തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ രാത്രി ജോലികഴിഞ്ഞു വീട്ടിലേക്കു പോകാനായി സവാരി വിളിച്ച വീട്ടമ്മയെ ഓട്ടോറിക്ഷ ഡ്രൈവർ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചു. അതിക്രമത്തിന് ഇരയായി ഓട്ടോയിൽനിന്ന് ഇറങ്ങി ഓടിയ യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി. നിരവധി ക്രിമിനൽ കേസിലെ പ്രതിയും ഓട്ടോ ഡ്രൈവറും കമലേശ്വരം സ്വദേശിയുമായ മുഹമ്മദ് ജിയാസിനെ (33) ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. നഗരത്തിൽ കച്ചവടം നടത്തുന്ന യുവതി രാത്രി 10.45 ന് ജോലി കഴിഞ്ഞ് അട്ടക്കുളങ്ങരയിൽനിന്ന് വീട്ടിലേക്ക് പോകാനായാണ് ഓട്ടോയിൽ കയറിയത്. കുറേ ദൂരം പിന്നിട്ടതോടെ ഇയാൾ പിൻസീറ്റിലെ ഇരുവശവും ഷീറ്റ് കൊണ്ട് അടച്ചു. പിന്നീട് അശ്ലീലചുവയോടെ സംസാരിക്കാൻ തുടങ്ങി. ഇയാൾ മദ്യലഹരിയിൽ ആയിരുന്നതിനാൽ യുവതി പേടിച്ച് മിണ്ടിയില്ല. ഇറങ്ങേണ്ട സ്ഥലമെത്തിയിട്ടും ഓട്ടോ നിർത്തിയില്ല.
ബഹളം വെച്ചതോടെ മുട്ടത്തറയിലെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വധഭീഷണിമുഴക്കിയ ഇയാൾ വീണ്ടും ഇവരെ ബീമാപള്ളി ഭാഗത്തെ ലോഡ്ജിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. ഇതിനിടെ യുവതി ഒരുതവണ ഓട്ടോയിൽനിന്ന് ഇറങ്ങിയോടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ പിന്തുടർന്ന് പിടികൂടി ഓട്ടോയിലേക്ക് വലിച്ചുകയറ്റി. വഴിയിൽ ബീമാപള്ളി പള്ളിക്ക് സമീപം സ്ഥാപനത്തിലെ സുരക്ഷാജീവനക്കാരെ കണ്ട യുവതി ബഹളം വെച്ചു. സെക്യൂരിറ്റി ജീവനക്കാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇതിനിടെ ജിയാസ് ഓട്ടോയിൽ രക്ഷപ്പെട്ടു. നാട്ടുകാർ മറ്റൊരു ഓട്ടോ വിളിച്ച് യുവതിയെ ജനറൽ ആശുപത്രിയിലേക്കയച്ചു. ഞായറാഴ്ച രാവിലെയാണ് ജിയാസ് അറസ്റ്റിലായത്. തിരുവല്ലം, തമ്പാനൂർ, ഫോർട്ട്, വട്ടപ്പാറ, വിളപ്പിൽശാല, നെടുമങ്ങാട് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ പോക്സോ അടക്കം പത്തോളം ക്രിമിനൽ കേസ് ഉണ്ട്. അമിത മദ്യലഹരിയിലായിരുന്ന ഇയാൾ മയക്കുമരുന്നിനും അടിമയാണ്. മണിക്കൂറുകൾക്ക് മുമ്പ് ജിയാസ് മറ്റൊരു സ്ത്രീയോടും അപമര്യാദയായി പെരുമാറിയതായി പരാതിയുണ്ട്. . കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.