളെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടു പോകുന്നതിനിടെ മതിയായ വിശ്രമം നൽകണമെന്ന് ഹൈകോടതി. ഉത്സവകാലത്ത് ഒരു ക്ഷേത്രത്തിൽനിന്ന് മറ്റൊരു ക്ഷേത്രത്തിലേക്ക് ആനകളെ കൊണ്ടുപേകുന്നത് പലപ്പോഴും മതിയായ വിശ്രമം നൽകാതെയാണ്. ഇത് അവയുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്.
ആന അക്രമകാരികളായി മാറാൻ കാരണം ഇത്തരം സാഹചര്യങ്ങളാണ്. ഇത്തരം യാത്രക്കിടെ വേണ്ടത്ര വിശ്രമം അനുവദിക്കുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്നാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
എഴുന്നള്ളത്തിനും മറ്റും ഉപയോഗിക്കുന്ന ആനകൾക്ക് ശരീരത്തിലെ ചൂടു കുറക്കാൻ ക്ഷേത്രങ്ങളിൽ വലിയ ടാങ്കുകൾ നിർമിക്കണമെന്നാവശ്യപ്പെട്ട് സൊസൈറ്റി ഫോർ എലഫന്റ് വെൽഫെയർ എന്ന സംഘടന നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹോസുപയോഗിച്ചു പൈപ്പിൽനിന്ന് വെള്ളം തളിക്കുന്ന ഇപ്പോഴത്തെ രീതി മതിയായതല്ല.
തമിഴ്‌നാട്ടിൽ ആനകൾക്കായി പത്തു മീറ്റർ വീതം നീളവും വീതിയും ഒന്നര മുതൽ രണ്ടു മീറ്റർ വരെ ആഴവുമുള്ള ടാങ്കുകൾ നിർമിക്കണമെന്ന് ചട്ടമുണ്ട്. മൂന്നു മണിക്കൂറെങ്കിലും ആനകളെ ഇതിൽ കുളിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇത്തരമൊരു ചട്ടം കേരളത്തിലില്ല. ഈ സാഹചര്യത്തിൽ വിഷയത്തിൽ ഹൈകോടതി ഇടപെടണമെന്നാണ് ഹരജിയിലെ ആവശ്യം.
എതിർകക്ഷികളായ സർക്കാറിനും തിരുവിതാംകൂർ -കൊച്ചി -മലബാർ -ഗുരുവായൂർ ദേവസ്വം ബോർഡുകൾക്കും നോട്ടീസ് നൽകാനും കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.