കൽപറ്റ: എന്റെ പണം തിരിച്ചുതന്നില്ലെങ്കിൽ ബ്രഹ്മഗിരിയുടെ ഓഫിസിന് മുന്നിൽ കുടുംബത്തോടെ ആത്മഹത്യ ചെയ്യുകയല്ലാതെ വേറെ മാർഗമില്ല. 12 വർഷം മരുഭൂമിയിൽ കഷ്ടപ്പെട്ടും ഭൂമിവിറ്റും സ്വരൂപിച്ച 41 ലക്ഷം രൂപ സി.പി.എം നിയന്ത്രണത്തിലുള്ള വയനാട് ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിൽ നിക്ഷേപിച്ച പുൽപള്ളി സ്വദേശിയായ ആൻസിയുടെ വാക്കുകളാണിത്.
തന്റെയും ഭർത്താവിന്റെയും മരുന്നിനും മകളുടെ വിദ്യാഭ്യാസത്തിനും നിത്യച്ചെലവിനും വകയില്ലാതെ ജീവിതം മുന്നോട്ടുപോകാത്ത സാഹര്യത്തിൽ ആത്മഹത്യയല്ലാതെ തന്റെ മുന്നിൽ മറ്റൊരു മാർഗവുമില്ലെന്നും പലവട്ടം ബന്ധപ്പെട്ടവരുടെ കാലിൽ വീണ് പറഞ്ഞിട്ടും കൃത്യമായ മറുപടിപോലുമുണ്ടായില്ലെന്നും ഇവർ പറയുന്നു. ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ച് ഒരുവർഷമായി പലിശപോലും ലഭിക്കാതെ കണ്ണീരിലായ അറുനൂറോളം നിക്ഷേപകരിൽ ഒരാളാണ് ആൻസി.
2004 മുതൽ സൗദിയിൽ നഴ്സായിരുന്ന ആൻസി, ഭർത്താവ് അപകടത്തിൽപെട്ട് വീൽചെയറിലായതിനെ തുടർന്നാണ് 2016ൽ നാട്ടിലേക്ക് തിരിച്ചത്. അതോടൊപ്പം നിരവധി രോഗങ്ങളും ആൻസിയെ പിടികൂടിയിരുന്നു. സർജറികൾ പലതുകഴിഞ്ഞതോടെ ജോലിക്കുപോലും പോകാൻപറ്റാത്ത അവസ്ഥയിലായി.
അതിനിടയിലാണ് സുഹൃത്ത് മുഖേനെ ബ്രഹ്മഗിരിയിൽ നിക്ഷേപത്തിന് 10.5 ശതമാനം പലിശ ലഭിക്കുമെന്ന് അറിഞ്ഞ് തിരുവമ്പാടി സഹകരണ ബാങ്കിലുള്ള ജീവിതസമ്പാദ്യമായ 30 ലക്ഷം പിൻവലിച്ച് 2021 ഒക്ടോബറിൽ സൊസൈറ്റിയിൽ നിക്ഷേപിക്കുന്നത്.
ഒരു വർഷം വരെ പലിശ മുടങ്ങാതെ കിട്ടിയതോടെ മരുന്നുകളും മകളുടെ മെഡിസിൻ പഠനവുമൊക്കെ കുഴപ്പമില്ലാതെ പോയി. പിന്നീട് ഭൂമി വിറ്റ വകയിൽ പുൽപള്ളി സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന 11 ലക്ഷം കൂടി 2022 ജൂണിൽ സൊസൈറ്റിയിൽ നിക്ഷേപിച്ചു.
ആസമയത്ത് ബ്രഹ്മഗിരി പ്രതിസന്ധി നേരിടുകയാണെന്ന വിവരം ഇവർ അറിഞ്ഞിരുന്നില്ല. പിന്നീടിങ്ങോട്ട് നിക്ഷേപത്തിന്റെ പലിശ കിട്ടാതെയായതോടെയാണ് മറ്റൊരു വരുമാനവുമില്ലാത്ത ഇവരുടെ കുടുംബം പ്രതിസന്ധിയിലായത്. ഭർത്താവ് മാനസിക സമ്മർദമേറി സ്ട്രോക്ക് വന്ന് കിടപ്പിലാവുകയും ചെയ്തു. മകളുടെ മെഡിസിൻ പഠനവും പ്രതിസന്ധിയിലായി. പലവട്ടം സൊസൈറ്റി ചെയർമാനെയും സി.ഇ.ഒയെയും സമീപിച്ചു.
ആദ്യമൊക്കെ ഉടൻ ശരിയാക്കാമെന്ന മറുപടിയായിരുന്നെങ്കിലും പിന്നീട് ഫോൺപോലും എടുക്കാതായെന്ന് ആൻസി പറയുന്നു. 68 കോടിയോളം രൂപയാണ് ബ്രഹ്മഗിരി ഡെവലപ്മന്റെ് സൊസൈറ്റി നിക്ഷേപകർക്ക് മാത്രം നൽകാനുള്ളത്. നിലവിൽ 88 കോടി രൂപയുടെ ബാധ്യതയാണ് സൊസൈറ്റിക്ക് ഉള്ളത്.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ സി.പി.എമ്മിനെ വെട്ടിലാക്കിയ വയനാട് ബ്രഹ്മഗിരി സൊസൈറ്റിയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ചർച്ചകൾ വഴിമുട്ടിയതോടെ നിക്ഷേപകർ പ്രത്യക്ഷ സമരത്തിനിറങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.